വീട്ടുകാർ വഴക്കുപറഞ്ഞതിന് നാടുവിടാനിറങ്ങിയ പതിനഞ്ചുകാരനും കൂട്ടാളികളും പിടിയിൽ
Mail This Article
പന്തളം ∙ വീട്ടുകാർ വഴക്കുപറഞ്ഞതിനു പിണങ്ങി രണ്ട് സുഹൃത്തുക്കൾക്കൊപ്പം നാടുവിടാനിറങ്ങിയ പതിനഞ്ചുകാരനെയും സുഹൃത്തുക്കളെയും പൊലീസ് കണ്ടെത്തി. ഓഫ് ചെയ്തിരുന്ന ഇവരിലൊരാളുടെ ഫോൺ ഇടയ്ക്ക് കൂട്ടുകാരനെ വിളിക്കാനായി ഓൺ ചെയ്തപ്പോൾ ലൊക്കേഷൻ മനസ്സിലാക്കിയാണു കുട്ടികളെ കണ്ടെത്തിയത്.
ബുധൻ വൈകിട്ട് 5.30ഓടെയാണ്, സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ഇവർ പുറപ്പെട്ടത്. പതിനഞ്ചുകാരൻ കൂട്ടുകാർക്കൊപ്പം കുടശനാട്ടേക്കുള്ള ബസിൽ കയറുന്നത് ഇയാളുടെ അമ്മ കണ്ടിരുന്നു. ചോദിച്ചപ്പോൾ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് വാങ്ങാൻ പോകുന്നുവെന്നായിരുന്നു മറുപടി. എറണാകുളത്തേക്കു പോകാനായിരുന്നു ഇവരുടെ ഉദ്ദേശ്യം.
എന്നാൽ, ആവശ്യത്തിനുള്ള പണമുണ്ടായിരുന്നില്ല. പതിനഞ്ചുകാരന്റെ അമ്മയുടെ പരാതിയിൽ പിന്നീട് പൊലീസ് കേസെടുത്തു. ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നിർദേശപ്രകാരം എസ്ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വ്യാപക തിരച്ചിൽ നടത്തി.
ഇന്നലെ രാവിലെ കൂട്ടത്തിലൊരാൾ ഫോൺ ഓൺ ആക്കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കുരമ്പാലയിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. സിപിഒമാരായ എസ്.അൻവർഷ, കെ.അമീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അടൂർ ജെഎഫ്എം കോടതിയിൽ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.