വലിയ വളവ്, അവിടെയൊരു ഹംപ്; കാത്തുനിന്ന് അപകടം

Mail This Article
വടശേരിക്കര ∙ വാഹന യാത്രക്കാർക്കു കെണിയായി മാറുകയാണു ചമ്പോൺ വലിയ വളവിലെ ഹംപുകൾ. ഇരുചക്ര വാഹന യാത്രക്കാർ തുടരെ വീഴുമ്പോഴും സുരക്ഷ ഉറപ്പാക്കാൻ ദേശീയ ഹൈവേ വിഭാഗവും റോഡ് സുരക്ഷ അതോറിറ്റിയും തയാറാകുന്നില്ല. മണ്ണാറക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല ഹൈവേയിലെ പ്രധാന വളവുകളിൽ ഒന്നാണിത്. ‘എസ്’ ആകൃതിയിൽ കിടക്കുന്ന വളവിന്റെ ഇരു ഭാഗത്തുമാണു ഹംപുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ വെള്ള വരകളിട്ടിട്ടുണ്ട്. എന്നാൽ ഹംപ് ഉണ്ടെന്ന മുന്നറിയിപ്പു നൽകുന്ന അടയാളം പേരിനു മാത്രമാണ്.
അതു യാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല. ശബരിമല ദർശനത്തിനായി പുറംനാടുകളിൽ നിന്ന് ആയിരക്കണക്കിനു തീർഥാടകരെത്താറുണ്ട്. അവരെയും വഹിച്ചെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു പാതയുടെ കിടപ്പിനെപ്പറ്റി വശമില്ല. ഹംപിൽ കയറിയ ശേഷമാകും ഇതേപ്പറ്റി അറിയുന്നത്. പിന്നീടു വാഹനം കുതിച്ചു ചാടുകയാണ്. വളവിന്റെ ഇരുവശങ്ങളിലും മധ്യത്തിലും റോഡ് സുരക്ഷ അതോറിറ്റി ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. മധ്യത്തിലുള്ള ലൈറ്റ് മാത്രമാണ് ഇപ്പോൾ കത്തുന്നത്. ഇതാരുടെയും ശ്രദ്ധയിൽപെടുന്നുമില്ല. ഹംപുകൾക്കു മുന്നിലായി മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്പുകൾ സ്ഥാപിക്കുകയാണു പരിഹാരം.