ADVERTISEMENT

പത്തനംതിട്ട ∙ ബജറ്റ് ടൂറിസം പദ്ധതിയിൽ ഗവി യാത്രയ്ക്കു കെഎസ്ആർടിസി ഈടാക്കുന്നത് വിനോദ സഞ്ചാര ബസുകളുടെ നിരക്ക്. സർവീസിനു നൽകുന്നത് 12 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ. വലിവ് ഇല്ലാത്ത ബസുകളിൽ ഏന്തി വലിഞ്ഞും കേടായി വഴിയിൽ കിടന്നുമുള്ള യാത്ര കഠിനമെന്ന അഭിപ്രായമാണ് യാത്രക്കാർക്ക്.

അയയ്ക്കുന്നത് ചെറിയ ബസ്

ഗവി റൂട്ടിൽ അപകട സാധ്യത ഏറെയുള്ള കൊടുംവളവും തിരിവും ഉള്ളതിനാൽ 35 സീറ്റിൽ താഴെയുള്ള ചെറിയ ബസ് മാത്രമാണ് അയയ്ക്കാറുള്ളത്. പത്തനംതിട്ട ഡിപ്പോയിൽ ഇതിനായി 5 ചെറിയ ബസ് ഉണ്ട്. ആർഎൻസി–869, ആർഎസ്‌സി–83 എന്നിവയാണ് ഷെഡ്യൂൾ ബസുകൾ. ആർഎസി 497, ആർഎൻസി 496, ഗ്രാമവണ്ടി ആർഎ‌സി 525 എന്നിവയാണ് ബജറ്റ് ടൂറിസത്തിനുള്ളത്.

ഈ ബസുകളെല്ലാം 12 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. ആർഎൻസി 869, ആർഎസ്‌സി–83 എന്നിവ 13 ലക്ഷം കിലോമീറ്ററിൽ കൂടുതൽ ഓടിയവയാണ്. മറ്റുള്ള 12 ലക്ഷം കിലോമീറ്ററിനു മുകളിലായി. പുതിയ ബസ് ഇല്ലാത്തതിനാൽ ബജറ്റ് ടൂറിസം യാത്രയ്ക്കും ഈ ബസുകളാണ് നൽകുന്നത്. 10 ലക്ഷം കിലോമീറ്റർ കഴിഞ്ഞ ബസുകൾ കെഎസ്ആർടിസി നേരത്തെ ഉപേക്ഷിക്കുമായിരുന്നു. 8 വർഷമായി കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങുന്നില്ല. അതിനാൽ ബസുകളുടെ കാലാവധി നീട്ടിക്കൊടുത്താണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

കർണാടകയിൽ 8 ലക്ഷം കിലോമീറ്റർ കഴിഞ്ഞ ബസുകൾ കണ്ടം ചെയ്യുന്ന സ്ഥാനത്താണ് ഇവിടെ ഇങ്ങനെ. ഗവി ബസുകൾ സ്ഥിരമായി കേടായി വഴിയിൽ കിടക്കാൻ തുടങ്ങിയതോടെ ഉള്ളതിൽ നല്ല ബസുകൾ ബജറ്റ് ടൂറിസത്തിനു നൽകണമെന്നും ചീഫ് ഓഫിസിൽ നിന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. മറ്റു ഡിപ്പോകളിലും പുതിയ ബസ് ഇല്ല. ടൂറിസം പാക്കേജിന്റെ ഭാഗമായി 35 പേരിൽ അധികമായി വരുന്ന ഗ്രൂപ്പുകളിൽ പലരും മണിക്കൂറുകളോളം നിന്നു യാത്ര ചെയ്യേണ്ടി വരും.

പരിചയമുള്ള ഡ്രൈവർമാർ വേണം

വളവുകളിൽ പല സ്ഥലത്തും കാട്ടാനകളെ കാണാറുണ്ട്. പരിചയമില്ലാത്ത ഡ്രൈവർമാർ പോകുന്ന ദിവസങ്ങളിൽ ആനയ്ക്കു മുൻപിൽ പെടുന്നു. ഇതു കൂടി കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ഡിപ്പോയിൽ നിന്നുള്ള ഗവി ബജറ്റ് ടൂറിസം ബസുകൾ പത്തനംതിട്ട എത്തിയ ശേഷം ഇവിടത്തെ ബസിൽ യാത്രക്കാരെ കയറ്റി പോകാനാണ് ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശം. പരിചയമുള്ള പത്തനംതിട്ടയിലെ ഡ്രൈവർമാർ തന്നെ ഗവി റൂട്ടിൽ ബസുമായി പോകാനാണ് ഉത്തരവ്. ഇതിൽ പത്തനാപുരം ഡിപ്പോയ്ക്കു മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്.

സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിൽ നിന്നു ഫാസ്റ്റ് പാസഞ്ചർ ബസിലാണു മിക്കപ്പോഴും ഗവി ഉല്ലാസ യാത്രക്കാർ വരുന്നത്. ഇവിടെ എത്തിയ ശേഷം പഴഞ്ചൻ ഓർഡിനറി ബസിൽ കയറ്റിയാണു വിടുന്നത്. വലിയ കയറ്റം വരുന്ന ഭാഗത്ത് ഇഴഞ്ഞാണു പോകുന്നത്. മൂഴിയാർ മുതൽ ഗവി വരെ റോഡ് പൊട്ടിപ്പൊളിഞ്ഞു പൂർണമായും തകർന്നു കിടക്കുകയാണ്. 35 സീറ്റുള്ള ഷെഡ്യൂൾ ബസിൽ വെള്ളി, ശനി, ഞായർ, മറ്റ് അവധി ദിവസങ്ങൾ എന്നിവയിൽ നൂറിനു മുകളിൽ യാത്രക്കാരെ കയറ്റിയാണ് പോകുന്നത്. കഴിഞ്ഞ ദിവസം 110 യാത്രക്കാരെ കയറ്റി പോയ ബസ് പ്ലേറ്റ് ഒടിഞ്ഞ് വനത്തിൽ കിടന്നു.

ഷെഡ്യൂൾ ബസിൽ പത്തനംതിട്ട– ഗവി 110 രൂപയാണ് നിരക്ക്. ബജറ്റ് ടൂറിസം പദ്ധതിയിൽ 1400 രൂപയാണ് ഒരാളിൽ നിന്നു വാങ്ങുന്നത്. ബസ് ചാർജ്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് എന്നിവ ഉൾപ്പെടുത്തിയാണ് 1400 രൂപ വാങ്ങുന്നത്. കുറഞ്ഞ കാലത്തിനിടെ രണ്ടായിരത്തിലേറെ ട്രിപ്പുകളാണ് ഗവിയിലേക്ക് കെഎസ്ആർടിസി നടത്തിയത്.

English Summary:

Old KSRTC buses are causing issues for Gavi budget tourists. The dilapidated condition of the buses, combined with high fares and dangerous road conditions, leads to frequent complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com