ഇടവമാസ പൂജ പൂർത്തിയാക്കി ശബരിമല നട അടച്ചു

Mail This Article
ശബരിമല ∙ സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ ഇടവമാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. തന്ത്രി പൂജിച്ച് ചൈതന്യം നിറച്ച സഹസ്രകലശം ഇന്നലെ ഉച്ചപൂജയുടെ സ്നാന കാലത്താണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായാണ് ബ്രഹ്മകലശവും ഖണ്ഡബ്രഹ്മകലശവും ശ്രീകോവിലിൽ എത്തിച്ചത്. മലകയറിയെത്തിയ ഭക്തർ ശബരീശനെ പാടി സ്തുതിച്ചു നിൽക്കെ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ അയ്യപ്പ വിഗ്രഹത്തിൽ സഹസ്രകലശാഭിഷേകം നടത്തി.
ചടങ്ങുകൾ 45 മിനിറ്റ് നീണ്ടുനിന്നു. പിന്നീട് കളഭാഭിഷേകവും നടന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിഹിതനായി.രാത്രി അത്താഴപ്പൂജയ്ക്കു ശേഷം മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി. യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ചു ധ്യാനത്തിലാക്കി. ഇതിന് ശേഷമാണ് ഹരിവരാസനം ചൊല്ലി നട അടച്ചത്. ഇനി പ്രതിഷ്ഠാദിന ഉത്സവത്തിനായി ജൂൺ 4ന് വൈകിട്ട് 5ന് തുറക്കും. ജൂൺ അഞ്ചിനാണ് പ്രതിഷ്ഠാദിന പൂജകൾ. അന്നു രാത്രി നട അടയ്ക്കും.