ആകാശ ദുരന്തം: നോവോർമയായി രഞ്ജിത; ഞെട്ടൽ മാറാതെ സഹപാഠികൾ

Mail This Article
പന്തളം ∙ രഞ്ജിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണു നഴ്സിങ് പഠനകാലയളവിലെ സൗഹൃദത്തിന് ഇടവേളയിട്ടു 18 വർഷങ്ങൾ പിന്നിട്ടിട്ടും സഹപാഠികൾ. എൻഎസ്എസ് നഴ്സിങ് കോളജിലായിരുന്നു രഞ്ജിതയുടെ പഠനം. പഠനത്തിനൊപ്പം എല്ലാ കാര്യങ്ങളിലും രഞ്ജിത മികവ് പുലർത്തിയിരുന്നെന്നു കൂട്ടുകാർ ഓർക്കുന്നു. 2004-2007 കാലയളവിലെ 47 അംഗ ബാച്ചിലായിരുന്നു പന്തളത്തെ പഠനം. എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയോടു ചേർന്നുള്ള കോളജ് ഹോസ്റ്റലിൽ താമസിച്ചാണു പഠനം പൂർത്തിയാക്കിയത്.

ദുരന്ത വാർത്തയറിഞ്ഞതോടെ സങ്കടത്തോടെയാണ് കൂട്ടുകാരിയെ ഓർക്കുന്നതെന്ന് ഇതേ ബാച്ചിലെ സഹപാഠിയും മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്‌സുമായിരുന്ന അശ്വതി പറയുന്നു. ഒരു വർഷം ബോണ്ട് ചെയ്തപ്പോഴും ഇവർ ഒരുമിച്ചുണ്ടായിരുന്നു. പഠനം കഴിഞ്ഞ ശേഷവും സൗഹൃദം പുതുക്കി പോന്നു. കോഴഞ്ചേരിയിൽ ഗവ. ആശുപത്രിയിൽ ജോലിനോക്കുന്ന കാലത്തും അവധിയെടുത്ത് വിദേശത്തേക്ക് പോകുമ്പോഴും ഈ സൗഹൃദം തുടർന്നു. ഒരുവർഷം മുൻപ് രഞ്ജിതയുടെ മകന്റെ ചികിത്സാർഥം മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിയതാണു അവസാന കൂടിക്കാഴ്ചയെന്നും അശ്വതി ഓർക്കുന്നു.

മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു: സുരേഷ് ഗോപി
പുല്ലാട് ∙ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാത്രി 9നു ശേഷം രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ തലത്തിൽ തന്നെ കാര്യങ്ങൾ നീക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടർ എസ്.പ്രേംകൃഷ്ണനും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.
അനുശോചിച്ചു
അഹമ്മദാബാദ് വിമാനാപകടത്തിൽ പുല്ലാട് സ്വദേശിനി രഞ്ജിത മരണത്തിൽ മന്ത്രി വീണാ ജോർജ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോൺ കെ.മാത്യൂസ്, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി സുധീർ വഴിമുക്ക്, പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം സെക്രട്ടറി ബിജു ജേക്കബ് കൈതാരം എന്നിവർ അനുശോചിച്ചു.