ഏതുനിമിഷവും വീഴാവുന്ന ഒറ്റമുറിക്കൂരയിൽനിന്ന് കുച്ചിപ്പുഡി, നാടോടി നൃത്ത വേദിയിലെത്തിയ സജിത്ത് കണ്ണൻ

സജിത്ത് കണ്ണൻ
സജിത്ത് കണ്ണൻ

കോഴിക്കോട്∙ പനയോല മേഞ്ഞ ഒറ്റമുറി. മേൽക്കൂര ചോരാതിരിക്കാൻ നീലപ്പടുത വലിച്ചു കെട്ടിയിട്ടുണ്ട്. ചെത്തിത്തേയ്ക്കാത്ത ചെങ്കൽച്ചുമര്. ഈ മുറിയെ വീടെന്നു വിളിക്കാമെങ്കിൽ ഇവിടെനിന്നാണു സജിത്ത് കണ്ണൻ മത്സരിക്കാനെത്തിയത്. കോഴിക്കോട്ടേക്കു പുറപ്പെട്ടപ്പോൾ നെഞ്ചിൽ കയ്യമർത്തി അച്ഛൻ പ്രാർഥിച്ചു: ‘പോയി വാ മകനെ. നീ പോയി ജയിച്ചുവാ. മുച്ചിലോട്ടമ്മ നിനക്കു തുണയാവട്ടെ...’’ കാഞ്ഞങ്ങാട് കിഴക്കുംകര പൂങ്കാവനത്തിൽ ഗീതയുടെയും കുഞ്ഞിക്കണ്ണന്റെയും മകനാണു സജിത്ത്.

വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി. കുച്ചിപ്പുഡിയിലും നാടോടി നൃത്തത്തിലുമാണു മത്സരിച്ചത്. കാസർകോട് വെള്ളിക്കോത്തെ കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ കണ്ണൻ കോമരമാണു കുഞ്ഞിക്കണ്ണൻ. കാവിലെ ആചാരക്കാരനായതിനാൽ നാട്ടിൽനിന്നു മാറാനാവില്ല. അതിനാൽ മകനോടൊപ്പം വരാനായില്ല. കൂലിപ്പണിക്കാരനാണ്.

കാസർകോട് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സജിത്തിന്റെ വീട്.
കാസർകോട് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സജിത്തിന്റെ വീട്.

കുട്ടിക്കാലത്തു നൃത്തം ചെയ്യുന്നതുകണ്ട് നൃത്താധ്യാപകൻ ശ്രീലേഷാണു സജിത്തിനെ കലാലോകത്തേക്കു നയിച്ചത്.ശ്രീലേഷും 9 വർഷമായി കലാമണ്ഡലം വനജ രാജനും നൃത്തം പഠിപ്പിക്കുന്നു. നൃത്ത ഗുരുക്കന്മാരും സ്കൂളിലെ അധ്യാപകരും പിടിഎയുമാണു മത്സരത്തിനുള്ള ചെലവു വഹിച്ചത്. പ്രസാദ്, രാജേഷ് എന്നിവർ ചമയം, വസ്ത്രം എന്നിവ ഒരുക്കി. മികച്ച പ്രകടനം നടത്തി സജിത്ത് തിരികെപ്പോവുകയാണ്; അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS