തീക്കടൽ കടഞ്ഞ് തിരുമധുരം: പ്രളയം തകർത്ത തൃശൂർ പടിയൂരിൽനിന്നെത്തിയ ചവിട്ടുനാടക സംഘത്തിന് എ ഗ്രേഡ്

ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ എടത്തിരിഞ്ഞി എച്ച്ഡിപിഎസ്  ടീം.
ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ എടത്തിരിഞ്ഞി എച്ച്ഡിപിഎസ് ടീം.

കോഴിക്കോട് ∙ ദുരിതക്കടൽ നീന്തിക്കയറിയവരാണിവർ. 2018 ലെ മഹാപ്രളയം തകർത്ത തൃശൂർ പടിയൂർ പഞ്ചായത്തിലെ കുട്ടികൾ. അതിജീവനത്തിന്റെ മറുകര കണ്ട ഇവർ കലോത്സവ വേദിയിൽനിന്നു തിരിച്ചുപോകുന്നത് എ ഗ്രേഡോടെ. തൃശൂർ ഇരിങ്ങാലക്കുട ഉപജില്ലയിലെ എടത്തിരിഞ്ഞി ഹിന്ദു ധർമ പ്രകാശിനി സമാജം (എച്ച്ഡിപിഎസ്) ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണു മത്സരിക്കാനിറങ്ങിയ ആദ്യ വർഷംതന്നെ ചവിട്ടുനാടകത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി നാടിന്റെ അഭിമാനമായത്.

ഹയർ സെക്കൻഡറി വിഭാഗത്തിലും മികവറിയിക്കുന്ന പ്രകടനം നടത്തി. തീരദേശവാസികളും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും മാത്രമുള്ള  പടിയൂർ ഗ്രാമത്തിലെ  കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. പലരും ഒഴിവു സമയത്തു കൂലിപ്പണിക്കും മീൻപിടിത്തത്തിനും പോകും. പ്രളയത്തിൽ ഹരിപുരം ബണ്ട് പൊട്ടിയാണു ഗ്രാമം പൂർണമായി വെള്ളത്തിൽ മുങ്ങിയത്.  കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപായിരുന്നു എടത്തിരിഞ്ഞി എച്ച്ഡിപിഎസ്.കാര്യമായ സമ്പാദ്യമില്ലാത്തവരാണെങ്കിലും കലയോടുള്ള അടങ്ങാത്ത സ്നേഹമാണു നാട്ടുകാരെ വേറിട്ടു നിർത്തുന്നത്.

ചവിട്ടുനാടകത്തിൽ മത്സരിക്കണമെന്നു കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചെലവിനെക്കുറിച്ച് ആലോചിക്കാതെ നാട്ടുകാർ ഒപ്പം നിന്നു. നാട്ടുകാരിൽനിന്നു തിരഞ്ഞെടുക്കുന്ന സമിതിക്കാണു സ്കൂൾ നടത്തിപ്പ്.2,500 കുട്ടികൾ പഠിക്കുന്ന  വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചുനിന്നതോടെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ അരങ്ങേറി. പറവൂരിലുള്ള അലക്സ് ആശാനായിരുന്നു പരിശീലകൻ. ഹൈസ്കൂൾ വിഭാഗത്തിൽ ഇവർ മത്സരിച്ചതു ഹൈക്കോടതിയുടെ അനുമതിയോടെ. ജില്ലാ കലോത്സവത്തിൽ പങ്കെടുക്കവെ സ്റ്റേജിന്റെ തകരാർ കാരണം കുട്ടികളുടെ കാൽ കുടുങ്ങിയതിനാൽ നിയമ പോരാട്ടത്തിലൂടെയാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. ഇവരുടെ ഹർജി കാരണം  കലോത്സവത്തിൽ സ്റ്റേജുകളുടെ നിർമാണത്തിൽ ജാഗ്രത പാലിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS