സംസ്ഥാന സ്കൂൾ കലോത്സവം: എല്ലാം ജോറായി, പെരുത്തിഷ്ടായി

 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒ‍ാവറോൾ കിരീടം നേടിയ കോഴിക്കാട് ജില്ലയിലെ ടീം അംഗങ്ങൾ സ്വർണക്കപ്പിൽ മുത്തമിടുന്നു.                                                                  ചിത്രം: മനോരമ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒ‍ാവറോൾ കിരീടം നേടിയ കോഴിക്കാട് ജില്ലയിലെ ടീം അംഗങ്ങൾ സ്വർണക്കപ്പിൽ മുത്തമിടുന്നു. ചിത്രം: മനോരമ
SHARE

കോഴിക്കോട് ∙ പതിനൊന്നായിരത്തോളം മത്സരാർഥികൾ, നാലായിരത്തോളം വരുന്ന ഒഫിഷ്യലുകൾ, നിത്യേന കലോത്സവം കാണാനെത്തുന്ന പതിനായിരക്കണക്കിനു ആസ്വാദകർ. കഴിഞ്ഞ 5 നാളുകൾ കോഴിക്കോട് കലയുടെ പൂര നഗരമായിരുന്നു. നിത്യേന ഇരുപതിനായിരത്തിലധികം പേരാണ് കലോത്സവത്തിന്റെ ഊട്ടുപുരയിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. ദിവസവും 4 നേരം ഭക്ഷണം വിളമ്പിയും മത്സരങ്ങൾ കൃത്യസമയത്തു നടത്തിയും കാര്യമായ പരാതികളൊന്നുമില്ലാതെ കലോത്സവം വൻ വിജയമാക്കിയതിനു പിന്നിൽ സംഘാടക മികവു തന്നെ. ഇതിനു ഭക്ഷണ കമ്മിറ്റിയും പ്രോഗ്രാം കമ്മിറ്റിയും കലാസ്വാദകരുടെ കയ്യടി നേടി.

 സ്നേഹരാഗം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ ഗായിക കെ.എസ്.ചിത്ര തന്നെ വേദിയിൽ സ്വീകരിച്ച കുട്ടിയെ ലാളിക്കുന്നു. ചിത്രം: മനോരമ
സ്നേഹരാഗം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ ഗായിക കെ.എസ്.ചിത്ര തന്നെ വേദിയിൽ സ്വീകരിച്ച കുട്ടിയെ ലാളിക്കുന്നു. ചിത്രം: മനോരമ

മികച്ച തയാറെടുപ്പുകളുമായി മുഴുവൻ അധ്യാപക സംഘടനകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടത്തിയ സംസ്ഥാന സ്കൂൾ കലോത്സവ മേളയ്ക്കു തിരശീല വീഴുമ്പോൾ മേളയുടെ നടത്തിപ്പുകാർക്കും മേളയുടെ ഭാഗമായവർക്കുമെല്ലാം ചാരിതാർഥ്യത്തിന്റെ നിറപുഞ്ചിരി മാത്രം.ഭക്ഷണശാലയുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉയർന്നില്ല. സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ ഉച്ചഭക്ഷണം കഴിച്ച കലോത്സവ ദിനവും ഈ മേളയിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് എത്തിയത് 26,000 പേരായിരുന്നു. മലപ്പുറത്തു നടന്ന കലോത്സവത്തിൽ 25,000 പേർ ഉച്ചഭക്ഷണം കഴിച്ചതായിരുന്നു മുൻപത്തെ റെക്കോർഡ്. ഊട്ടുപുരയിൽ നിത്യേന നൂറുകണക്കിനു അധ്യാപകരാണ് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഭക്ഷണം വിളമ്പിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അധ്യാപകർ ഊഴമിട്ട് ഭക്ഷണം വിതരണം നടത്തിയതു വഴി, ഭക്ഷണശാലയിലേക്കു നിത്യേന ഒഴുകിയെത്തിയ ആയിരങ്ങൾക്കു വലിയ കാത്തുനിൽപില്ലാതെ ഭക്ഷണം കഴിച്ചു മടങ്ങാനായി.

മത്സരങ്ങൾ കാണാൻ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനായിരങ്ങൾക്കു സുരക്ഷാ സംവിധാനം ഒരുക്കിയ പൊലീസ് സേനയ്ക്കും കലാസ്വാദകർക്ക് സൗകര്യങ്ങൾ ഒരുക്കിയ ലോ ആൻഡ് ഓർഡർ കമ്മിറ്റിക്കും എല്ലാ വേദികളിലും സദാസമയവും ജാഗരൂകരായി നിന്ന അഗ്നിരക്ഷാ സേനാംഗങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും നൽകാം ഒരു ബിഗ് സല്യൂട്ട്.

സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരാണ് കലോത്സവ നഗരിയിൽ സുരക്ഷ ഒരുക്കിയത്. ഒരു ഡിസിപിയുടെ കീഴിൽ 20 ഡിവൈഎസ്പി–എസിപിമാർ, 40 ഇൻസ്പെക്ടർമാർ എന്നിവരാണ് സുരക്ഷയ്ക്കു നേതൃത്വം നൽകിയത്. പ്രധാന വേദികളിലെല്ലാം നിത്യേന പതിനായിരങ്ങൾ തടിച്ചു കൂടിയിട്ടും ഒരു പരാതി പോലും ഇല്ലാത്തവിധം സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയത്. 250 വനിത പൊലീസുകാരും 100 ഷാഡോ പൊലീസുകാരും രംഗത്തുണ്ടായിരുന്നു. വിവിധ ജില്ലകളിൽ നിന്നെത്തുന്ന സാമൂഹിക വിരുദ്ധരെയും ലഹരിക്കടത്തുകാരെയും തിരിച്ചറിയാനായി എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.

150 ക്യാമറകളാണ് പൊലീസ് കലോത്സവ നഗരിയിൽ വച്ചത്. സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് വിഭാഗങ്ങളിൽ നിന്നുള്ളവരും മുഴുവൻ വേദികളിലുമുണ്ടായിരുന്നു. വേദികളിൽ തിരക്കു കൂടുന്നതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയും ട്രാഫിക്കിനെ 2 മേഖലകളായി തിരിച്ചുമുള്ള പ്രവർത്തനങ്ങൾ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനായി. മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രംമൈതാനത്ത് പൊലീസുകാരുടെ വക സൗജന്യ ചുക്കു കാപ്പി വിതരണവും ഉണ്ടായിരുന്നു.

അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെട്ട് 205 പേരാണ് കലോത്സവ നഗരിയിൽ മുഴുവൻ സമയ സേവനവുമായി ഉണ്ടായിരുന്നത്. ഇതിൽ 110 പേർ അഗ്നിശമന സേനാംഗങ്ങളും 70 പേർ സിവിൽ ഡിഫൻസിൽ നിന്നുള്ളവരും 25 പേർ ഹോം ഗാർഡുമാരുമായിരുന്നു. റീജനൽ ഫയർ ഓഫിസറുടെയും ജില്ലാ ഫയർ ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മുഖ്യവേദിയടക്കം 6 വേദികളി‍ൽ വാഹനത്തോടൊപ്പമുള്ള സുരക്ഷാ സംവിധാനങ്ങളും മറ്റെല്ലാ വേദികളിലും തീയണപ്പ് യന്ത്രങ്ങളുമായുള്ള അഗ്നി ശമന സേനയുടെ സുരക്ഷാ സൗകര്യങ്ങളുമാണ് ഒരുക്കിയത്.

മേളയ്ക്കിടയിൽ ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ വേദിയിലെ കർട്ടനു തീ പിടിച്ചപ്പോഴും മുഖ്യ വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്തിനരികെ മാധ്യമ പ്രവർത്തകന്റെ കാറിനു തീ പിടിച്ചപ്പോഴും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയ അപകടം ഒഴിവായത്. മുഖ്യവേദിയിൽ മുഴുവൻ ദിവസങ്ങളിലും തിളപ്പിച്ചാറ്റിയ ചുക്കുവെള്ളവും ഫയർഫോഴ്സ് സൗജന്യമായി വിതരണം ചെയ്തു.

സിറ്റി പൊലീസ് കമ്മിഷണർ ചെയർമാനും നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ എ.മുസ്തഫ കൺവീനറായ ലോ ആൻഡ് ഓർഡർ കമ്മിറ്റിക്കു കീഴിൽ 1900 വൊളന്റിയർമാരാണ് സേവന രംഗത്തുണ്ടായിരുന്നത്. 750 സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ, 300 എൻസിസി കെഡറ്റുകൾ, 450 സ്കൗട്ട് ആൻഡ് ഗൈഡുകൾ, 200 ജെആർസിക്കാർ, 100 സിസിസിക്കാർ, 100 റോവേഴ്സുകൾ എന്നിവരാണ് സേവന രംഗത്തുണ്ടായിരുന്നത്.

മുഴുവൻ വേദികളിലും കുടിവെള്ളം തീരുന്നതിനനുസരിച്ചു നിറച്ചു വയ്ക്കാനും മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായവുമായി ഇവർ സദാസമയവും വേദികളിലുണ്ടായിരുന്നു.കോഴിക്കോട്ടെ സൈന്യവും ഇത്തവണ കലോത്സവത്തിന്റെ ഭാഗമായിരുന്നു. സൈന്യത്തിന്റെ കൈവശമുള്ള വെസ്റ്റ്ഹിൽ വിക്രം മൈതാനം കലോത്സവത്തിന്റെ മുഖ്യവേദിയായി വിട്ടു കൊടുത്താണ് സൈന്യം കലോത്സവത്തിനൊപ്പം നിന്നത്.

8 ഏക്കറോളം വിശാലമായ പരേഡ് ഗ്രൗണ്ട് മുഖ്യവേദിയായി മാറിയതോടെ കലോത്സവത്തിന്റെ തിരക്ക് നഗരഹൃദയത്തിൽ നിന്ന് ഒരു പരിധിവരെ ഒഴിവായി. പൊതു പരിപാടികൾക്കു സാധാരണഗതിയിൽ വിട്ടു നൽകാറില്ലാത്ത പരേഡ് ഗ്രൗണ്ട് സംഘാടക സമിതിയുടെ അഭ്യർഥനയെ തുടർന്ന് വിട്ടു നൽകുക വഴി സൈന്യവും കോഴിക്കോടിന്റെ കലാസ്നേഹത്തിനൊപ്പം നിൽക്കുകയായിരുന്നു.

ജനസാഗരം സാക്ഷി; വീണ്ടും കനക കിരീടം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശം തുടിച്ചുയർന്ന ക്ലൈമാക്സ്. സ്വർണക്കപ്പ് തിരികെപ്പിടിച്ചു കോഴിക്കോടിന്റെ ചുണക്കുട്ടികൾ. വിക്രം മൈതാനത്തെ അതിരാണിപ്പാടത്ത് സ്വർണക്കപ്പിൽ വീണ്ടും കോഴിക്കോട് മുത്തമിടുന്ന ആ നിമിഷത്തിനു സാക്ഷിയാവാൻ അറബിക്കടലുപോലെ കോഴിക്കോട്ടുകാരും അലയിളകിയെത്തി.ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തവണ കിരീടം നേടിയ ജില്ലയായ കോഴിക്കോടിന്റെ കുട്ടികൾ കഴിഞ്ഞ തവണത്തെ ചാംപ്യൻ ജില്ലയായ പാലക്കാട്ടുനിന്നു സ്വർണക്കപ്പ് എത്തിയ ദിവസം തന്നെ ഇത്തവണ കപ്പ് തിരിച്ചയയ്ക്കരുതെന്നു തീരുമാനിച്ചതാണ്.

പക്ഷേ, കലോത്സവത്തിന്റെ ആദ്യ 3 ദിനങ്ങൾ കോഴിക്കോടിന്റേതായിരുന്നില്ല. ആദ്യദിവസം മുതൽ വ്യക്തമായ ലീഡുമായി കണ്ണൂരും തൊട്ടുപിറകിലായി പാലക്കാടും മുന്നേറിയപ്പോൾ കൂടെ ഓടിയെത്താൻ കോഴിക്കോട് കിതച്ചു. ആവേശത്തിരയിളക്കിയ അവസാന മണിക്കൂറുകൾ കോഴിക്കോടിന്റേയായി.അവസാന 42 മണിക്കൂറിനുള്ളിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾക്കൊടുവിലാണ് കോഴിക്കോട് ചാംപ്യൻപട്ടത്തിലെത്തിയത്. രണ്ടാംദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 458 പോയിന്റുമായി കണ്ണൂരാണ് മുന്നിലുണ്ടായിരുന്നത്. നിലവിലെ ചാംപ്യൻമാരായ പാലക്കാടിനു മുന്നിലേക്ക് മൂന്നാംദിനം കോഴിക്കോട് കടന്നു.

നാലാംദിനം വൈകിട്ട് ആറു പോയിന്റ് ലീഡുമായി കോഴിക്കോട് 874 പോയന്റിലേക്ക് കടന്നു. നാലാംദിനത്തിലെ മത്സരങ്ങൾ രാത്രി ഒരു മണിയോടെ അവസാനിച്ചപ്പോൾ 879 പോയിന്റാണ് കോഴിക്കോട് നേടിയത്. അവസാനദിവസമായ ഇന്നലെ നടക്കാൻ ബാക്കിയുണ്ടായിരുന്നത് വെറും 11 മത്സരങ്ങളാണ്. അതുകൊണ്ടുതന്നെ വിജയം ഉറപ്പിക്കുകയെന്നതു മാത്രമായിരുന്നു ശേഷമുണ്ടായിരുന്നത്. ഇന്നലെ രാവിലെ മുതൽ ആഘോഷത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി കോഴിക്കോട്ടെ വിദ്യാർഥികളും കലാസ്നേഹികളും ആസ്വാദകരും.

ഉച്ചയോടെ എല്ലാ മത്സരങ്ങളും അവസാനിപ്പിച്ചപ്പോൾ കിരീടം കോഴിക്കോടിന് എന്നുറപ്പായി. രണ്ടാംസ്ഥാനം ആർക്കാണെന്ന സംശയം മാത്രമാണ് ബാക്കിനിന്നത്. തടഞ്ഞുവച്ചിരുന്ന പെൺകുട്ടികളുടെ കേരളനടനം മത്സരത്തിന്റെ ഫലം പുറത്തുവന്നതോടെ കണ്ണൂരും നിലവിലെ ചാംപ്യൻമാരായ പാലക്കാടും രണ്ടാംസ്ഥാനം പങ്കിടുമെന്ന വിവരം പുറത്തുവന്നു.

കോഴിക്കോട്ടെ കുട്ടികൾ സ്വർണക്കപ്പ് ഏറ്റുവാങ്ങുന്നതിനു സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് വിക്രംമൈതാനത്തെ എട്ടേക്കർ സ്ഥലം നിറഞ്ഞുകവിയാനുള്ളത്ര ആളുകൾ. ഓരോ തവണ കോഴിക്കോടെന്ന പേരു കേൾക്കുമ്പോഴും ആവേശത്തോടെ കയ്യടികളും വിസിലടികളും. ഒടുവിൽ സ്വർണക്കപ്പിനെ നെഞ്ചോടുചേർത്ത് കുട്ടികൾക്കൊപ്പം കോഴിക്കോട്ടുകാരും ആർത്തുവിളിച്ചു.. ‘‘ദിഗന്തങ്ങൾ കുലുങ്ങട്ടെ..’’ അത് അതിഥികളായെത്തിയവരോടെല്ലാം സ്നേഹം തൊട്ട് ഉപചാരം ചൊല്ലിപ്പിരിയും മുൻപുള്ള ആവേശം. ഇനി വീണ്ടും കാണാൻ അടുത്ത കലോത്സവം.

വീണ്ടും അതേ ഗാനം, അതേ സ്വരം

44 വർഷം മുൻപ്, 1978 ൽ തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ലളിത ഗാനം അതേ ഗായികയുടെ സ്വരത്തിൽ വീണ്ടുമുയർന്നു..

‘‘ഓടക്കുഴലേ..ഓടക്കുഴലേ..
ഓമനത്താമരക്കണ്ണന്റെ ചുംബന
പൂമധു നുകർന്നവളേ..
രാഗണി നീയനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ...’’

ഇന്നലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിലാണ് ഗായിക കെ.എസ്.ചിത്ര പഴയ ലളിതഗാനം കൊണ്ട് വീണ്ടും ആരാധകരുടെ കയ്യടി നേടിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഒരു ഗാനത്തിന്റെ നാലു വരി ചൊല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ ചിത്ര, പണ്ട് കലോത്സവത്തിൽ പാടിയ പാട്ടു വേണോ വേറെ പാട്ടു വേണോ എന്നു ചോദിച്ചപ്പോൾ ആരാധകർക്കു മറ്റൊരു മറുപടിയുണ്ടായില്ല.

കലോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ നന്നായി പരിശീലനം നടത്തണമെന്നും അതു മികച്ച രീതിയിൽ അവതരിപ്പിക്കണമെന്നും ചിത്ര പുതിയ കലാകാരന്മാരെയും കലാകാരികളെയും ഓർമിപ്പിച്ചു. വിജയമായാലും പരാജയമായാലും സ്വീകരിക്കാൻ കുട്ടികൾ തയാറാകണമെന്നും അതിനു വീട്ടിൽ നിന്നു തന്നെ പ്രോത്സാഹനം നൽകണമെന്നും ചിത്ര പറഞ്ഞു.

സ്കൂൾ കലോത്സവങ്ങളിലൂടെ കൈമാറേണ്ടത് ഭാരത പാരമ്പര്യത്തിന്റെ പതാക: വി.ഡി.സതീശൻ

എല്ലാവരെയും ചേർത്തു പിടിക്കുന്ന മഹത്തായ ഭാരത പാരമ്പര്യത്തിന്റെ പതാകയാണ് സ്കൂൾ കലോത്സവങ്ങളിലൂടെ കൈമാറേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോവിഡിനു ശേഷം നടന്ന സംസ്ഥാന കലോത്സവത്തെ കോഴിക്കോടുകാർ കോവിഡിനോടുള്ള റിവഞ്ച് (പ്രതികാരം) കലോത്സവമാക്കി മാറ്റിയെന്നു അധ്യക്ഷത വഹിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോടൻ കലോത്സവം അനാരോഗ്യകരമായ മത്സരങ്ങളില്ലാതെ കുട്ടികൾ തമ്മിലുള്ള മത്സരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ വി.ശിവൻകുട്ടി സമ്മാന വിതരണവും ആന്റണി രാജു സുവനീർ പ്രകാശനവും നിർവഹിച്ചു.ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയായി. വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ മാതാപിതാക്കളായ ലഫ്റ്റനന്റ് കേണൽ പി.കെ.പി.വി.പണിക്കരെയും കല്യാണി പണിക്കരെയും മന്ത്രി വി.ശിവൻകുട്ടി ആദരിച്ചു. വിക്രമിന്റെ പേരിലുള്ള മൈതാനമായിരുന്നു കലോത്സവത്തിന്റെ പ്രധാന വേദി.

മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ.കെ.ശശീന്ദ്രൻ, എംപിമാരായ എളമരം കരീം, എം.കെ.രാഘവൻ, മേയർ ബീന ഫിലിപ്, എംഎൽഎമാരായ ടി.പി.രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, കെ.എം.സച്ചിൻദേവ്, ലിന്റോ ജോസഫ്, സിനിമാതാരം വിന്ദുജ മേനോൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, ഡിജിഇ എ.ജീവൻബാബു തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS