ADVERTISEMENT

വട്ടിയൂർക്കാവ് ഫെസ്റ്റ് 10 മുതൽ 15 വരെ: തിരുവനന്തപുരം ∙  വട്ടിയൂർക്കാവ് മണ്ഡലത്തിലെ വികസന സെമിനാർ 10നും വട്ടിയൂർക്കാവ് ഫെസ്റ്റ് 10 മുതൽ 15 വരെയും നടത്തും. ഇതുവരെ നടപ്പാക്കിയ പദ്ധതികളെ സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് സെമിനാറിന്റെ ഭാഗമായി പുറത്തിറക്കും. 10 ന് രാവിലെ 10ന് നെട്ടയം സെൻട്രൽ പോളിടെക്നിക് മൈതാനത്ത്  മന്ത്രി എം.ബി.രാജേഷ് വികസന സെമിനാർ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി പ്രോഗ്രസ് കാർഡ് പ്രകാശനം ചെയ്യും. 

മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 6 ന് മന്ത്രി സജി ചെറിയാൻ കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.15ന് വൈകിട്ട് 3.3 0ന് കാഞ്ഞിരംപാറയിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര നടത്തും. അന്ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ

കാവ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ സുവനീർ പ്രകാശനം ചെയ്യും. നടൻ ഇന്ദ്രൻസിന് പ്രഥമ കാവ്ശ്രീ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.സി.വിക്രമൻ, കൺവീനർ വി.കെ.പ്രശാന്ത് എംഎൽഎ. എന്നിവർ അറിയിച്ചു .

ആറ്റുകാൽ ക്ഷേത്രം ഐശ്വര്യ പൂജ ഇന്ന്

തിരുവനന്തപുരം ∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യ പൂജ ഇന്നു വൈകിട്ട് 5 ന് നടക്കും.

കെ മാറ്റ് പരീക്ഷ : സൗജന്യ പരിശീലനം

കിളിമാനൂർ∙ നഗരൂർ രാജധാനി ബിസിനസ് സ്കൂളിൽ കെ മാറ്റ് പരീക്ഷയ്ക്ക് സൗജന്യ ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. ഫോൺ:79028 77773.

നാഗർപൂജ നാളെ 

ചിറയിൻകീഴ്∙വലിയകട എരുമക്കാവ് ദേവീക്ഷേത്രത്തിലെ മകരമാസ, ആയില്യമൂട്ടും നാഗർപൂജയും നാളെ രാവിലെ 10.30നു കിളിമാനൂർ അട്ടോളിമഠം ഗോവിന്ദൻനമ്പൂതിരി, മേൽശാന്തി മുകേഷ്പോറ്റി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നാഗരൂട്ട്, മഞ്ഞക്കാപ്പ്, പുള്ളുവൻപാട്ട്, നാഗർപൂജ എന്നിവയോടെ നടക്കും.

ചിറയിൻകീഴ്∙വക്കം കുളങ്ങര ശ്രീദുർഗാദേവിക്ഷേത്രത്തിലെ ആയില്യപൂജയും നാഗരൂട്ടും നാളെ രാവിലെ 10നു മഞ്ഞക്കാപ്പ്, ആയില്യപൂജ, പുള്ളുവൻപാട്ട് എന്നിവയോടെ നടക്കും.

വർക്കല∙ കുരയ്ക്കണ്ണി തിനവിള നാഗർകാവിലെ ആയില്യം ഊട്ട് 11ന് ആരംഭിക്കും.

ആയില്യം ഊട്ട് നാളെ

വർക്കല∙ നെടുങ്ങണ്ട പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണു ക്ഷേത്രത്തിലെ ആയില്യം ഊട്ട് തിങ്കൾ രാവിലെ 9.15ന് ആരംഭിക്കും.∙ കണ്ണംബ തെക്കേ നാഗരുകാവ് ദുർഗാദേവി ക്ഷേത്രത്തിലെ ആയില്യം ഊട്ട് രാവിലെ 10ന് തുടങ്ങും.

തൈപ്പൂയക്കാവടി ഉത്സവാഘോഷങ്ങൾ 

ചിറയിൻകീഴ്∙കായിക്കര നെടുങ്ങണ്ട മൂലയിൽത്തോട്ടം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവാഘോഷങ്ങൾക്കും പുനഃപ്രതിഷ്ഠാവാർഷികത്തിനും തുടക്കം കുറിച്ചു. ഇന്നു  രാവിലെ കഞ്ഞിസദ്യ, 12ന് സമൂഹസദ്യ,വൈകിട്ട് 3.30ന് കാവടിഘോഷയാത്ര, രാത്രി 10.30നു നൃത്തനാടകം. തിങ്കൾ രാവിലെ എട്ടിനു കഞ്ഞിസദ്യ, 10നു നാഗരൂട്ട്, മഞ്ഞക്കാപ്പ്, പുള്ളുവൻപാട്ട്, നാഗർപൂജ, 12ന് സമൂഹസദ്യ, വൈകിട്ട് 6.45ന് ആറാട്ട്, രാത്രി 9.30ന് ഗാനമേളയോടെ സമാപിക്കും.

ഒഴിവുകൾ

സ്വീപ്പർ 

വെട്ടൂർ∙ ഗവ.എച്ച്എസ്എസിൽ ഫുൾ ടൈം മീനിയൽ (സ്വീപ്പർ) തസ്തികയിൽ ഒഴിവിലേക്കു തിങ്കൾ 11ന് അഭിമുഖം നടത്തും. എസ്എസ്എൽസി പാസാകാത്തവരും 45 വയസ്സ് താഴെ പ്രായമുള്ളവരും രേഖകൾ സഹിതം അന്നേ ദിവസം സ്കൂളി‍ൽ എത്തണം.

ട്രിവാൻഡ്രം ടെന്നിസ് ക്ലബ് ഐടിഎഫ് ടൂർണമെന്റ് നാളെ മുതൽ

തിരുവനന്തപുരം ∙ ട്രിവാൻഡ്രം ടെന്നിസ് ക്ലബ് സംഘടിപ്പിക്കുന്ന ശരത് കുമാർ നമ്പ്യാർ മെമ്മോറിയൽ ഐടിഎഫ് ടൂർണമെന്റ് നാളെ മുതൽ 10 വരെ നടക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5 ന് ശശി തരൂർ എംപി നിർവഹിക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ പങ്കെടുക്കും.

ലുലു മാളിൽ പുഷ്പമേള 

തിരുവനന്തപുരം ∙ ലുലു മാളിലെ ഗ്രാൻഡ് എട്രിയത്തിൽ ആരംഭിച്ച പുഷ്പമേള സീസൺ രണ്ട് നടി ഗൗതമി നായർ ഉദ്ഘാടനം ചെയ്തു. ബ്രസീൽ, മലേഷ്യ, തായ്‌ലൻഡ് ഉൾപ്പെടെ ലോക രാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും അപൂർവതകളാണ് മേളയെ ഏറെ ആകർഷകമാക്കുന്നത്. മേള നാളെ സമാപിക്കും.

കേരള സർവകലാശാല  

‘ഭാഷയ്ക്കൊരു ഡോളർ’ പുരസ്കാരം: പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

തിരുവനന്തപുരം ∙ കേരള സർവകലാശാല, അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് (50,000 രൂപ) അപേക്ഷകൾ ക്ഷണിക്കുന്നു. 2021 ഡിസംബർ 1 മുതൽ 2022 നവംബർ 30 വരെയുമുള്ള കാലയളവിൽ

കേരളത്തിലെ സർവകലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 28. വിലാസം: റജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം–695034.

പ്രാക്ടിക്കൽ

തിരുവനന്തപുരം∙ 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ 10 മുതൽ നടത്തും.സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്‌സി ഹോം സയൻസ് പരീക്ഷയുടെ വൈവയും പ്രാക്ടിക്കലും 8 മുതൽ 10 വരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

മാർച്ച് 9ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ റഗുലർ (2020 സ്കീം – 2021 അഡ്മിഷൻ) (ഫുൾടൈം (യുഐഎം ഉൾപ്പെടെ) ട്രാവൽ ആൻഡ് ടൂറിസം), സപ്ലിമെന്ററി (2020 സ്കീം – 2020 അഡ്മിഷൻ, 2018 സ്കീം – 2019 അഡ്മിഷൻ) (ഫുൾടൈം (യുഐഎം ഉൾപ്പെടെ) /ട്രാവൽ ആൻഡ് ടൂറിസം/ഈവനിങ് – റഗുലർ), മേഴ്സി ചാൻസ് (2009 സ്കീം – 2010 – 2013 അഡ്മിഷൻ, 2014 സ്കീം – 2014 – 2017 അഡ്മിഷൻ) പരീക്ഷകളുടെ റജിസ്ട്രേഷൻ 7ന് ആരംഭിക്കും.

റഗുലർ ആൻഡ് സപ്ലിമെന്ററി വിദ്യാർഥികൾ പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. മേഴ്സി ചാൻസ് വിദ്യാർഥികൾക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

2022 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ (എസ്ഡിഇ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി നാളെ മുതൽ 15 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഇജെ 5 (അഞ്ച്) സെക്‌ഷനിൽ ഹാജരാകേണ്ടതാണ്.

തിക്കുറിശി ഫൗണ്ടേഷൻ സെമിനാർ, ഉപന്യാസമത്സരം

തിരുവനന്തപുരം∙ തിക്കുറിശി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘ലഹരി വിമുക്ത കേരളവും യുവാക്കളുടെ പങ്കും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിനോടനുബന്ധിച്ച് ഇതേ വിഷയത്തിൽ ഉപന്യാസമത്സരം നടത്തുന്നു.     10 പുറത്തിൽ കവിയാത്ത രചനകൾ 15 ന് മുമ്പ് രാജൻ വി.പൊഴിയൂർ സെക്രട്ടറി തിക്കുറിശി ഫൗണ്ടേഷൻ, ശാന്തിനികേതൻ ബിൽഡിങ്സ്, പൊഴിയൂർ പിഒ എന്ന വിലാസത്തിൽ ലഭിക്കണം. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഫോൺ : 9947005503

പുരസ്കാരം: തീയതി നീട്ടി

തിരുവനന്തപുരം ∙ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.വി.കൃഷ്ണ വാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്കാരം (ഒരു ലക്ഷം രൂപ വീതം) എന്നിവയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. അപേക്ഷകൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 03 എന്ന വിലാസത്തിൽ അയയ്ക്കണം.

അശ്വതി ബൈജുവിന്റെ ചിത്രപ്രദർശനം

തിരുവനന്തപുരം ∙ സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’ നോവലിനെ അടിസ്ഥാനമാക്കി അശ്വതി ബൈജു വരച്ച 18 ചിത്രങ്ങളുടെ പ്രദർശനം- ‘മൊണോക്ക്ൾ’ വെള്ളയമ്പലം അമ്യൂസിയം ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, ഉണ്ണി ആർ, അജയകുമാർ, പ്രദീപ് പനങ്ങാട് എന്നിവർ പ്രസംഗിച്ചു. സെന്റർ ഫോർ ആർട്‌സ് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.

ഡിപിആർ ശിൽപശാല റജിസ്ട്രേഷൻ

തിരുവനന്തപുരം∙കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023 ന്റെ  ഭാഗമായുള്ള ഡിപിആർ ശിൽപശാലയുടെ ‍റജിസ്ട്രേഷൻ ആരംഭിച്ചു. സംരംഭകരാകാൻ തയാറാടെക്കുന്നവർക്ക്  കാർഷിക സംരംഭത്തിനായി കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഡിപിആർ ശിൽപശാല നടത്തുന്നത്. 15ന് തിരുവനന്തപുരം ആനയറ‍യിലുള്ള സമേതി‍യിലാണ് ശിൽപശാല. ‍റജിസ്ട്രേഷൻ സൗജന്യം. www.vaigakerala.com എന്ന വെബ്സൈറ്റിൽ 10ന് മുൻപ് ‍റജിസ്റ്റർ ചെയ്യണം. 

കെമാറ്റ്: രാജധാനി ബിസിനസ് സ്കൂളിൽ പരിശീലനം

തിരുവനന്തപുരം ∙ 19 ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള രാജധാനി ബിസിനസ് സ്കൂളിൽ സൗജന്യ പരിശീലനം നൽകും. ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കാൻ കോളജ് ഓഫിസുമായി ബന്ധപ്പെടണം.ഫോ. 7902877773, 7025477773.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com