ADVERTISEMENT

വിഴിഞ്ഞം∙താനെടുക്കുന്ന ലോട്ടറി അടിച്ചാൽ  കാര്യമായ സഹായമുണ്ടാകുമെന്ന് ചൊവ്വര  നിവാസി ടാക്സി ഡ്രൈവർ ഷാജി(33) സുഹൃത്ത് സന്തോഷിനെ നോക്കി കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ ഷാജിക്കു മേൽ  ഭാഗ്യദേവതയുടെ കടാക്ഷം വീണിരിക്കണം. ഇന്നലെ രാവിലെ 50 രൂപയ്ക്ക്   കാരുണ്യ ലോട്ടറി ടിക്കറ്റ് വാങ്ങിയ ഷാജി വൈകിട്ടത്തെ നറുക്കെടുപ്പു ഫലം വന്നപ്പോൾ  കോടിപതി.

അനുജൻ മനു വിളിച്ചു പറഞ്ഞിട്ടും ബാങ്കു ഉദ്യോഗസ്ഥർ എത്തിയിട്ടും വിഴിഞ്ഞം ചൊവ്വര വണ്ടാഴ നിന്ന കൃപാസദനത്തിൽ ഉഷയുടെ മകൻ ഷാജിയുടെ മുഖത്തെ അമ്പരപ്പും അതിശയവും മാറുന്നില്ല. വീട്ടിലെത്തിയ ചൊവ്വര എസ്ബിഐ ശാഖാ മാനേജർ ആർ.എസ്. ദിവ്യക്ക് ഒന്നാം സമ്മാനമായ  ഒരു കോടി നേടിത്തന്ന KD-841039 എന്ന നമ്പരുള്ള    ടിക്കറ്റ്  ഷാജി ഏൽപ്പിച്ചു.

ഒൻപതിൽ അവസാനിക്കുന്ന സീരീസ് ഇഷ്ടം

ലോട്ടറി ടിക്കറ്റ് സ്ഥിരമായി എടുക്കാറുള്ള  ഷാജിക്ക് കാര്യമായ സമ്മാനം ഇതാദ്യം. നെല്ലിമൂടു സ്വദേശിയായ ശ്രീധരൻ എന്ന ഏജന്റിന്റെ പക്കൽ നിന്ന്  ഇന്നലെ രാവിലെ ചൊവ്വര ജംക്‌ഷനിൽ നിന്നാണ്  ടിക്കറ്റ് വാങ്ങിയത്. 9ലും 12 ലും അവസാനിക്കുന്ന നമ്പരുകൾ  തിരഞ്ഞെടുത്തു വാങ്ങുമെന്നതൊഴിച്ചാൽ മറ്റു നിർബന്ധങ്ങളൊന്നുമില്ലെന്നു ഷാജി. 

ടിക്കറ്റ് എടുക്കൽ  ശീലമായതോടെ  ടാക്സി ഡ്രൈവർമാരെല്ലാം ചേർന്ന് 30,000 രൂപയ്ക്കു വരെ ഒരിക്കൽ ലോട്ടറി ടിക്കറ്റ് വാങ്ങി. നറുക്കുഫലം വന്നപ്പോൾ ആകെ കിട്ടിയത് 600 രൂപ മാത്രം. നിരാശനാകാതെ വീണ്ടും ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്നുവെന്ന് ഷാജി പറയും. വീട്ടിൽ ഭാര്യ അഞ്ജുവിനും  അമ്മ ഉഷയ്ക്കും  സ്ഥിരമായുള്ള ഭാഗ്യപരീക്ഷണം അത്ര ഇഷ്ടമല്ലായിരുന്നുവെന്ന് ഷാജി.  

കൂട്ടുകാരന്  സമ്മാനം  ഓട്ടോ

ചെറുവെട്ടുകാട് സെന്റ് സെബസ്ത്യാനോസ് പളളിയിലെ  ക്വയർ ഗായകൻ കൂടിയായ ഷാജിയുടെ സുഹൃത്താണ് ഇവിടുത്തെ കപ്യാർ സന്തോഷ്. കൂലിക്ക് ഓട്ടോ ഓടിക്കുന്ന സന്തോഷിന് നൽകിയ  വാക്ക് ഫലിച്ചതോടെ പുതിയ ഓട്ടോ വാങ്ങി നൽകാനാണ് തീരുമാനമെന്ന് ഷാജി. ദേവാലയത്തിനു പുതിയ മ്യൂസിക് സിസ്റ്റം വാങ്ങി നൽകണമെന്നതാണ് മറ്റൊരു ആഗ്രഹം.

കുടുംബത്തിനുള്ള സഹായങ്ങളെക്കുറിച്ചും ഷാജി മനസു തുറന്നു. താമസിക്കാൻ നല്ലൊരു വീടും ടാക്സി കാറും വാങ്ങി നൽകി സഹായിച്ചതും ഭാര്യ അഞ്ജുവിന്റെ പിതാവ് രാജനാണ്.സഹോദരി ഷൈനിയെയും സഹായിക്കണം. ഏകമകൻ  മൂന്നുവയസുകാരനായ ഡാനിയുടെ പേർക്കും തുകയിടണം. കോടിപതിയുടെ ആഗ്രഹങ്ങൾ ഇത്രമാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com