ADVERTISEMENT

തിരുവനന്തപുരം∙ ചന്ദ്രന്റെ ഈയൊരു മായക്കാഴ്ച തലസ്ഥാനത്തു കാണാൻ കഴിയുമെന്ന് അറിയാവുന്നവർ എത്രപേരുണ്ട്?.  മ്യൂസിയത്തിനടുത്ത് കനകക്കുന്നിനു മുൻപിൽ  കേരള സർവകലാശാലയുടെ  വാനനിരീക്ഷണ കേന്ദ്രത്തിലാണ് ഈ കാഴ്ചാ സൗകര്യമുള്ളത്. പലർക്കും അറിയില്ല ഇങ്ങനെയൊരു കേന്ദ്രത്തെക്കുറിച്ച്, പ്രത്യേകിച്ചു പുതിയ തലമുറയ്ക്ക്. ആകാശക്കാഴ്ചകൾ വിശദീകരിച്ചു തരാൻ ജീവനക്കാരുണ്ട്. സുരക്ഷാജീവനക്കാരുമുണ്ട്.

പക്ഷേ, അങ്ങോട്ടുള്ള വഴി കാണിച്ചു തരാൻ ബോർഡുകളൊന്നുമില്ല. രാത്രി 6.30 മുതൽ 8.30 വരെയാണ് പൊതുജനങ്ങൾക്ക് ആകാശ വിസ്മയങ്ങൾ കാണാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. കാണാൻ പോകുമ്പോൾ  ടോർച്ച് കൂടി കയ്യിൽ കരുതണം. കാരണം, അങ്ങോട്ടു പോകാനുള്ള റോഡിൽ വഴിവിളക്കുകളില്ല . ജല അതോറിറ്റിയുടേതാണ് ഈ റോഡ്. ദിവസവും ആയിരങ്ങൾ വന്നു പോകുന്ന  മ്യൂസിയത്തിന്റെയും കനകക്കുന്നിന്റെയും  മുൻപിൽ തന്നെയാണ് സന്ദർശകരില്ലാതെ  വാനനിരീക്ഷണകേന്ദ്രമുള്ളത്.

വാനനിരീക്ഷണ കേന്ദ്രം
തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വാനനിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തേത്.  1837 ൽ തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ  സ്ഥാപിച്ചത്. ജ്യോതിശാസ്ത്രത്തിൽ താൽപര്യമുണ്ടായിരുന്ന സ്വാതിതിരുനാളിന്റെ നിർദേശപ്രകാരം ഡബ്ല്യു.എച്ച്. ഹോസ്‍ലി ആണു വാനനിരീക്ഷണകേന്ദ്രം രൂപകൽപന ചെയ്തത്.

പൊതുജനങ്ങൾക്ക്  ജ്യോതിശാസ്ത്രം എന്താണെന്നും ജ്യോതിർഗോളങ്ങൾ എന്താണെന്നും  കണ്ടറിയാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. 8 ഇഞ്ചിന്റെയും 14 ഇഞ്ചിന്റെയും  ദൂരദർശിനികളാണ് പ്രധാനമായും ഇവിടെയുള്ളത്. ചന്ദ്രനെ മാത്രമല്ല  നമുക്ക് ഈ ദൂരദർശിനിയിലൂടെ കാണാൻ കഴിയുക. ഗ്രഹങ്ങൾ,   ശനിയുടെ വലയങ്ങൾ,  നക്ഷത്രങ്ങൾ  അങ്ങനെ ഒരുപാടുണ്ട് കണ്ടാസ്വദിക്കാൻ.പൊതുഅവധി ദിവസങ്ങളിൽ പ്രവേശനം ഇല്ല .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com