ADVERTISEMENT

തിരുവനന്തപുരം∙ കാൻസർ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനുള്ള കുർക്കുമിൻ വേഫർ സാങ്കേതിക വിദ്യയ്ക്കു ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിനു യുഎസ് പേറ്റന്റ്. മഞ്ഞളിൽ നിന്നു വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ചു ശ്രീചിത്രയിലെ ഡോ.ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ച സാങ്കേതിക വിദ്യയ്ക്കാണു പേറ്റന്റ്. സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തിൽ കൈമാറാൻ തയാറായതായി ശ്രീചിത്ര ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണം.

കുർക്കുമിൻ, ഹ്യൂമൻ പ്ലാസ്മ, ആൽബുമിൻ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ ചേർത്തു കനംകുറഞ്ഞ പാളികളുടെ (വേഫർ) രൂപത്തിലാക്കിയാണു ചികിത്സയ്ക്ക് ഉപയോഗിക്കുക. കാൻസർ ബാധിച്ച ഭാഗങ്ങളിൽ ശസ്ത്രക്രിയയ്ക്കു ശേഷം ഈ വേഫർ പതിക്കുമ്പോൾ ടിഷ്യു ഫ്ലൂയിഡ് വഴി കുർക്കുമിൻ കാൻസർ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. കുർക്കുമിൻ കാൻസറിനെ പ്രതിരോധിക്കുമെന്നു നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. പക്ഷേ, ഇതു കാൻസർ ബാധിത ശരീര ഭാഗങ്ങളിലെത്തിക്കുകയെന്നതായിരുന്നു വെല്ലുവിളി. 

ശസ്ത്രക്രിയ കഴിഞ്ഞ ഭാഗങ്ങളിലെ രക്തസ്രാവം കുറയ്ക്കാനും ഫൈബ്രിനോജൻ ഉപകരിക്കും.ഇനി? യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഈ സാങ്കേതികവിദ്യ മരുന്നു ഗവേഷണ സ്ഥാപനങ്ങൾക്കു കൈമാറും. നിയമപരമായ അനുമതികൾ വാങ്ങുന്നത് അവരുടെ ചുമതലയാണ്. കുർക്കുമിനും ആൽബുമിനും സംയോജിപ്പിച്ചു കീമോതെറപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ശ്രീചിത്ര നേരത്തെ വികസിപ്പിച്ചു കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റ് ഉടൻ ലഭിക്കും.

വരാൻ പോവുന്നത് വൻ മുന്നേറ്റം 

നിലവിലുള്ള കീമോതെറപ്പിയിൽ കാൻസർ രോഗമുള്ള കോശങ്ങൾക്കൊപ്പം രോഗമില്ലാത്തവയും നശിപ്പിക്കപ്പെടുന്നുണ്ട്. ഇതുമൂലം ഛർദിയും മുടികൊഴിച്ചിലും ഉൾപ്പെടെ പാർശ്വഫലങ്ങളുമുണ്ട്. കുർക്കുമിൻ വേഫർ സാങ്കേതികവിദ്യ വരുന്നതോടെ പാർശ്വഫലങ്ങൾ പൂർണമായി ഇല്ലാതാകും. ചികിൽസയുടെ ചെലവ് കുറയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com