ADVERTISEMENT

തിരുവനന്തപുരം ∙ ജോലി ദുബായിൽ ആണെങ്കിലും പ്രവീൺ കുമാറിന്റെ ഹൃദയം എന്നും നാട്ടിലായിരുന്നു. പ്രദേശത്തെ എല്ലാ കാര്യങ്ങളും പ്രവീൺകുമാർ ഉണ്ടാകും. വീടിനു സമീപത്തെ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ക്ഷേത്രത്തിൽ ജനുവരി 31 മുതൽ 2വരെ ഉത്സവമാണ്. നേപ്പാളിൽ നിന്നു വെള്ളിയാഴ്ച മടങ്ങിയെത്തിയാൽ ഉത്സവം കഴിഞ്ഞേ ദുബായിലേക്കുള്ളൂവെന്നു സുഹൃത്തുകളെ അറിയിച്ചശേഷമായിരുന്നു യാത്ര. മുൻപ് ഈ ക്ഷേത്രത്തിലെ ഭാരവാഹിയായായിരുന്നു പ്രവീൺ. ഓണത്തിനു പ്രവീൺ നാട്ടിലെ കൂട്ടുകാരുമായി ഒത്തുചേർന്നു. അച്ഛൻ പ്രസിഡന്റായ അയ്യൻകോയിക്കൽ റസിഡന്റ്സ് അസോസിയേഷന്റെ 2 ദിവസത്തെ പരിപാടികൾ.

വടംവലി മത്സരത്തിൽ ഉൾപ്പെടെ പങ്കെടുത്ത പ്രവീണിന്റെ സ്നേഹക്കാലം ഓർത്തു വിതുമ്പുന്ന സുഹൃത്തുക്കൾ. പ്രവീൺകുമാർ പഠനകാലത്തു തന്നെ ആർഎസ്എസിനൊപ്പമായിരുന്നു. ശ്രീകാര്യം മണ്ഡലം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും പഠനത്തിൽ നിന്നു ശ്രദ്ധ മാറിയില്ല. 2000–04ൽ പാപ്പനംകോട് എൻജിനീയറിങ് കോളജിൽ ഓട്ടമൊബീൽ എൻജിനീയറിങിനു പഠിക്കുമ്പോഴും വിദ്യാർഥി രാഷ്ട്രീയം ഒഴിവാക്കിയില്ല. കോളജിൽ നിന്നിറങ്ങി 2005ൽ ദുബായിൽ ജോലി ആരംഭിച്ചു. അകലെയാണു ജോലിയെങ്കിലും നാട്ടിലെ കൂട്ടുകാർ എന്നും പ്രവീണിന് ആവേശമായിരുന്നു.

ദുബായിൽ ജോലി ചെയ്യുമ്പോഴും എൻജിനീയറിങ് ബാച്ചിലെ 56 പേരെയും കൂട്ടിയിണക്കാനുള്ള ശ്രമങ്ങൾ. അടുത്തവർഷം 20 വർഷം പൂർത്തിയാക്കുന്ന ബാച്ചിലെ എല്ലാവരെ കണ്ടെത്തി പൂർവവിദ്യാർഥി സംഗമം നിശ്ചയിച്ചശേഷമാണു നേപ്പാളിലേക്കു പോയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള സുഹൃത്തുക്കളുമായി പ്രവീൺ പതിവായി ഒത്തുചേരാറുണ്ട്. സുഹൃത്തുക്കളുടെ കുടുംബവുമായി യാത്രകളും പതിവായിരുന്നു. സുഹൃദ്സംഘം വിദേശത്തേക്കു പോകുന്നത് ആദ്യം.

രഞ്ജിത്തും പ്രവീണും തങ്ങളുടെ കുടുംബത്തിനും സുഹൃത്ത് റാംകുമാറിനും ഒപ്പം.

സഹപാഠിയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഡാർജിലിങിലെ ഉദ്യോഗസ്ഥനുമായ രാംകുമാറിനെ കണ്ടശേഷമാണു സംഘം നേപ്പാളിലേക്കു പോയത്. സംഘത്തിലുണ്ടായിരുന്നവർ വാട്സ്ആപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കൾ അപകട വിവരം അറിഞ്ഞത്. അമ്പലപ്പുഴ, പാപ്പനംകോട് നിവാസികളായ സുഹൃത്തുക്കളും കുടുംബവുമാണു നേപ്പാൾ യാത്രയിൽ ഒപ്പമുണ്ടായിരുന്നവർ. ഭാര്യ ശരണ്യയുടെ പഠനാവശ്യത്തിനായി കഴിഞ്ഞവർഷം കൊച്ചിയിൽ താമസം ആരംഭിച്ചു. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ ശര്യണ്യയ്ക്കൊപ്പം പിതാവ് കെ.ശശിധരക്കുറുപ്പും കൊച്ചിയിലായിരുന്നു.

കടകംപള്ളിയും കടന്നപ്പള്ളിയും പ്രവീണിന്റെ വീട്ടിൽ

തിരുവനന്തപുരം ∙  പ്രവീൺ കുമാറിന്റെ മാതാപിതക്കളെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും  രാമചന്ദ്രൻ കടന്നപ്പള്ളിയും സന്ദർശിച്ചു. ഇന്നു രാവിലെ പോസ്റ്റ്മോർട്ടം ചെയ്യുമെന്നു ജില്ല കലക്ടർ കെ.ഗോപാലകൃഷ്ണൻ. 

വിഷപ്പുക മരണം തലസ്ഥാനത്തും

തിരുവനന്തപുരം ∙ റഫ്രിജറേറ്റർ കത്തിയ പുക ശ്വസിച്ചുള്ള മരണത്തിനു 2016 ൽ നഗരം സാക്ഷ്യം വഹിച്ചു. റഫ്രിജറേറ്റലിലെ വിഷപ്പുക ശ്വസിച്ചു ദമ്പതികളും കുഞ്ഞും ഉറക്കത്തിൽ മരിച്ചത് ആ വർഷം ജൂലൈയിൽ. മണ്ണന്തല മരുതൂരിലായിരുന്നു സംഭവം. ധനുവച്ചപുരം എയ്തുകൊണ്ടാൻകാണി ഗ്രേസ് കോട്ടേജിൽ രാജയ്യന്റെയും ഓമനയുടെയും മകൻ അനിൽ രാജും (37), ഭാര്യ അരുണയും (27), മകൾ നാലു വയസുകാരി അലീഷയുമാണ് അന്നു മരണത്തിനു കീഴടങ്ങിയത്. അനിലും അരുണയും മാർ ബസേലിയസ് എൻജിനീയറിങ് കോളജിലെ ലാബ് ജീവനക്കാരായിരുന്നു.

മരുതൂർ പാലത്തിനു സമീപം കൃഷ്ണ ബേക്കറി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇവർ വാടകയ്ക്കു കഴിഞ്ഞിരുന്നത്. റോഡിനോടു ചേർന്ന ഭാഗത്തു കടമുറികളുടെ താഴെ ത്രികോണാകൃതിയിൽ ഗോഡൗൺ പോലെയുള്ള കെട്ടിടത്തിൽ വായുസഞ്ചാരം കുറഞ്ഞ  ചെറിയ ഹാളും കിടപ്പുമുറിയും മാത്രമാണുണ്ടായിരുന്നത്. രണ്ടു വർഷം മാത്രം പഴക്കമുള്ള റഫ്രിജറേറ്റർ കത്തിയതാണ് മരണകാരണമായത്. ക്ഷണിച്ചു വരുത്തുകയായിരുന്നു. ഏതെങ്കിലും ഒരു ജനൽപാളി തുറന്നിട്ടിരുന്നെങ്കിൽ പോലും മരണം സംഭവിക്കില്ലായിരുന്നുവെന്നാണു വിദഗ്ധർ അഭിപ്രായപ്പെട്ടത്.

നടുക്കം മാറാതെ നടയ്ക്കൽ 

കല്ലുവാതുക്കൽ (കൊല്ലം) ∙ നേപ്പാളിലെ കൂട്ടദുരന്തത്തിന്റെ ഞെട്ടലിൽ‌ നടയ്ക്കൽ ഗ്രാമം. വിനോദയാത്രയ്ക്കിടെ നേപ്പാൾ ടൂറിസ്റ്റ് ഹോമിൽ ശ്വാസംമുട്ടി  തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ (39), ഭാര്യയും കല്ലുവാതുക്കൽ നടയ്ക്കൽ രോഹിണിയിൽ ശശിധരക്കുറുപ്പിന്റെയും പരേതയായ ശ്രീദേവിയുടെയും മകളുമായ ശരണ്യ (34), മക്കളായ ശ്രീഭദ്ര (9), ആർച്ച (7), അഭിനവ് (5) എന്നിവർ മരിച്ചതിന്റെ നടുക്കത്തിലാണു നടയ്ക്കൽ.

എറണാകുളത്തു താമസിക്കുന്ന ശരണ്യയും കുടുംബവും കഴിഞ്ഞ 18നു പുലർച്ചെയാണു നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ചത്. ഒപ്പം താമസിക്കുന്ന പിതാവ് ശശിധരക്കുറുപ്പ് മകളെയും കുടുംബത്തെയും യാത്രയയച്ച ശേഷം നടയ്ക്കലെ കുടുംബ വീട്ടിൽ എത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കും ശരണ്യ പിതാവിനെ വിളിച്ചു യാത്രയുടെ വിവരങ്ങൾ പങ്കുവച്ചിരുന്നു. വിനോദയാത്ര കഴിഞ്ഞു മകളും കുടുംബവും എത്തുമ്പോൾ എറണാകുളത്ത് മടങ്ങിയെത്താനുള്ള തായാറെടുപ്പിലായിരുന്നു ശശിധരക്കുറുപ്പ്.

വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ പിതാവ് ഇന്നലെ രാവിലെ ശശിധരക്കുറുപ്പിനെ വിളിച്ച് രഞ്ജിത്തിന് എന്തോ അപകടം സംഭവിച്ചെന്നു പറഞ്ഞിരുന്നു. എന്നാൽ അതൊരു ദുരന്തത്തിന്റെ സൂചനയാണെന്നു ശശിധരക്കുറുപ്പിനു മനസ്സിലായില്ല. ഉടൻ മകളെയും മരുമകനെയും വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഉച്ചയ്ക്ക് ടിവിയിൽ നിന്നാണു നടുക്കുന്ന വാർത്ത അറിയുന്നത്. പ്രവീണും രഞ്ജിത്തും സഹപാഠികളാണ്.

ശരണ്യ 8-ാം ക്ലാസ് വരെ പഠിച്ചതും വളർന്നതും ഗൾഫിലാണ്. ഇതിനു ശേഷം തിരുവനന്തപുരത്തു സ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു ഡിഫാം പഠിച്ചു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എംഫാം പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പഠനത്തിന്റെ സൗകര്യത്തിനു കൊച്ചിയിലേക്കു താമസം മാറ്റിയെങ്കിലും അവധി ലഭിക്കുമ്പോഴെല്ലാം നടയ്ക്കലെ കുടുംബവീട്ടിൽ എത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com