ADVERTISEMENT

കളിയിക്കാവിള∙ സംസ്ഥാനാതിർത്തി പ്രദേശത്തു നിന്ന് പതിവായി വിദേശയാത്ര നടത്തിയവരെ കുറിച്ച് തമിഴ്നാട് ക്യുബ്രാ‍ഞ്ച് അന്വേഷണം തുടങ്ങി. ചെക്ക്പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ച് കെ‍ാന്ന കേസിലെ പ്രതികളുടെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങളെ തുടർന്നാണിത്. കളിയിക്കവിള, അയിങ്കാമം, ഇടിച്ചക്കപ്ളാമൂട്, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ ഒട്ടേറെപേർ വിസിറ്റിംഗ് വിസയിൽ ഗൾഫ് രാജ്യങ്ങളിലെത്തി മടങ്ങിയതിന്റെ വിശദാംശങ്ങളാണ് പൊലീസ് തേടുന്നത്. പ്രതികളെ സഹായിച്ചെന്ന് സംശയമുള്ള ചിലരുടെ ഫോൺവിളികളെ പിന്തുടർന്നുള്ള അന്വേഷണമാണ് തുടർ വിദേശയാത്രകളിലെത്തിയത്.

പലരുടെയും യാത്രകളുടെ ആവശ്യങ്ങൾ വീട്ടുകാർക്കു തന്നെ വ്യക്തമായി അറിയാത്ത സ്ഥിതിയുണ്ട്. സ്ഥിരയാത്ര നടത്തുന്നവരിൽ പലർക്കും കേരളത്തിലും തമിഴ്നാട്ടിലും പാസ്പോർട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിൽ വ്യത്യസ്ത മേൽവിലാസത്തിൽ വോട്ടർകാർഡ്, റേഷൻകാർഡ് എന്നിവ സമ്പാദിച്ചവരുടെ വിവരങ്ങളും  തെരയുന്നുണ്ട്. പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന അയിങ്കാമം പുന്നയ്ക്കാട്ടുവിള സ്വദേശി സെയ്ദലിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പെ‍‍ാലീസ്. പ്രതികളടക്കം പ്രവർത്തിച്ചിരുന്ന തീവ്രവാദ  സംഘടനയ്ക്കായി  ചില വ്യാപാരികളിൽ നിന്ന് പണം സംഘടിപ്പിച്ച് നല്കിയത് സെയ്ദലിയാണ്.

ഇയാളും അടുത്തിടെ പലതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. കെ‍ാലക്കേസിലെ പ്രതികളായ അബ്ദുൾഷമീം, തൗഫീക്ക് എന്നിവർ ഒട്ടേറെതവണ സെയ്ദലിയുടെ വീട്ടിലെത്തിയതായി വീട്ടുകാർ മെ‍ാഴി നല്കി. ചോദ്യം ചെയ്യലിനായി പെ‍ാലീസ് കസ്റ്റഡിയിലെടുത്ത സെയ്ദലിയുടെ മാതാവിനെ  വിട്ടയച്ചു. പ്രതികൾക്ക് വേണ്ടി മധുര ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകസംഘമെത്തിയത് സംഘടനയുടെ പ്രവർത്തനം ശക്തമാണെന്നതിൻെറ തെളിവാണെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.കെ‍ാലക്കേസുകളിലടക്കം പ്രതിയായ അബ്ദുൾഷമീമിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ഡിസംബർ 13ന് മാതാവ് കോടതിയിൽ ഹർജി നൽകിയതിൽ പെ‍ാലീസിന് ഒട്ടേറെ സംശയങ്ങൾ ഉയർന്നിട്ടുണ്ട്.  

പ്രതികൾ പൊലീസ് കസ്റ്റഡിയിൽ 

നാഗർകോവിൽ ∙ കളിയിക്കാവിള ചെക്പോസ്റ്റിൽ എസ്എസ്ഐ വിൽസനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലുള്ള  അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെയാണ്  കോടതി കസ്റ്റഡി യിൽ വിട്ടത്. 31ന് വൈകിട്ട് 4ന് പ്രതികളെ വീണ്ടും ഹാജരാക്കാനും കോടതി നിർദേശിച്ചു. കഴിഞ്ഞദിവസം നാഗർകോവിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 28 ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം പ്രതിഭാഗം അഭിഭാഷകർ എതിർത്തിരുന്നു. ഇതെത്തുടർന്നാണ് കസ്റ്റഡി അപേക്ഷ ഇന്നലെത്തേക്കു പരിഗണിക്കുന്നതിനായി കോടതി മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com