ADVERTISEMENT

തിരുവനന്തപുരം∙ ഗുജറാത്തിൽ നിന്ന് അടുത്തയിടയ്ക്ക് നെയ്യാറിലെത്തിയ നാഗരാജനെന്ന സിംഹത്തിന് മോദിയുടെ സ്വഭാവമാണോ എന്നായിരുന്നു പി.സി.ജോർജിന്റെ സംശയം. പൗരത്വ നിയമം നാഗരാജന് ബാധകമാകില്ലായിരിക്കില്ലല്ലോ എന്ന് തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ നെടുവീർപ്പിട്ടു. സംഭാഷണത്തിനിടയിലെത്തിയ വനംമന്ത്രി കെ.രാജു വിട്ടുകൊടുത്തില്ല–'ജോർജേ, നിങ്ങൾ ചെല്ലുമ്പോൾ സിംഹത്തിനെയങ്ങ് തുറന്നുവിടട്ടേ?'. സിംഹമല്ല, എന്തുവന്നാലും ഒരുകൈ നോക്കാമെന്നായി കൂട്ടത്തിലെ ഏറ്റവും സീനിയറായ ജോർജ്.

കാടിനെയും വന്യമൃഗങ്ങളെയും കൂടുതൽ മനസിലാക്കാനായി നിയമസഭാ സാമാജികർക്കായി കോട്ടൂരിലും നെയ്യാറിലുമായി വനംവകുപ്പ് നടത്തിയ 'കാടറിയാൻ' പരിപാടിയിലാണ് ചിരിയും ചിന്തയും നിറഞ്ഞത്. 50 എംഎൽഎമാരെ പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയത് 10 പേർ മാത്രം. യുഡിഎഫിൽ നിന്നെത്തിയത് സ്ഥലം എംഎൽഎ കൂടിയായ കെ.എസ് ശബരീനാഥൻ മാത്രം. ബാക്കിയുള്ള ഭരണ–പ്രതിപക്ഷ അംഗങ്ങൾ എത്താത്തതിന്റെ പരിഭവം പരിപാടിക്കെത്തിയ എംഎൽഎമാർ മറച്ചുവച്ചുമില്ല.

കൊമ്പനെവിടെ, കൊമ്പെവിടെ?

കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ കുട്ടിയാനകളെ പരിചയപ്പെടുത്തിയപ്പോൾ പലർക്കും അറിയേണ്ടത് ഇതിൽ കൊമ്പനുണ്ടോയെന്ന്. മനുവിനെയും കണ്ണനെയും കാണിച്ചെങ്കിലും തൃപ്തരായില്ല. 'കൊമ്പെവിടെ, ഒന്നും കാണുന്നില്ലല്ലോ' എന്നായി പി.സി ജോർജ്. കൊമ്പ് മുളച്ചുവരുന്ന പ്രായമേ ആയിട്ടുള്ളുവെന്ന് ചെറുചിരിയോടെ വനംവകുപ്പ് ജീവനക്കാർ. തൊട്ടപ്പുറത്തുള്ള പൊടിച്ചി എന്ന ആനയ്ക്ക് പയർ, ഗോതമ്പ്, അരി, ശർക്കര എന്നിവ ചേർത്തുള്ള ഒന്നാന്തരം തീറ്റയും എംഎൽഎമാർ വായിൽവച്ചുകൊടുത്തു. അൽപം പേടിച്ചുമാറിനിന്ന അയിഷ പോറ്റിക്ക് ആനയ്ക്കടുത്തെത്താൻ സപ്പോർട്ട് കൊടുത്തതും ഒപ്പമുള്ളവർ തന്നെ.

എംഎൽഎമാർക്കായി സർക്കാർ സംഘടിപ്പിച്ച കാട് അറിയാൻ പരിപാടിയിൽ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ വഞ്ചി സവാരി ചെയ്യുന്ന എംഎൽഎമാർ.

മാൻ പാർക്കിൽ കുടുംബാസൂത്രണം?

നെയ്യാറിലെ മാൻ പാർക്കിൽ മാനുകളുടെ എണ്ണം വർധിക്കുന്നതിനാൽ ആണിനെയും പെണ്ണിനെയും വേർതിരിക്കാനുള്ള ശ്രമം ആരംഭിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ചോദ്യങ്ങൾ അണപൊട്ടി. അവരുടെ ആഗ്രഹങ്ങൾ എന്തിനാണ് നമ്മൾ നശിപ്പിക്കുന്നതെന്നായി പി.സി ജോർജ്. മാൻ പാർക്കിലും കുടുംബാസൂത്രണം നടത്തുകയാണോ എന്നായിരുന്നു മറ്റുള്ളവരുടെ സന്ദേഹം.

മറ്റ് സംസ്ഥാനങ്ങൾക്ക് മാനിനെ കൊടുത്തിട്ട് സിംഹത്തിനെയോ മറ്റോ വാങ്ങിക്കൂടെയെന്നും ചോദ്യമുയർന്നു. മാൻ എല്ലായിടത്തും യഥേഷ്ടമുള്ളതുകൊണ്ട് ആ കൈമാറ്റം നടക്കില്ലെന്ന് തെല്ല് വ്യസനത്തോടെ മന്ത്രി അറിയിച്ചു. മാനിന് തീറ്റകൊടുക്കുന്നതെങ്ങനെയെന്ന് മറ്റ് എംഎൽഎമാരെ പഠിപ്പിക്കാൻ പി.സി ജോർജ് ചെന്നപാടെ മാൻകൂട്ടം പേടിച്ച് പിൻമാറിയതും ചിരിക്ക് കാരണമായി.

ചീങ്കണ്ണി റിസ്ക്കല്ലേ?

മാൻ പാർക്കിനു സമീപത്തെ ചീങ്കണ്ണിക്കുളത്തിന്റെ ഗേറ്റ് തുറന്ന് മന്ത്രിയുൾപ്പടെയുള്ളവരെ ആനയിക്കുന്നതിനിടെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.കെ കേശവൻ ഒന്നുകൂടി കീഴുദ്യോഗസ്ഥരോട് ചോദിച്ച് ഉറപ്പാക്കി–'റിസ്ക് ഒന്നുമില്ലല്ലോ അല്ലേ?'. ഗ്രീൻ സിഗ്നൽ കിട്ടിയതോടെ ഉള്ളിലേക്ക്. 9 ചീങ്കണ്ണികളും വെള്ളത്തിനടിയിൽ തന്നെ.

നിങ്ങൾ സ്ഥിരം ഫുഡ് കൊടുക്കുന്നവർ വിളിച്ചാൽ വരൂല്ലേ എന്ന് പലരും ചോദിച്ചെങ്കിലും ആരും വെള്ളത്തിൽ നിന്ന് 'തലപൊക്കിയില്ല'. കെ.കുഞ്ഞിരാമൻ, ഇ.കെ വിജയൻ, കെ.ദാസൻ, കാരാട്ട് റസാക്ക്, കെ.ജെ മാക്സി, ജി.എസ് ജയലാൽ തുടങ്ങിയ എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തു. നെയ്യാറിലെ ലയൺ സഫാരിക്കു ശേഷം റിസർവോയറിൽ ബോട്ടിങ്ങും നടത്തിയാണ് സംഘം പിരിഞ്ഞത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com