വിഴിഞ്ഞം തുറമുഖത്തേക്ക് 9 കി.മീ. തുരങ്ക റെയിൽപാത; നിർമാണം ഈ വർഷം

SHARE

വിഴിഞ്ഞം∙അന്തിമ രൂപരേഖക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള റെയിൽ പാത നിർമാണം ഈ വർഷം തുടങ്ങും. അംഗീകാരം ലഭിക്കാൻ രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ )എംഡി: ഡോ.ജയകുമാർ ചെന്നൈയിലെത്തി സതേൺ റെയിൽവേ അധികൃതരുമായി ചർച്ച നടത്തി. അന്തിമ രൂപരേഖയുൾപ്പെടെയുള്ള സാങ്കേതിക അനുമതി ലഭിക്കാനുള്ള ഫീസായ 15 കോടി രൂപ സതേൺ റെയിൽവേക്ക് നൽകുന്നതനുസരിച്ചാകും അനുമതി ലഭിക്കുകയെന്ന് അധികൃതർ പറഞ്ഞു.  തുക ഉടൻ അടയ്ക്കാനാണ് ശ്രമം.

കാലാവധി 42  മാസം; കരാർ കൊങ്കൺ റെയിൽ കോർപറേഷന്

വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന റെയിൽ പാത ഭൂമിക്കടിയിലൂടെയാവും.  വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായി ആകെ 10.7 കിലോ മീറ്റർ നീളത്തിലാണ് പാത നിർമാണം. ഇതിൽ 9.02 കിലോമീറ്ററും തുരങ്കത്തിലൂടെ. ബാലരാമപുരം നേമത്തിനും മധ്യേ മുടവൂർപ്പാറ ഭാഗത്തെത്തി വലത്തോട്ടു ബാലരാമപുരം ഭാഗത്തേക്കു വളയുന്ന നിലയിലാണ് രൂപരേഖ. ഒറ്റ വരി പാത പരമാവധി 35 മീറ്ററിലും കുറഞ്ഞത് 15 മീറ്ററും താഴ്ചയിലാവും നിർമിക്കുക.

1030 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതി 42 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കൊങ്കൺ റെയിൽ കോർപറേഷന് കരാർ നൽകിയിട്ടുള്ളതെന്നു വിസിൽ അധികൃതർ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂഗർഭ പാതയെന്ന പ്രത്യേകതയുണ്ട്.  പാതയുടെ തുടക്കവും ഒടുക്കവുമൊഴിച്ചാൽ നിർമാണത്തിനു ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നതാണു മറ്റൊരു നേട്ടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
FROM ONMANORAMA