ADVERTISEMENT

തിരുവനന്തപുരം ∙  പൗരത്വ നിയമ ഭേദഗതിക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിലെ തോൽവിക്കു ജനങ്ങളോടുള്ള പ്രതികാരമാണു ഡൽഹിയിലെ സംഘപരിവാർ അക്രമമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡൽഹി അക്രമങ്ങൾക്കെതിരെ സിപിഐ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ഏതാനും മാസങ്ങളായി രാജ്യത്തു നടക്കുന്ന സംഭവങ്ങളുടെ തുടർച്ചയാണു ഡൽഹി അക്രമം.

പാർലമെന്റ് പാസാക്കിയ നിയമത്തിൽ കോടതി ഇടപെടൽ ഉണ്ടാകുന്നതുവരെ ജനങ്ങൾ മിണ്ടാതിരിക്കുമെന്നു കരുതിയ ഭരണകൂടത്തിനു ലഭിച്ച തിരിച്ചടിയാണു രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉയർന്നുവന്ന പ്രതിഷേധങ്ങൾ. ഗോലിമാരോ മുദ്രാവാക്യങ്ങളുമായി ഡൽഹിയിൽ അക്രമം നടത്തുന്നതു മറ്റിടങ്ങളിൽ നിന്നു വന്ന രണ്ടു ഹിന്ദു സംഘടനകളാണ്. അക്രമം നടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി മോദി.

എന്നാൽ ഡോണൾഡ് ട്രംപ്  അമേരിക്കയിൽ തിരിച്ചെത്തിയതിനു പിന്നാലെ, ആരും ഡൽഹിയിൽ പോകരുതെന്നാണ് ആവശ്യപ്പെട്ടത്. ഗുജറാത്ത് കലാപത്തിലും വംശഹത്യയിലും നടന്നതുപോലെ ഡൽഹിയിലും ആവർത്തിക്കാനാണു ശ്രമം. ഇതുമൂലം സാധാരണ ജനങ്ങളാണു ദുരിതം അനുഭവിക്കുന്നത്. വർഗീതയുടെ പേരിൽ സംഘപരിവാർ അക്രമം നടത്തുമ്പോൾ മുസ്‌ലിംകളെ സംരക്ഷിക്കുന്നതു താഴെക്കിടയിലുള്ള സാധാരണ ഹിന്ദു കുടുംബങ്ങളാണ്.

ഇതു കാണിക്കുന്നതു രാജ്യത്തെ സാധാരണ ജനങ്ങൾ മതനിരപേക്ഷത ഉയർത്തി പിടിക്കാൻ ശ്രമിക്കുന്നുവെന്നാണ്. ഇതു കാണാതെ വർഗീയത പ്രചരിപ്പിച്ചു മതനിരപേക്ഷത തകർക്കാനാണു ഭരണകൂടം ശ്രമിക്കുന്നതെന്നും കാനം ആരോപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ അധ്യക്ഷത വഹിച്ചു. സി.ദിവാകരൻ എംഎൽഎ , സിപിഐ അസി. സെക്രട്ടറി കെ.പ്രകാശ് ബാബു, ഡ.മേയർ രാഖി രവികുമാർ, മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, വേണു ഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com