ADVERTISEMENT

തിരുവനന്തപുരം∙ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കുരുക്കുകളിൽപെട്ട് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ( മേൽപാലം) യുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ഒരു ഭാഗത്തു കാര്യമായി പണി പുരോഗമിക്കുന്നുണ്ടെങ്കിലും മറുഭാഗത്തു കാര്യമായ അനക്കമില്ല. 2019 ഏപ്രിലിൽ തുടങ്ങിയ നിർമാണം 2021 ഏപ്രിലിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥയെങ്കിലും നിലവിലെ അവസ്ഥയിൽ വീണ്ടും വൈകുമെന്നു ദേശീയപാതാ അധികൃതർ തന്നെ സമ്മതിക്കുന്നു. 

ഇവിടെ പുരോഗതി

ടെക്നോപാർക്ക് മൂന്നാം ഘട്ടം മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ പണി കാര്യമായി പുരോഗമിക്കുന്നുണ്ടെങ്കിലും പിന്നീടുള്ള ഭാഗത്ത് പുരോഗതിയില്ല. സിഎസ്ഐ മിഷൻ ആശുപത്രി വരെയുള്ള 2.72 കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ മൊത്തം 60 തൂണുകളാണ് വേണ്ടത്. ഇതിൽ 30 തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇവയെല്ലാം ടെക്നോപാർക്ക്–കഴക്കൂട്ടം സ്ട്രെച്ചിലാണ്. 60 ഗർഡറുകളും സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം ഇതിനു മുകളിൽ സ്ലാബുകൾ നിരത്തുമെന്നും അധികൃതർ അറിയിച്ചു

ഇവിടെ അനിശ്ചിതത്വം

കഴക്കൂട്ടം ജംക‍്ഷൻ മുതൽ സിഎസ്ഐ മിഷൻ ആശുപത്രി വരെയുള്ള സ്ട്രെച്ചിലാണ് കാര്യമായ പ്രശ്നങ്ങൾ. ഈ ഭാഗത്തെ മുഴുവൻ ഭൂമിയും ഏറ്റെടുത്തു നൽകാനാകത്തതു തുടക്കം മുതലേ കല്ലുകടി സൃഷ്ടിച്ചിരുന്നു. കഴക്കൂട്ടം–മിഷൻ ആശുപത്രി ഭാഗത്ത് 400 മീറ്ററിൽ താഴെ മാത്രമേ പ്രാരംഭ പണികളെങ്കിലും ആരംഭിക്കാൻ കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ള സ്ഥലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസവും നിർമാണത്തെ ബാധിച്ചു. ഇതിനു പുറമേ പലരും നിയമനടപടികളുമായി കോടതിയിലേക്കും നീങ്ങി.

സർവീസ് റോഡും വരണം

എലിവേറ്റഡ് ഹൈവേക്കു സമാന്തരമായുള്ള സർവീസ് റോഡിന്റെ നിർമാണവും ഭൂമി ഏറ്റെടുക്കലിനെ ആശ്രയിച്ചാണ്. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്താലുടൻ വൈദ്യുത പോസ്റ്റുകളും കേബിൾ ലൈനുകളുമെല്ലാം മാറ്റി സ്ഥാപിച്ച് സർവീസ് റോഡിന്റെ നിർമാണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.

മേൽപാലത്തിനു മുകളിലൂടെ പോകുന്ന ഹൈവോൾട്ടേജ് ലൈൻ ഭൂമിക്കടിയിലേക്കു മാറ്റാൻ 4 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇവയൊക്കെ സമയത്തു നടന്നില്ലെങ്കിൽ മേൽപാലം യാഥാർഥ്യമാകാൻ വീണ്ടും കാത്തിരിക്കേണ്ടി വരുമെന്നു ചുരുക്കം.

എലിവേറ്റഡ് ഹൈവേ വരുന്നതോടെ ടെക്നോപാർക്കിനു മുന്നിലെ ഗതാഗതക്കുരുക്കിനു കാര്യമായ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com