ADVERTISEMENT

27ആദിവാസിക്കുടുംബങ്ങൾ ഒന്നരക്കൊല്ലമായി ഷെഡിൽ

‌വെള്ളറട∙ ലൈഫ് ഭവനനിർമാണ പദ്ധതിയിൽ രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ വമ്പൻ ആഘോഷത്തിന് നാളെ സർക്കാർ ഒരുങ്ങുമ്പോൾ അമ്പരന്നു നിൽക്കുകയാണ്  വെള്ളറടയിലെ  27 ആദിവാസി കുടുംബങ്ങൾ. ലൈഫ് പദ്ധതിയിൽ ഒന്നരക്കൊല്ലം മുൻപ് നിർമാണം തുടങ്ങി നോക്കുകുത്തികളായി പാതിവഴിയിൽ നിൽക്കുന്ന തങ്ങളുടെ വീടുകൾക്കു മുന്നിൽ നിസ്സഹായരാവുന്നു ഇവർ.

Thiruvananthapuram News
1. കണ്ണുമാമൂട്ടിൽ ഷിജുവിൻെറ പണി പൂർത്തിയാവാത്ത വീട്, 2. കണ്ണുമാമൂട്ടിൽ ഷിജുവും കുടുംബവും താമസിക്കുന്ന ഷെഡ്.

ഉണ്ടായിരുന്ന കുടിലുകൾ പൊളിച്ചുമാറ്റി പദ്ധതിയിൽ പുത്തൻ വീടിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് താൽക്കാലിക ഷെഡ്ഡിലെ ജീവിതവും പെരുവഴിയിൽ ഭാവിയുമായി അലയുന്നത്. അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിലുൾപ്പെട്ട സെറ്റിൽമെന്റുകളിലാണ് ഈ ദുരിതക്കാഴ്ച.

Thiruvananthapuram News
1. ഗീതയുടെ പണി പൂർത്തിയാവാത്ത വീട്, 2. തെന്മലയിലെ ഗീതയും കുടുംബവും താമസിക്കുന്ന ഷെഡ്.

നിലവിലുള്ള വീടുകൾ പൊളിച്ചു മാറ്റിയാലേ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന നിബന്ധന വന്നതോടെയാണ് ഉള്ള കുടിലുകൾ പൊളിച്ചു കളഞ്ഞ് പുതിയ നിർമാണത്തിനുള്ള സ്ഥലത്തിനടുത്തുതന്നെ ഷെഡ് കെട്ടി ഇവർ കഴിയുന്നത്. കെട്ടിടം പൊളിച്ച് മാസങ്ങൾ ഷെഡിലെ ദുരിത ജീവിതം കഴിഞ്ഞാണ് നിർമാണത്തിനുള്ള ആദ്യഗഡു ലഭിച്ചത്. വീടുനിർമാണം തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. മൂന്നിലൊന്നു തുക ഇനിയും ലഭിക്കാനുണ്ട്.

ഗുണഭോക്താക്കൾ സംഘടിച്ച് താൽക്കാലിക റോഡുകൾ നിർമിച്ച് കെട്ടിട നിർമാണ സാധനങ്ങൾ എത്തിച്ചത്. കഴിഞ്ഞ മഴക്കാലത്ത് ഈ റോഡുകളിൽ പലതും ഒലിച്ചുപോയി. ഇനി വീണ്ടും റോഡ് നിർമിക്കണം. 6ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഇതിൽ 4ലക്ഷം കിട്ടി. ഉണ്ടായിരുന്ന ചെറു സമ്പാദ്യങ്ങളും കൈവായ്പകളും വീടിനായി ചെലവഴിച്ചു. വട്ടിപ്പലിശയ്ക്കെടുത്ത് തട്ടുവാർത്തവരുമുണ്ട്.

തട്ടുവാർത്തതും വാർക്കാനുള്ളതുമായ കെട്ടിടങ്ങളാണ് എല്ലാം. 2 ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഈ വീടുകൾ നോക്കുകുത്തികളായി നിലകൊള്ളുകയാണ്. അടച്ചുറപ്പില്ലാത്ത ഷെഡുകളിൽ കഴിയുന്ന ആദിവാസികുടുംബങ്ങൾ കഴിഞ്ഞ മഴക്കാലം താണ്ടിയത് ഏറെ പണിപ്പെട്ടായിരുന്നു.

എല്ലാ ഷെഡിലും വെള്ളമിറങ്ങി. പാമ്പുകളും,പന്നികളും, കുരങ്ങന്മാരും  ഉപദ്രവിക്കുന്നുമുണ്ട്. കൂട്ടത്തോടെ എത്തുന്ന പന്നികൾ ഷെഡുകളെ കുത്തിമറിക്കുന്നത് പതിവാണ്. വീട്ടുപകരണങ്ങളും തുണികളും എടുത്തുകൊണ്ടു പോവുകയാണ് വാനരസംഘത്തിൻെറ വിനോദം. ഇനിയൊരു മഴക്കാലം നേരിടാനുള്ള ശക്തി ഈ താൽക്കാലിക ഷെഡുകൾക്കും ആദിവാസികുടുംബങ്ങൾക്കും ഇല്ല.

പരിഹാരമില്ലെന്ന് മെംബർ

ആറു ഗഡുക്കളിൽ 2 ഗഡുക്കളാണ് ശേഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ജില്ലാ പഞ്ചായത്തിൻെറ വിഹിതമാണ് ശേഷിക്കുന്നത്. അവിടെയും എസ്ടി ഫണ്ടില്ല. തുക ലഭിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കൾക്ക് കൈമാറും. എസ്ടി വിഭാഗക്കാരെ വീട് പൂർത്തിയായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.ആദിവാസികളുടെ വീടുകൾ പൂർത്തീകരിക്കണമെങ്കിൽ 55,69744 രൂപ വേണമെന്ന് വാർഡ്മെംബർ ഷിബു പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിൽ അമ്പൂരി പഞ്ചായത്തിലെ എസ്ടിവിഭാഗത്തിന് 28 വീടുള്ളതിൽ 27 എണ്ണവും തൊടുമല വാർഡിലാണ്. പ്രശ്നപരിഹാരം കാണുന്നതിനായി എല്ലാ ഓഫിസുകളിലും കയറിയിറങ്ങി. ഗുണഭോക്താക്കളെ സംഘടിപ്പിച്ച് ജില്ലാപഞ്ചായത്ത് ഓഫിസിലും പോയി. പ്രശ്നം ഉടൻപരിഹരിക്കാമെന്ന് ഉറപ്പുനൽകിയാണ് സെക്രട്ടറി ഇവരെ പറഞ്ഞയച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥിതിയിൽ മാറ്റമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com