ADVERTISEMENT

കാഞ്ഞിരംകുളം∙തിരക്കേറിയ ജംക്‌ഷനിൽ ഓടുന്ന വാഹനങ്ങൾക്കു മേൽ കൂറ്റൻ മരം കടപുഴകി വീണു.രണ്ടു ഓട്ടോറിക്ഷകളിലെ ഗർഭിണിയുൾപ്പെടെയുള്ള യാത്രികർക്കും കാൽനടയാത്രക്കാരിക്കും  പരുക്കേറ്റു. മരം മുറിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് സേനാംഗത്തിനു തലയ്ക്കു പരുക്കേറ്റു. കാഞ്ഞിരംകുളം -പഴയകട റോഡിലേക്ക് കാഞ്ഞിരംകുളം ഗവ ഹൈസ്കൂൾ വളപ്പിലെ ഗുൽമോഹർ മരമാണ് മതിലും ഗേറ്റും തകർത്തു വാഹനങ്ങൾക്കു മേൽ പതിച്ചത്.

Thiruvananthapuram News
പരുക്കേറ്റ കൃഷ്ണകുമാർ

ഓട്ടോറിക്ഷ യാത്രികരും  പുതിയതുറ സ്വദേശികളുമായ റോക്കി, അമലോത്ഭവ, മിനി, മെറ്റിൽഡ, ചാണി സ്വദേശി തങ്കമണി എന്നിവർക്കാണ് പരുക്ക്. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. കാൽനടയാത്രികയായ വയോധികക്കും പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി മടങ്ങവെ യാണ് ഒരു ഓട്ടോറിക്ഷയിലെ യാത്രക്കാർ അപകടത്തിൽപ്പെട്ടത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് നാടിനെ ഞെട്ടിച്ച അപകടം.കാഞ്ഞിരംകുളത്തേക്ക് വന്നുകൊണ്ടിരുന്ന രണ്ടു ഓട്ടോകൾക്കു മേലാണ്   മരം   പതിച്ചത്.സ്കൂൾ വളപ്പിലെ ആർക്കും പരുക്കേറ്റില്ല.  നാട്ടുകാരാണ് ആദ്യം രക്ഷാ ദൗത്യം നടത്തിയത്. പിന്നാലെ പൂവാർ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നു ഫയർഫോഴ്സ് വാഹനങ്ങൾ കുതിച്ചെത്തി.

വലിയ മരം മുറിച്ചു നീക്കാനുള്ള ദൗത്യത്തിനിടെ നെയ്യാറ്റിൻകര ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കൃഷ്ണകുമാറി(35)നാണ്  സാരമായി പരുക്കേറ്റത്. കൊമ്പു മുറിക്കാനുള്ള ശ്രമത്തിനിടെ തെന്നി വീണാണ് തലയ്ക്കടിയേറ്റതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഓട്ടോറിക്ഷകൾ പൂർണമായും തകർന്നു. പാർക്കു ചെയ്തിരുന്ന സ്കൂട്ടറും മരത്തിനടിയിൽപ്പെട്ടു.  

തെന്നിമാറിയത് വലിയ അപകടം

കാഞ്ഞിരംകുളം∙ജംക്‌ഷനിൽ മരം കടപുഴകി വീണതിനെതത്തുടർന്ന് തെന്നിമാറിയത് വലിയ അപകടം.ഓടുന്ന വാഹനങ്ങൾക്കു മേൽ മരം പതിച്ചുവെങ്കിലും യാത്രികർ പരുക്കുകളോടെ രക്ഷപ്പെട്ടത് ഭാഗ്യമായി. സ്കൂൾ കെട്ടിടങ്ങൾക്കു മേൽ പതിക്കാത്തതും   റോഡിൽ അധികം ആൾ ഇല്ലാത്തതും സ്കൂൾ വിടുന്ന സമയം അല്ലാത്തതും അപകടത്തിന്റെ ആഘാതം കുറച്ചു. 

അപകടാവസ്ഥയിലായ ഗുൽമോഹർ മരത്തെക്കുറിച്ച് നേരത്തെ തന്നെ മേലധികാരികൾക്ക് റിപ്പോർട്ടു നൽകിയിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കൊമ്പുകൾ മുറിച്ചു നീക്കണമെന്ന നിർദേശം പാലിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com