ADVERTISEMENT

തിരുവനന്തപുരം∙ ലോക്ഡൗണിന്റെ ഭാഗമായി റസ്റ്ററന്റുകളിലെ ഡൈൻ–ഇൻ സംവിധാനം നിർത്തലാക്കി ഹോം ഡെലിവറി മാത്രം അനുവദിച്ചതോടെ പ്രചാരത്തിലാകുന്നത് ഡേറ്റാ അനലിറ്റിക്സ് അനുസരിച്ച് പ്രവർത്തിക്കുന്ന 'ക്ലൗഡ് കിച്ചൺ' ആശയം. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിലും ക്ലൗഡ് കിച്ചണുകളുണ്ടെങ്കിലും കേരളത്തിൽ താരതമ്യേന പുതിയതാണ് ഈ സങ്കൽപം.

ആളുകൾ ഇരുന്നു കഴിക്കുന്ന ഡൈൻ–ഇൻ ഏരിയ കുറച്ച് കിച്ചൺ സ്പെയ്സ് വർധിപ്പിച്ച് വരുമാനം വർധിപ്പിക്കാൻ കഴിയുന്ന രീതി കൂടിയാണ് ക്ലൗഡ് കിച്ചണുകൾ. ഉപയോക്താവിന്റെ താൽപര്യം, ഡിമാൻഡ് എന്നിവയറിഞ്ഞ് അതിന് ഏറ്റവുമധികം യോജിക്കുന്ന മെനുവായിരിക്കും ക്ലൗഡ് കിച്ചണുകളുടെ പ്രത്യേകത. ഇന്ത്യയൊട്ടാകെ ഡൈൻ–ഇൻ റസ്റ്ററന്റുകളുടെ ബിസിനസ് കുറയുമ്പോഴും ഇതേ റസ്റ്ററന്റുകളുടെ തന്നെ ക്ലൗഡ് കിച്ചണുകളുടെ ഡിമാൻഡ് ഏറുകയാണ്.

ഡേറ്റാ പവർ

വിദേശരാജ്യങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം കമ്പനികളുടെ നിയന്ത്രണത്തിലാണ് പല ക്ലൗഡ് കിച്ചണുകളും. നിലവിലുള്ള റസ്റ്ററന്റുകളെ തന്നെയാണ് ഓൺലൈൻ കമ്പനികൾ ക്ലൗഡ് കിച്ചണുകളുണ്ടാക്കാൻ സമീപിക്കുന്നത്. ഒരു നഗരത്തിൽ ഒരു നിശ്ചിത സമയത്ത് ഏറ്റവുമധികം ആളുകൾ കഴിക്കുന്ന ഭക്ഷണമെന്ത്? അതിനൊപ്പം വാങ്ങാൻ ജനം ഏറ്റവുമധികം ആഗ്രഹിക്കുന്ന ഡ്രിങ്ക്സ്, കറികൾ, സ്റ്റാർട്ടേഴ്സ് എന്ത്? വേനൽക്കാലത്ത് നഗരത്തിലെ ഒരു പ്രത്യേക ഭാഗത്ത് ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്യുന്ന ശീതളപാനീയമേത്?

ഊഹിച്ച് മറുപടി പറയാമെങ്കിലും ഡേറ്റയുടെ ആധികാരികതയോടെ പറയാൻ കഴിയുക ഓൺലൈൻ ഫുഡ് ആപ്പുകൾക്കു മാത്രമായിരിക്കും. ഒരു ഹോട്ടൽ ഉടമയ്ക്ക് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെത്തുന്നവരുടെ കാര്യം മാത്രമേ പറയാനാകൂ. ആയിരക്കണക്കിന് ആളുകൾ ഓരോ മണിക്കൂറിലും ഓർഡർ ചെയ്യുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ആപ്പുകൾ ഇക്കാര്യങ്ങൾ വിലയിരുത്തുന്നത്.

യുഎസ് ഉൾപ്പെടെ രാജ്യങ്ങളിലും ഈ ഡേറ്റാ അനലിറ്റിക്സ് ഉപയോഗിച്ച് തയാറാക്കുന്ന ടോപ് 10 മെനുവായിരിക്കും ക്ലൗഡ് കിച്ചണുകൾക്ക് നൽകുക. ഡൈൻ–ഇൻ സംവിധാനമുണ്ടെങ്കിലും കരാറിൽ ഏർപ്പെടുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ ഇവ വിൽക്കാൻ അനുവാദമുണ്ടാകൂ. മെനു കാലക്രമത്തിൽ പരിഷ്കരിക്കുകയും ചെയ്യും. അതായത് നിലവിൽ റസ്റ്ററന്റുള്ളവർക്കു പോലും ഡൈൻ–ഇൻ ഏരിയ കുറച്ച് അതേ കെട്ടിടത്തിൽ മറ്റൊരു ബ്രാൻഡിൽ പുതിയൊരു ക്ലൗഡ് കിച്ചൺ ആരംഭിക്കാം. അതിലെ മെനു പക്ഷേ പൂർണമായും ഓൺലൈൻ ഡെലിവറിക്കു മാത്രമായിരിക്കും.

ഓർഡറുകളിൽ 200 % വർധന !

മിൽമ പാൽ, പാലുൽപന്നങ്ങൾ, വിവിധ കമ്പനികളുടെ ഭക്ഷ്യവസ്തുക്കൾ എന്നിവ രാവിലെ ഓൺലൈൻ ഹോം ഡെലിവറി ചെയ്യുന്ന കവടിയാറുള്ള എഎം നീഡ്സ് എന്ന സ്റ്റാർട്ടപ്പിന് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ലഭിച്ച ഓർഡറുകളിൽ 200 % വർധന. ഓർഡറുകളുടെ ആധിക്യം നിമിത്തം ഇന്നലെ പുതിയ ഓർഡറുകൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് എഎം നീഡ്സ് മേധാവി സുജിത് സുധാകരൻ പറയുന്നു.എഎം നീഡ്സ് മാത്രമല്ല, മിക്ക നഗരത്തിലെ പല സ്ഥാപനങ്ങളും ഹോം ഡെലിവറിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

എന്താണ് ക്ലൗഡ് കിച്ചൺ ? 

പേര് പോലെ തന്നെ ഇന്റർനെറ്റ് ക്ലൗഡിൽ പ്രവർത്തിക്കുന്ന കിച്ചണുകളാണ് ഇവ. അതായത് ഓൺലൈൻ ഡെലിവറിക്കു വേണ്ടി മാത്രം ഭക്ഷണം പാകം ചെയ്യുന്ന ഇടം. പല ക്ലൗഡ് കിച്ചണുകൾക്കും ഡൈൻ–ഇൻ ഏരിയ ഉണ്ടാകില്ല. ഡൈൻ–ഇൻ ഉള്ള പല റസ്റ്ററന്റുകൾക്കും പ്രത്യേക ക്ലൗഡ് കിച്ചണുകളുമുണ്ട്. ഓൺലൈൻ ഡെലിവറി മാത്രമായതിനാൽ ലാഭവുമുണ്ട്. സെർവിങ്, വൃത്തിയാക്കൽ, കറന്റ്, എസി, വെള്ളം എന്നിവയ്ക്കായി കാര്യമായി പണം ചെലവഴിക്കേണ്ടി വരില്ല. ഡൈൻ–ഇൻ ഏരിയ കൂടി പാചകം വിപുലപ്പെടുത്താൻ ഉപയോഗിക്കാം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com