ADVERTISEMENT

തിരുവനന്തപുരം∙ പോത്തൻകോട് കൊച്ചാലുംമൂട് പാട്ടുവിളാകത്ത് അബ്ദുൽ അസീസി(68)നു കൊറോണ വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്നു കണ്ടെത്താനാകാതെ അധികൃതർ. കുടുംബാംഗങ്ങൾക്ക് ആർക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് ആദ്യ പരിശോധനയിൽ കണ്ടെത്തി. അബ്ദുൽ അസീസ് ഉണ്ടായിരുന്ന ചടങ്ങുകളിൽ പങ്കെടുത്ത മറ്റാരും ഇതുവരെ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. ഏറ്റവും അടുപ്പമുള്ളവർക്കു പോലും അസുഖം പകരാത്ത സാഹചര്യത്തിൽ പോത്തൻകോട് വച്ചായിരിക്കില്ല അബ്ദുൽ അസീസിനു വൈറസ് ബാധ ഉണ്ടായതെന്നാണ് ഒരു വാദം.

പ്രവാസിയായ ഉറ്റ ബന്ധുവിൽ നിന്നാകാം ഇദ്ദേഹത്തിനു വൈറസ് ബാധിച്ചതെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാൽ സൗദിയിലേക്കു മടങ്ങിപ്പോയ ബന്ധു പൂർണ ആരോഗ്യവാനായിരിക്കുന്നു എന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.പനി ബാധിച്ച് അബ്ദുൽ അസീസിനെ കൊണ്ടു പോയ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും അധിക നേരം ഉണ്ടായിരുന്നില്ല. 23 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോൾ നേരെ കൊറോണ ഐസലേഷൻ വാർഡിലാണു പ്രവേശിപ്പിച്ചത്.

ഇദ്ദേഹം മാസ്ക് ഉൾപ്പെടെ സുരക്ഷാ വസ്തുക്കൾ ഉപയോഗിക്കാൻ വിസമ്മതിച്ചിരുന്നു. ഇവിടെ വച്ചാണ് ആദ്യ സാംപിൾ പരിശോധനയ്ക്ക് അയച്ചത്. മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്ന അബ്ദുൽ അസീസിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യ പരിശോധനാ ഫലം വന്നു. അതിൽ നെഗറ്റീവ് ആയിരുന്നു. വീണ്ടും സാംപിൾ അയച്ചപ്പോഴാണു പോസിറ്റീവ് ആണെന്ന് അറിയുന്നത്. ഞായറാഴ്ച വൈകിട്ട് ആ ഫലം വരുമ്പോൾ രോഗി അത്യാസന്ന നിലയിലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com