ADVERTISEMENT

തിരുവനന്തപുരം∙ മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ നൽകാതെ അരുവിക്കര ഡാം അർധരാത്രി തുറന്നു വിട്ടും കരമനയാറിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് അപായസൂചന നൽകാതെയും തലസ്ഥാന നഗരത്തിൽ ജനത്തിന്റെ ജീവൻ പന്താടി ജില്ലാ ഭരണകൂടം. നഗരത്തിലെത്തുന്ന വെളളം ഒഴുകിപ്പോകേണ്ട രണ്ടു ആറുകളിലും ക്രമാതീതമായി വെള്ളം ഉയർന്നിട്ടും ആളപായമുണ്ടാകാത്തത് ഭാഗ്യം കൊണ്ടു മാത്രം.

കരകൾ കവിഞ്ഞൊഴുകിയ വെള്ളം നൂറുകണക്കിന് വീടുകളിൽ ഇരച്ചുകയറി. തലസ്ഥാന നഗരത്തിന്റെ വലിയൊരു ഭാഗം മുങ്ങി. വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മിനിയാന്നു വൈകിട്ടു മുതലേ ശക്തമായ മഴ തുടങ്ങിയിരുന്നു. അർധരാത്രിയോടെ  മഴ വ്യാപകമായി. അരുവിക്കര ഡാം കവിഞ്ഞൊഴുകുന്നതൊഴിവാക്കാൻ ജല അതോറിറ്റി പുലർച്ചെ 2 മുതൽ 4 നാലു മണി വരെ 5 ഷട്ടറുകളും ഒരുമിച്ച് പൂർണമായി തുറന്നു.

നാലു മണിക്കു ശേഷം  4 ഷട്ടറുകൾ 1.25 മീറ്റർ വീതവും ഒരെണ്ണം ഒരു മീറ്ററുമാക്കി നിജപ്പെടുത്തി. ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിനു സന്ദേശം കൈമാറിയിരുന്നതായും കലക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചിരുന്നതായും ജല അതോറിറ്റി അരുവിക്കര എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. പൊലീസ് സ്റ്റേഷനിലും വിവരം കൈമാറിയിരുന്നു.

എന്നാൽ ജില്ലാ ഭരണകൂടം  ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി പൊലീസ് മൈക്ക് അനൗൺസ്മെന്റ് നടത്തേണ്ടതാണെങ്കിലും അതുമുണ്ടായില്ല. നെടുമങ്ങാട് ഭാഗത്തെ ശക്തമായ മഴ കാരണം കിള്ളിയാറും കരകവിയാൻ തുടങ്ങി. രണ്ടു ആറുകളിലേയും ജലം ഉൾ‍ക്കൊള്ളാൻ കഴിയാതെ  നഗരത്തിന്റെ വലിയൊരു ഭാഗം പൂർണമായി  മുങ്ങി.

പുലർച്ചെയോടെയാണ് കരമന, കിള്ളിയാറിന്റെ വശങ്ങളിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതെന്നതു മാത്രമാണ് അപകട തീവ്രത കുറച്ചത്. ഡാം തുറക്കുന്നത് കുറച്ചുകൂടി നേരത്തേ ആയിരുന്നുവെങ്കിൽ ഭൂരിഭാഗം ജനങ്ങളും ഉറക്കത്തിലായിരിക്കെ വീടുകളിൽ വെള്ളം കയറുകയും വലിയ ദുരന്തം ഉണ്ടാവുകയും ചെയ്യുമായിരുന്നു.  ദുരന്തം നേരിടുന്നതിന് ജില്ലാ ഭരണകൂടം കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും വിമർശനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com