ADVERTISEMENT

തിരുവനന്തപുരം∙ അർധരാത്രിക്കു ശേഷം പെയ്ത ശക്തമായ മഴയിൽ നഗരത്തിൽ ഇതുവരെ കാണാത്ത ദുരിതം. താഴ്ന്ന പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായപ്പോൾ  നാനൂറോളം വീടുകളിലും വെള്ളം കയറി.  മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും അപകടങ്ങളുണ്ടായി.   മഴയ്ക്ക് ശമനമായത് 4 മണിക്കൂറിനു ശേഷം. മിക്ക റോഡുകളിലും വെള്ളം കയറിയതിനെ തുടർന്ന് ഉച്ചവരെ ഗതാഗത തടസവുമുണ്ടായി.

അരുവിക്കര ഡാം തുറന്നതിനെ തുടർന്ന് കരമനയാറും നെടുമങ്ങാട് ഭാഗത്ത് ശക്തമായ മഴ കാരണം കിള്ളിയാറും കരകവിഞ്ഞതാണ് ദുരിതപ്പെയ്ത്തിനു കാരണമായത്. ആറ്റുകാൽ പാടശേരി, കുണ്ടമൺകടവ് പാലത്തിനു സമീപം, തിട്ടമംഗലം കരിമൺകുളം ഏലാ റോഡ്, ഗൗരീശപട്ടം എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നത്.

ഇവിടെ 13 പേരെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. കരമനയാർ കരകവിഞ്ഞതിനെ തുടർന്ന് നടൻ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടിൽ രണ്ടാം തവണയും വെള്ളം കയറി. കഴിഞ്ഞ കാലവർഷത്തിലും ഈ വീട്ടിൽ വെള്ളം കയറിയിരുന്നു. ഫയർഫോഴ്സിന്റെ ഡിങ്കിയിലാണ് ഇക്കുറി  വീടുകളിൽ കുടുങ്ങിയ മല്ലികയുൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്.

മരുതംകുഴി, ജഗതി, ഇടപ്പഴിഞ്ഞി, കൊച്ചാർ റോഡ്, പാപ്പനംകോട് തുടങ്ങി കിള്ളിയാറിന്റെ ഇരു വശങ്ങളിലും വെള്ളം പൊങ്ങി.മരുതംകുഴി പഴയപാലത്തിൽ തൊട്ടാണ് വെള്ളമൊഴുകിയത്. പൂജപ്പുര ശിവ റോഡ്, കിള്ളിപ്പാലം സിഐടിയു റോഡ്, ഗൗരീശപട്ടം തൈക്കൂട്ടത്തിൽ റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി.   

അട്ടക്കുളങ്ങര ബൈപാസ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി.  ഓട നിർമാണം അനന്തമായി നീളുന്ന എസ്എസ് കോവിൽ റോഡിലും അരയാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിലെ വെള്ളം കൂടിയായതോടെ തമ്പാനൂരും മുങ്ങി. മരപ്പാലം പട്ടം താണുപിള്ള റോഡ്, നേമം സ്റ്റുഡിയോ റോഡ്, റവന്യു മന്ത്രിയുടെ വസതി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് മരം കടപുഴകി നാശനഷ്ടമുണ്ടായത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com