ADVERTISEMENT

വെഞ്ഞാറമൂട്∙ അപകടത്തിൽപ്പെട്ട് അബ്കാരി കേസിൽ അറസ്റ്റിലായ പ്രതിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കാൻ അധികൃതർ കഠിന പ്രയത്നത്തിൽ. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടതെന്നറിയാൻ ഏറെ ബുദ്ധിമുട്ടുകയാണ് ആരോഗ്യ വകുപ്പ്. വെഞ്ഞാറമൂട് സ്വദേശിയായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനും മറ്റു രണ്ടു പേരടങ്ങുന്ന സംഘവും 22നാണ് പാറയ്ക്കലിനു സമീപത്ത് അപകടത്തിൽപ്പെട്ടത്. കാറിൽ സഞ്ചരിച്ച സംഘം വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വന്ന പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു. ഇതിനു ശേഷം കടന്നു കളയാൻ ശ്രമിക്കവേ പൊലീസ് പിന്തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.  

റിമാൻഡ് ചെയ്യാൻ ജയിലിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ്  പോസിറ്റീവ് ഫലം വന്നത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ,കന്യാകുളങ്ങര ഗവ.ആശുപത്രി ഉദ്യോഗസ്ഥർ , അതിനു ശേഷമുള്ള പൊതു പരിപാടിയിൽ പങ്കെടുത്ത എംഎൽഎ ഉൾപ്പെടെയുള്ള പൊതു പ്രവർത്തകർ തുടങ്ങിയവർ വീടുകളിൽ നിരീക്ഷണത്തിലായി. വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രോഗി അറസ്റ്റിലാകുന്നതിനും 14 ദിവസം മുൻപു മുതലുള്ള  സമ്പർക്കങ്ങളുടെ ലിസ്റ്റ് തയാറാക്കി. 

സമ്പർക്കത്തിലായവർ 400 ൽ ഏറെ? 

വെഞ്ഞാറമൂട്∙ വെഞ്ഞാറമൂട്ടിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക 400 നു മുകളിലായിരിക്കുമെന്ന് വിലയിരുത്തൽ. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ 66 പേരാണ് നിരീക്ഷണത്തിലായത്. ഇതിൽ 16 പേർ രോഗിയുമായി നേരിട്ടിടപെട്ടവരും ബാക്കിയുള്ളവർ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുമാണ്. പ്രതിയെ സ്റ്റേഷനിൽ കാണാൻ വന്നതിൽ ഏഴുപേർ നേരിട്ടുള്ള സമ്പർക്കത്തിലായി. ഇതിൽ പ്രതിയെ ആശുപത്രിയിലേക്കു കൊണ്ടു പോയ ആംബുലൻസ് ഡ്രൈവറും ഉണ്ട്. ഇദ്ദേഹത്തിന് ഒരു കെയർ ഹോമുമായി ബന്ധമുള്ളതിനാൽ അവിടെയുള്ളവരും വീട്ടിൽ നിരീക്ഷണത്തിലാണ്.അവിടെ 15 പേരുണ്ട്.

പുളിമാത്ത് പഞ്ചായത്തിൽ ഇദ്ദേഹത്തിന്റെ സഹോദരനും അമ്മയും ബൈക്കിൽ വെഞ്ഞാറമൂട്ടിലെത്തിച്ച സുഹൃത്തും നേരിട്ടുള്ള സമ്പർക്ക പട്ടികയിലായി. ഇവരുമായി ബന്ധപ്പെട്ട 20 പേരും  നിരീക്ഷണത്തിലായി. പുല്ലമ്പാറയിൽ ഇദ്ദേഹം രണ്ടു സുഹൃത്തുക്കളെ കാണാൻ എത്തിയിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി വരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ കുടുംബ വിവരങ്ങളും പരിശോധിക്കുന്നു. രോഗി വെളിപ്പെടുത്താത്ത ധാരാളം പേരും ഉണ്ടായേക്കും. ഇതു കൂടിയാകുമ്പോൾ സമ്പർക്കത്തിലായവരുടെ എണ്ണം 400 കഴിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

ഡോക്ടറും നഴ്സും ക്വാറന്റീനിൽ

വെഞ്ഞാറമൂട്∙ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒരു വനിതാ ഡോക്ടറും സ്റ്റാഫ് നഴ്സും ക്വാറന്റീനിലായി. വാമനപുരം ആനച്ചൽ നിരാഹാര സമരം നടത്തുന്ന പ‍ഞ്ചായത്ത് അംഗത്തിനു ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ നിന്നു പൊലീസ് ഡോക്ടറും നഴ്സുമായെത്തി പരിശോധന നടത്തിയിരുന്നു. ഈ ദിവസമാണ്അറസ്റ്റും നടന്നത്. അറസ്റ്റിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനും പ്രതികളെ സ്റ്റേഷനിൽ എത്തിക്കാൻ അദ്ദേഹം ഉപയോഗിച്ച ജീപ്പുമാണ് ഡോക്ടറെ കൊണ്ടു പോകാനായി ആശുപത്രിയിലെത്തിയത്. ഇതു കാരണമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ക്വാറന്റീനിലായത്.

സമ്പർക്ക രീതി ഇങ്ങനെ 

11ന് രോഗിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പാപ്പനംകോട് പോയി   കാർ വാങ്ങി.( ഈ വാഹനമാണ് അപകടത്തിൽപ്പെട്ടത്). 12ന് കാർ കഴക്കൂട്ടത്തെ വർക് ഷോപ്പിൽ കൊണ്ടുവന്നു. ഇവിടെ രണ്ടു പേരെ പരിചയപ്പെട്ടു. 13ന് മുടിവെട്ടുന്നതിനായി കാവറയിലെ ഒരു വീട്ടിലെത്തി. അന്നു തന്നെ ചിറയിൻകീഴിൽ ഡോക്ടറെ കാണാൻ പോയി. 14ന് പാലോട് നന്ദിയോട് രണ്ടിൽ കൂടുതൽ ആൾക്കാരെ പരിചയപ്പെട്ടു. തുടർന്ന് മാംസവും വാങ്ങി മാതാവ് താമസിക്കുന്ന പുളിമാത്ത് വീട്ടിൽ എത്തി. 15 മുതൽ 22 വരെ മണലിമുക്ക്, തേമ്പാംമൂട്, വേങ്കമല, ഇതിനടുത്തുള്ള മുറുക്കാൻകട, പേരുമല, നാഗരുകുഴി, പിരപ്പൻകോട്, വെമ്പായം തുടങ്ങിയ സ്ഥലങ്ങളിലെത്തി വിവിധ ആൾക്കാരുമായി സമ്പർക്കത്തിലായെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com