ADVERTISEMENT

തിരുവനന്തപുരം∙ വേളി ടൂറിസ്റ്റ് വില്ലേജിൽ യന്ത്രസഹായത്തോടെ ഇറക്കാൻ എത്തിച്ച ലോഡിനു നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ ഗുണ്ടായിസം. ടൂറിസം വകുപ്പിന്റെ മിനിയേച്ചർ റെയിൽവേ പദ്ധതിക്കായി കൊണ്ടുവന്ന എൻജിനും ബോഗികളും ഒരു സംഘം തൊഴിലാളികൾ തടഞ്ഞിട്ടു. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങി ഏഴു യൂണിയനുകളിലെ തൊഴിലാളികാണ് ലോഡിറക്കുന്നത് തടഞ്ഞത്. 65000 രൂപ നോക്കുകൂലി ചോദിച്ച ഇവർ ലോഡ് എത്തിച്ച കരാറുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രെയിൻ ഉപയോഗിച്ചു ഇറക്കുന്ന ലോഡിനു ചുമട്ടുതൊഴിലാളികൾക്ക് തർക്കം ഉന്നയിക്കാൻ കഴിയില്ലെന്നു തൊഴിൽ വകുപ്പ് അധികൃതർ അറിയിച്ചിട്ടും ഇവർ തടസം നിന്നു. ഇതോടെ രാവിലെ 8നു എത്തിച്ച ലോഡ് രാത്രി കഴിഞ്ഞും ഇറക്കാൻ കഴിഞ്ഞില്ല.

മൂന്നു ബോഗിയും എൻജിനുമടക്കം 15 ടൺ ആണു ഇന്നലെ എത്തിച്ചത്. ലോറി എത്തിയതിനു പിന്നാലെ തൊഴിലാളികൾ സംഘടിച്ചു. യന്ത്ര സഹായത്തോടെ മാത്രമേ ലോഡ് ഇറക്കാനാകൂ എന്നും നോക്കുകൂലി നൽകില്ലെന്നും കരാറുകാരായ ഊരാളങ്കൽ ലേബർ കോൺ ട്രാക്റ്റ് സൊസൈറ്റി നിലപാട് എടുത്തു. തർക്കം രൂക്ഷമായതോടെ കരാറുകാർ പൊലീസിന്റേയും ലേബർ ഓഫിസറുടെയും സഹായം തേടി. പൊലീസ് സംരക്ഷണത്തിൽ ലോഡ് ഇറക്കാൻ ലേബർ ഓഫിസർ അനുമതി നൽകിയെങ്കില്ലും പൊലീസ് ഇതിനു തയാറായില്ല. ടൂറിസം വകുപ്പ് ഒൻപത് കോടി രൂപ മുടക്കിയാണ് മിനിയേച്ചർ പദ്ധതി നടപ്പാക്കുന്നത്. നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് നോക്കൂകൂലി തർക്കം വഴിമുടക്കിയത്.

ലേബർ വകുപ്പ് അധികൃതർ:
ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്ന ലോഡിന് തർക്കം ഉന്നയിക്കാൻ തൊഴിലാളികൾക്ക് അവകാശമില്ല. ചുമട്ടുതൊഴിലാളി നിയമത്തിൽ ഇക്കാര്യം വ്യക്തമായി പറയു ന്നുണ്ട്. അംഗീകൃത ലേബർ കാർഡ് ഇല്ലാത്ത ഒരു കൂട്ടം ആളുകളാണ് ഇവിടെ ചുമട്ടു തൊഴി ലാളികളായി പ്രവർത്തിക്കുന്നത്.

∙വി.ആർ.പ്രതാപൻ (ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ) :
ചെയ്യാത്ത തൊഴിലിനു കൂലി കൊടുക്കേണ്ടതില്ല. ഐഎൻടിയുസി ഇതിനെ പ്രോത്സാഹിപ്പിക്കില്ല.

∙വി.ശിവൻകുട്ടി (സിഐടിയു സംസ്ഥാന സെക്രട്ടറി) :
പ്രശ്നം ഉണ്ടാക്കിയവരിൽ യൂണിയൻ അംഗങ്ങൾ ഉണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. അംഗീകൃത യൂണിയൻ ഇല്ലാത്ത സ്ഥലങ്ങളിൽ ആളുകൾ ലോഡ് ഇറക്കുന്നുണ്ട്. അവർ പ്രശ്നം ഉണ്ടാക്കുമ്പോൾ അത് യൂണിയന്റെ തലയിൽ വരുന്നതാണ് പതിവ്. സിഐടിയു നോക്കുകൂലി അംഗീകരിക്കുന്നില്ല. അത് യൂണിയന്റെ നയവുമല്ല. വിഷയത്തിൽ പരിശോധിച്ചു നടപടി എടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com