ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് ബാധിതരെന്ന് ആരോപിച്ചു വാടകവീട്ടിൽ നിന്നു ഇറക്കിവിട്ടതിനെ തുടർന്നു ഭക്ഷണവും പണവുമില്ലാതെ സ്കൂൾ വരാന്തയിൽ കഴിഞ്ഞ അച്ഛനും രണ്ടു മക്കൾക്കും താൽക്കാലിക അഭയം. വലിയതുറയിലെ ഒറ്റമുറി വീട്ടിൽ നിന്നു വീട്ടുടമ പുറത്താക്കിയ കൊല്ലം സ്വദേശി രാജു, മക്കളായ ജോഷ്വ(12), മോശ(14​) എന്നിവരെ ചൈൽഡ് ലൈനും റവന്യൂ വകുപ്പും ഇടപ്പെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

കുട്ടികളെ പൂജപ്പുരയിലെ ചിൽഡ്രൻസ് ഹോമിലും രാജുവിനെ കിഴക്കേക്കോട്ടയിലെ പുനരധിവാസ കേന്ദ്രത്തിലും പാർപ്പിച്ചു.ഭാര്യ മരിച്ച ശേഷം ജോലി തേടിയാണ് രാജു കൊല്ലത്തു നിന്നെത്തിയത്. ഹൃദ്രോഗത്തിന്റെ അവശതകൾക്കിടിയിലും നഗരത്തിൽ പലയിടത്തായി ഹോട്ടലിൽ ജോലി ചെയ്തും കൂലി പണിയെടുത്തും കുട്ടികളെ പഠിപ്പിച്ചു.

കഴിഞ്ഞ ദിവസം കുട്ടികൾക്കു പനി പിടിച്ചതോടെ കോവിഡ് ആരോപിച്ചു വീട്ടുടമ ഇറക്കിവിട്ടു. പിന്നീട് കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചിട്ടും താമസിക്കാൻ അനുവദിച്ചില്ല. പുതിയ വീട് തരപ്പെടുത്താൻ പണം ഇല്ലാത്തതിനാൽ ഫോർട്ട് സ്കൂളിലെ വരാന്തയിൽ അഭയം തേടി. ആദ്യ ദിവസം ഭക്ഷണം ഇല്ലാതെ കഴിച്ചുകൂട്ടി. പിന്നീട് ചിലർ നൽകിയ ഭക്ഷണ പൊതി കൊണ്ടു അരവയർ നിറച്ചു. ഇവരുടെ ദുരിതം വാർത്ത ആയതോടെ സർക്കാർ ഇടപ്പെടുകയായിരുന്നു. ഇവർക്ക് വീട് വച്ചു നൽകാമെന്നു സന്നദ്ധ സംഘടനകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com