ADVERTISEMENT

ബാലരാമപുരം∙ ഭർതൃഗൃഹത്തിൽ പട്ടാപ്പകൽ ഭർത്താവും ഭർതൃമാതാവും മാത്രമുള്ളപ്പോൾ യുവതി മരിച്ച സംഭവത്തിൽ വിഴിഞ്ഞം പൊലീസിന്റെ അന്വേഷണം ഇഴയുകയാണന്നാരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കു പരാതി നൽകി. ബാലരാമപുരം ഐത്തിയൂർ കരയ്ക്കാട്ടുവിള ഷംന മൻസിലിൽ എ.ഷാജഹാന്റെ മകൾ ഷഹാനയെയാണ് കഴിഞ്ഞ മാസം 5 ന് വിഴിഞ്ഞം ഉച്ചക്കടയിലുള്ള ഭർത്താവ് ഷഫീക്കിന്റെ വീട്ടിൽ ഉച്ചയ്ക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ ദിവസം ഒരു മണിക്ക് ഫോണിൽ പിതാവ് ഷാജഹാനോട് ഉടനെ ബാലരാമപുരത്തെ വീട്ടിലേക്ക് വരികയാണെന്ന് മകൾ അറിയിച്ചിരുന്നു. ഇതിന് അരമണിക്കൂറിനു ശേഷം ഭർത്താവിന്റെ അമ്മ ഉടൻ ആശുപത്രിയിൽ എത്തണമെന്ന് ഷഹാനയുടെ വീട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ മകളുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു. ഇതിനിടയിൽ വീട്ടിൽ എന്ത് സംഭവിച്ചുവെന്ന കാര്യം ലോക്കൽ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അഞ്ചുവർഷം മുമ്പ് വിവാഹിതരായ ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനും ഉണ്ട്. സംഭവത്തിന് ശേഷം ഭാര്യാ വീട്ടുകാരുമായി ഷഫീക്ക് ബന്ധപ്പെടുകയോ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് മകളെ ഉപദ്രവിക്കുമായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന കാര്യം ഇരുവരുടെയും വീട്ടിൽ അറിവുള്ളതാണ്. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കിടാറുണ്ടായിരുന്നുവത്രെ.

വീട്ടിൽ നടക്കുന്ന സംഭവങ്ങൾ മകൾ ഡയറിയിൽ കുറിക്കുന്ന പതിവുണ്ടെന്നും ഇപ്പോൾ അത് കാണാനില്ലെന്നും പറയുന്നു. ഡയറിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയോ ഭർത്താവിനെയോ ബന്ധുക്കളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഷഫീക്ക് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണം ഇഴയുന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

കേസിന്റെ അന്വേഷണം ഫോർട്ട് എസിയുടെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് വിഴിഞ്ഞം എസ്ഐ എസ്.എസ്. സജി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com