ADVERTISEMENT

തിരുവനന്തപുരം∙ പ്രതിദിന കോവി‍ഡ് രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ജില്ല. ഇന്നലെ മാത്രം 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമായി. രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ആദ്യമായി നൂറു കടന്നു. നന്ദാവനം എ ആർ ക്യാംപിലും സെക്രട്ടറിയേറ്റ് പരിസരത്തും ജോലി നോക്കിയിരുന്ന നഗരൂർ, ചെമ്മരുത്തുമല സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനു (46) രോഗം സ്ഥിരീകരിച്ചതിനാൽ സെക്രട്ടേറിയേറ്റ് ഉൾപ്പെടെയുള്ള സ്ഥലം കണ്ടെയ്ൻമെന്റ് സോൺ ആകാനുള്ള സാധ്യതയേറി. നേരത്തെ കണ്ടെയ്ൻമെന്റ് സോണായിരുന്ന കരിക്കകം വാർഡിൽ ഉൾപ്പെടുന്ന ആനയറയിൽ കഴിഞ്ഞ മാസം 23 ന് ഇദ്ദേഹം ജോലി നോക്കിയിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 27 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 30ന് കോവിഡ് പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ മാസം 16ന് ജമ്മു കശ്മീരിൽ നിന്ന് നാട്ടിലെത്തിയ വെള്ളനാട് സ്വദേശി (31)യായ സിആർപിഎഫ് ജവാനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് അതിർത്തിയോടു ചേർന്ന പാറശാല കോഴിവിള സ്വദേശിനി (25) യാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. യാത്രാ പശ്ചാത്തലമില്ലാത്തതിനാൽ കോഴിവിഴ സ്വദേശിക്ക് രോഗം പടർന്ന ഉറവിടം അറിയാത്തത് ആശങ്കയുണ്ടാക്കുന്നു. പുത്തൻപള്ളിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവനായ മണക്കാട് പരുത്തിക്കുഴി സ്വദേശി (38) ക്കും ഇന്നലെ രോഗം കണ്ടെത്തി. ഇദ്ദേഹത്തിന് സമ്പർക്കം വഴി രോഗം പകർന്നുവെന്നാണ് വിലയിരുത്തൽ. വിദേശത്തു നിന്നു മടങ്ങിയെത്തിയ 13 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24ന് കുവൈറ്റിൽ നിന്നും നെടുമ്പാശേരിയിലെത്തിയ നെയ്യാറ്റിൻകര ആർസി സ്ട്രീറ്റിലെ ഒരു കുടുംബത്തിലെ 3 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 47കാരനു പുറമേ ഇദ്ദേഹത്തിന്റെ ഒരു വയസുള്ള മകനും 7വയസുള്ള മകൾക്കുമാണ് ഇന്നലെ രോഗം കണ്ടെത്തിയത്. 3 പേരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച കോവിഡ് പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിച്ചത്. 

29ന് സൗദി അറേബ്യയിൽ നിന്നെത്തിയ കന്യാകുമാരി തിരുവെട്ടാർ സ്വദേശി (49),  യുഎഇയിൽ നിന്നെത്തിയ തമിഴ്‌നാട് കുറ്റാലം സ്വദേശി (30), ഷാർജയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി (27),  സൗദി അറേബ്യയിൽ നിന്നും കരിപ്പൂരെത്തിയ നെടുമങ്ങാട് സ്വദേശി (31), 30ന് ദമാമിൽ നിന്ന് കരിപ്പൂരെത്തിയ വർക്കല ശ്രീനിവാസപുരം സ്വദേശി (36), ദമാമിൽ നിന്നെത്തിയ തോണിപ്പാറ ഹരിഹരപുരം അയിരൂർ സ്വദേശി (53), ദുബായിൽ നിന്നെത്തിയ നേമം സ്വദേശി (36), ദുബായിൽ നിന്നെത്തിയ കാട്ടാക്കട കുളത്തുമ്മൽ സ്വദേശി (52), സൗദി അറേബ്യയിൽ നിന്നെത്തിയ ചെമ്മരുതി ശ്രീനിവാസപുരം സ്വദേശി (45) എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച വിദേശത്തു നിന്നെത്തിയവർ. നെടുമങ്ങാട് സ്വദേശി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സയിലാണിപ്പോൾ. കഴിഞ്ഞ 30ന് ചെന്നൈയിൽ നിന്ന് റോഡുമാർഗം നാട്ടിലെത്തിയ തിരുമല സ്വദേശി (27) ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. 

773 പേർ കൂടി രോഗ ‌നിരീക്ഷണത്തിൽ

ജില്ലയിൽ ഇന്നലെ 773 പേർ കൂടി രോഗ നിരീക്ഷണത്തിലായി. 698 പേർ രോഗ ലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. രോഗലക്ഷണങ്ങളുമായി 46 പേരെ കൂടി പ്രവേശിപ്പിച്ചതോടെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിനുളളവരുടെ എണ്ണം 233 ആയി. അതേസമയം, 49 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ 18,009 പേർ വീടുകളിലും 2,048 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com