ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് ഗേറ്റിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് സെക്രട്ടേറിയറ്റിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗിക യോഗങ്ങളിൽ ചായ, ലഘുഭക്ഷണം എന്നിവയുടെ വിതരണം ഒഴിവാക്കി.മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്തിടപഴകേണ്ടി വരുന്ന ജീവനക്കാർ പൊതുഗതാഗത സംവിധാനം ഒഴിവാക്കി സ്വകാര്യവാഹനങ്ങളിൽ ഓഫിസിൽ എത്തണം. ലിഫ്റ്റിൽ ഓപ്പറേറ്റർ അടക്കം ഒരു സമയത്ത് 4 പേരിൽ കൂടുതൽ പാടില്ലെന്നും നിർദേശിച്ചു. സർവീസ് സംഘടനകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ. ഫിസിക്കൽ ഫയൽ പരമാവധി ഒഴിവാക്കി ഇ-ഫയൽ ഉപയോഗിക്കണം.

ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്നവർ ആവശ്യമായ രേഖകൾ കാണിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടേയോ രേഖാമൂലമുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലേ മറ്റുളളവർക്ക് പ്രവേശനം അനുവദിക്കുകയുളളൂ. ഇതിനാവശ്യമായ ക്രമീകരണം ചീഫ് സെക്യൂരിറ്റി ഓഫിസർ ഏർപ്പെടുത്തും. ജീവനക്കാർ അനാവശ്യമായി മറ്റു വകുപ്പുകൾ സന്ദർശിക്കുന്നത് കർശനമായി ഒഴിവാക്കണം. ക്യാംപസിൽ നിന്നും പുറത്തു പോകുന്നതും സാമൂഹിക കൂട്ടായ്മകളിൽ പങ്കെടുക്കാൻ ഒരുമിച്ച് യാത്രചെയ്യുന്നതും അനുവദിക്കില്ല. ഔദ്യോഗിക യോഗങ്ങൾ അത്യാവശ്യ സന്ദർഭങ്ങളിൽ പരിമിതമായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി കൂടണം. കഴിയുന്നതും ഇതിനായി ഓൺലൈനായി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണം. ഇന്റർവ്യൂകൾ, ഔദ്യോഗിക ഹിയറിങ്ങുകൾ തുടങ്ങിയവ നടത്തുന്നതിന് വീഡിയോകോൾ അടക്കമുളള ഓൺലൈൻ/വെർച്വൽ സംവിധാനങ്ങൾ ഉപയോഗിക്കണം. 

എല്ലാ വാഷ്‌ ബേസിനുകളിലും വാഷ്‌റൂമുകളിലും സോപ്പിന്റെ ലഭ്യത ഉറപ്പാക്കാനും ഇടയ്ക്കിടെ അണുവിമുക്തമാക്കാനും ഹൗസ്‌കീപ്പിങ്  വകുപ്പ് ശ്രദ്ധിക്കണം.അവരവർ ഇരിക്കുന്ന സ്ഥലവും പരിസരവും സാനിറ്റൈസർ ഉപയോഗിച്ച് സ്വയം അണുവിമുക്തമാക്കുവാൻ എല്ലാ ജീവനക്കാരും അതീവ ശ്രദ്ധ ചെലുത്തണമെന്നും സർക്കുലറിൽ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com