ADVERTISEMENT

തിരുവനന്തപുരം∙ ട്രിപ്പിൽ ലോക്ഡൗണിൽ അവശ്യ സാധങ്ങൾക്കായി നെട്ടോടമോടിയ ജനത്തിന്റെ വയറ്റത്തടിച്ചു പൊലീസും സർക്കാരും. ഒരുവശത്തു പൊലീസ് തുറപ്പിച്ച കടകൾ മേയറും സംഘവും അടപ്പിച്ചു. മറ്റു ചില സ്ഥലങ്ങളിൽ പഴവും പച്ചക്കറിയും അഴുകി പോകാതെ വിറ്റുതീർക്കാൻ തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. മുന്നൊരുക്കത്തിന് 1 മണിക്കൂർ പോലും നൽകാതെ മിന്നൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സർക്കാരിന്റെ വകുപ്പുകളുടെ ഏകോപനമില്ലായ്മയുടെ ദൃശ്യമായിരുന്നു ഇന്നലെ തലസ്ഥാന നഗരത്തിൽ.

അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നു പ്രഖ്യാപിച്ചു 6 ഫോൺ നമ്പർ ഡിജിപി നൽകിയെങ്കിലും ഉച്ചകഴിഞ്ഞപ്പോൾ ഫോൺ എടുക്കാൻ പോലും പൊലീസുകാർ ഇല്ലാതായി. ഒടുവിൽ സ്വന്തം ‌വാർത്താക്കുറിപ്പ് വിഴുങ്ങി ഡിജിപി പുതിയ ഉത്തരവിറക്കി. ഞായർ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴേയ്ക്കും കടകൾ ഭൂരിപക്ഷവും പൂട്ടിയിരുന്നു. ഇന്നലെ രാവിലെ അവശ്യ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയവരെ ആദ്യം പൊലീസ് വിരട്ടി. പൊലീസ് നൽകിയ നമ്പറിൽ വിളിച്ചാൽ സാധനങ്ങൾ പൊലീസ് തന്നെ വീട്ടിലെത്തിക്കുമെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ ഗോപിനാഥ് രാവിലെ ടിവി ചാനലിൽ കൂടി അറിയിച്ചു. ഇതു കൂടി കേട്ടതോടെ സഹായത്തിനായി പൊലീസ് നൽകിയ നമ്പറുകളിലേക്കു വിളിയുടെ പ്രവാഹമായി.

പാലും പഴവും അരിയും എന്നു വേണ്ട അവശ്യ സാധങ്ങളുടെ നീണ്ട പട്ടിക പലരും നിരത്തി. ഇവരുടെ വിവരം കൺട്രോൾ റൂമിൽ നിന്നു പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറി. അങ്ങനെയാണു ചില സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറപ്പിച്ചത്. അവരുടെ നമ്പറും വിളിക്കുന്നവർക്കു കൊടുത്തു. ഇത്തരത്തിൽ മെഡിക്കൽ കോളജ് പൊലീസിന്റെ നിർദേശ പ്രകാരം പട്ടത്തു തുറന്ന് അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച സ്ഥാപനം ഉച്ചകഴിഞ്ഞു മേയർ കെ.ശ്രീകുമാറും സംഘവും എത്തി അടപ്പിച്ചു.

അതിനിടെ സാധനം വീട്ടിലെത്തിക്കാത്തത് എന്താണെന്ന ചോദ്യവുമായി പൊലീസും എത്തി. പാവം വ്യാപാരി വെട്ടിലായി. 90 % പൊലീസുകാരെയും കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കു നിയോഗിച്ച ശേഷം സാധനം വീട്ടിലെത്തിക്കാൻ ഡിജിപി ഉത്തരവിട്ടാൽ ആര് , എങ്ങനെ എത്തിക്കുമെന്നാണു പൊലീസുകാർ ചോദിക്കുന്നത്. ചുരുക്കത്തിൽ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നു പറഞ്ഞ പൊലീസ് അതു ചെയ്തുമില്ല, കോർപറേഷൻ പകരം സംവിധാനം ഏർപ്പെടുത്തിയതുമില്ല. ഹോട്ടൽ ഭക്ഷണം കഴിക്കുന്ന മറ്റു ജില്ലക്കാരായ ആയിരങ്ങൾപട്ടിണിയിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com