ADVERTISEMENT

തിരുവനന്തപുരം ∙ വഞ്ചിയൂർ ട്രഷറിയിൽ 2 കോടി രൂപ തട്ടിപ്പു നടത്തിയ എം.ആർ.ബിജുലാലിനെ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും അവസാന നിമിഷം വരെ ശ്രമിച്ചു. കഴിഞ്ഞ 27നാണു തട്ടിപ്പു കണ്ടെത്തിയത്. എന്നാൽ വിവരം ട്രഷറി ഡയറക്ടറേറ്റിനെ ഔദ്യോഗികമായി അറിയിച്ചില്ല.  ഇടതു സൈബർ പോരാളി കൂടിയായ ബിജുലാലിനെക്കൊണ്ടു തുക തിരിച്ച് അടപ്പിച്ചു പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. ഇതിനിടെ വിവരം ചോർന്നതോടെ രക്ഷിക്കാൻ ഇറങ്ങിയവർക്കു ദൗത്യം പൂർത്തിയാക്കാനായില്ല. 

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ വഞ്ചിയൂർ ട്രഷറിയിലെ 2 ജീവനക്കാരോട് ഓഫിസിൽ വരേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. വിവരങ്ങൾ പുറത്താകാതിരിക്കാൻ വേണ്ടിയായിരുന്നു ഈ ജാഗ്രത. പകരം മറ്റൊരു ഓഫിസിലെ 2 ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണു പൊലീസിനു പരാതി നൽകിയത്. 

സസ്പെൻഷൻ ഉത്തരവിൽ പഴുതുകൾ

രക്ഷപ്പെടാനുള്ള പഴുതുകളോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയതെന്നും ആക്ഷേപം ഉണ്ട്. പല ദിവസങ്ങളിലായാണു ബിജുലാൽ പണം തട്ടിയത്. എന്നാൽ 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കുമാറ്റി ബിജുലാൽ അന്നു തന്നെ അതിൽ നി ന്ന് 60 ലക്ഷം രൂപ തന്റെ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായി ഉത്തരവിൽ വിശദീകരിക്കുന്നു. സോഫ്റ്റ്‌വെയർ പിഴവോ കയ്യബദ്ധമോ കാരണം സംഭവിച്ചാണെന്നു വരുത്തിത്തീർത്താനാണ് ഈ പഴുത്. പെൻഷൻകാരുടെ പലിശ തട്ടിച്ചതിനു മുൻപ് ഒരു ട്രഷറി ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. ഉത്തരവിലെ പരാമർശം ആയുധമാക്കി ആ ജീവനക്കാരൻ അടുത്തിടെ സർവീസിൽ തിരികെ പ്രവേശിച്ചു. 

കൂടുതൽ തുക?

വഞ്ചിയൂർ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.എസ്.ബിജുലാൽ ജില്ല കലക്ടറുടെ അക്കൗണ്ടിൽ നിന്നു കൂടുതൽ തുക തട്ടിയെടുത്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥന്റെ പെൻ നമ്പർ പരിശോധിച്ചാൽ മാത്രമേ വേറെ അക്കൗണ്ടുകളിലേക്കു പണം മാറ്റിയിട്ടുണ്ടോ എന്നു വ്യക്തമാകുകയുള്ളൂ. ട്രഷറിയിലെ ഐഎസ്എംസി (ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെൻറ് സെൽ) വിഭാഗത്തിൻറെ വീഴ്ചയാണു തട്ടിപ്പു നടക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഇല്ലാതാക്കിയിരുന്നെങ്കിൽ തട്ടിപ്പു നടക്കില്ലായിരുന്നു. നടക്കില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. 

ട്രഷറി ഓഫിസർ വി.ഭാസ്കരൻ മെയ് 31നാണു വിരമിച്ചത്. അദ്ദേഹത്തിന്റെ പാസ്‌വേർഡ് റദ്ദാക്കിയിരുന്നെങ്കിൽ തട്ടിപ്പു സാധ്യമാകുമായിരുന്നില്ല. മാത്രമല്ല, മറ്റൊരാൾ അത് ഉപയോഗിച്ചിട്ടും തിരിച്ചറിയാതെ പോയതു വലിയ വീഴ്ചയാണ്. 6 മാസം മുൻപാണ് ബിജുലാൽ വഞ്ചിയൂർ സബ് ട്രഷറി ഓഫിസിലെത്തുന്നത്. സർക്കാർ അക്കൗണ്ടിൽനിന്നു തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി തുക മാറ്റി. പിന്നീടു തന്റെയും ഭാര്യയുടെയും പേരുള്ള അക്കൗണ്ടിലേക്ക് ആ തുക നിക്ഷേപിക്കുകയായിരുന്നു. 

‘കലക്ടറുടെ അക്കൗണ്ടിൽ നിന്നു പണം പോയിട്ടില്ലെന്ന് ’

വഞ്ചിയൂർ അഡിഷനൽ സബ്ട്രഷറിയിലെ ജീവനക്കാരൻ പണം തിരിമറി നടത്തിയ സംഭവത്തിൽ  കലക്ടറുടെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കലക്ടർ നവ്‌ജ്യോത് ഖോസ. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. കലക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന  വാർത്തകളുടെ അടിസ്ഥാനത്തിലാണു കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കലക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചെന്നും, ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡിഷനൽ  സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.  സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടർ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസിനെ ചുമതലപ്പെടുത്തി. തിരിമറി നടത്തുന്നതിനുള്ള എല്ലാ പഴുതുകളും അടച്ചു സിസ്റ്റം സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കലക്ടർ നിർദേശം നൽകി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com