ADVERTISEMENT

തിരുവനന്തപുരം∙ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് അകത്ത് ആളെണ്ണം കൂടുതലാണെങ്കിൽ പുറത്ത് വിശ്രമിക്കാൻ സൗകര്യം, ഗ്ലൗസ് വാങ്ങാൻ മറന്നു പോയവർക്ക് സൗജന്യമായി  ഗ്ലൗസ്.  കോട്ടൺ തുണി ഉപയോഗിച്ചുള്ള മാസ്ക് ധരിച്ചെത്തുന്നവർക്ക് അതുമാറ്റി സർജിക്കൽ മാസ്ക്. നഗരത്തിലെ ഒരു വൻകിട വസ്ത്ര വ്യാപാര ശാലയിലെ കാഴ്ചകളാണിവ.  ഓണം ആഘോഷിക്കാനെത്തുന്നവർ കോവിഡ് ബാധിതരാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള വ്യാപാരികളുടെ കരുതൽ. കോവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കിയപ്പോൾ ഭീതിയില്ലാതെ ജനം ഓണവിപണിയിലെത്തുകയാണ്. ഇതിനൊപ്പം വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നു.

ഏറ്റവും തിരക്കേറുന്ന ഓണക്കാലത്ത് കോവി‍ഡ് പ്രതിരോധ മാർഗങ്ങൾ എങ്ങിനെ പാലിക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു ആദ്യം ജില്ലാഭരണകൂടവും വ്യാപാരികളും. എന്നാൽ കോവി‍ഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൗകര്യങ്ങൾ വ്യാപാരശാലകളിൽ ഏർപ്പെടുത്തിയതോടെ ജനങ്ങളും അതിനോടു പൊരുത്തപ്പെട്ടു. സമ്പർക്ക വ്യാപനം തടയുന്നതിന് സാമുഹിക അകലം ഉറപ്പാക്കുകയാണ് വ്യാപാരികൾ ആദ്യം ചെയ്തത്.

ഇതിനായി കടയുടെ വിസ്തീർണത്തനനുസരിച്ചു മാത്രം ആളുകളെ അകത്തേക്ക് കടത്തിവിട്ടു. തിരക്കിന്റെ കാരണം പറഞ്ഞ് ഉപഭോക്താക്കള് മടങ്ങിപ്പോകാതിരിക്കാനായി അവർക്കായി മികച്ച വിശ്രമ സൗകര്യമൊരുക്കി. സാധനങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കാനുള്ള മാർഗങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വസ്ത്ര, ഗ്രഹോപകരണ വിൽപ്പന ശാലകളിലെല്ലാം ഇത്തരം സൗകര്യങ്ങൾ ദൃശ്യമാണ്. ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാനുള്ള മത്സരത്തിലാണ് വ്യാപാരികൾ.

വ്യാപാര ശാലകളിലെ ഓണ വിൽപ്പനയോടു കിടപിടിക്കുന്നതാണ് വഴിയോര വിപണി. കഴിഞ്ഞ വർഷങ്ങളിൽ കോർപറേഷൻ ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇക്കുറി അതുണ്ടായില്ലെങ്കിലും കിഴക്കേകോട്ട ഉൾപ്പെടെയുളള കേന്ദ്രങ്ങൾ വഴിയോര കച്ചവടത്തിന്റെ കേന്ദ്രം കൂടിയായി. ഒരിടത്തു കൂട്ടം കൂടുന്നതിനു പകരം പലയിടങ്ങളിലായാണ് സാധനങ്ങളുടെ വിൽപ്പനയെന്നതിനാൽ ഇവിടേയും സാമൂഹികഅകലം പാലിക്കാനാകുന്നുണ്ടെന്ന് ജനം പറയുന്നു.

പച്ചക്കറി വിപണി ചൂടാകാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. ഇപ്പോൾ ഓണക്കോടി ഉൾപ്പെടെയുള്ളവ വാങ്ങുന്ന തിരക്കിലാണ് നഗഗരവാസികൾ.  തിരുവോണത്തോടടുത്ത ദിവസങ്ങളിലാണ് ഓണസദ്യക്കുള്ള പച്ചക്കറി വാങ്ങാൻ നഗരവാസികൾ ഇറങ്ങുക.  തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറിയുടെ വരവ് ആരംഭിച്ചിട്ടുണ്ടെങ്കിലും സജീവമായിട്ടില്ല. ചാലയിലെ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പച്ചക്കറിയിലും വഴിയോര വിപണി തന്നെയാകും കൊഴുക്കുകയെന്ന് വ്യാപാരികൾ പറഞ്ഞു.

പൂക്കളോട് മാത്രം അയിത്തം : എതിർത്ത് വ്യാപാരികൾ

തിരുവനന്തപുരം∙ കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാൽ പുറത്തു നിന്നു കൊണ്ടു വരുന്ന പൂക്കളാൽ അത്തപ്പൂക്കളമൊരുക്കുന്നത് നിയന്ത്രിക്കണമെന്ന സർക്കാർ നിലപാടിനെതിരേ വ്യാപാരികൾ. പച്ചക്കറിയും പലവ്യജ്ഞനങ്ങളും ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മറ്റു സാധനങ്ങളെ ഒഴിവാക്കി പൂക്കൾക്കുമാത്രം അയിത്തം കൽപ്പിക്കുന്നതിനെതിരേ വ്യാപാരികളും രംഗത്തെത്തി. 

വിവാഹ സീസൺ കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവും കൂടുതൽ പൂക്കൾ ചെലവാകുന്നത് ഓണ സീസണിലാണ്. തോവാള ഉൾപ്പെടെ തമിഴ്നാടിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പൂക്കളെത്തുന്നത്. പൂക്കളുമായെത്തുന്ന ലോറികളും അതിർത്തിയിൽ അണുവിമുക്തമാക്കിയാണ് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. 

വലിയ പൂക്കളങ്ങളൊരുക്കുന്നവർക്ക് വൻതോതിൽ പൂക്കൾ ഉപയോഗിക്കേണ്ടി വരും. നാട്ടിലുള്ള പൂക്കൾ കൊണ്ടു മാത്രം ഇത്തരം പൂക്കളങ്ങളൊരുക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് വിവിധ ക്ലബ് ഭാരവാഹികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com