ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കള്ളക്കടത്തിലെ സത്യം പുറത്തുവരണമെങ്കിൽ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കുക, ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത മന്ത്രി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയ‍ൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നടത്തുന്ന സ്പീക്അപ്പ് കേരള സമരത്തിന്റെ മൂന്നാംഘട്ടം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. 

സ്വർണക്കടത്തുമായി കെ. ടി.ജലീലിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. എന്നാൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്നു കെ. ടി. ജലീൽ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.  ഇത് തന്നെയാണ് പ്രതിപക്ഷവും  പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അന്വേഷണ ഏജൻസികൾക്ക് സത്യസന്ധമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കള്ളക്കടത്തിനു മന്ത്രി കൂട്ടുനിന്നപ്പോൾ  മന്ത്രിയെ രക്ഷിക്കാൻ വർഗീയത ഇളക്കി വിടുകയാണ് മുഖ്യമന്ത്രി. 

ഒരു കമ്യുണിസ്റ്റ് മുഖ്യന്ത്രിക്കു ജാതിയും മതവും പറയേണ്ട ഗതികേടിലേക്കാണു ഇപ്പോൾ എത്തിയിരിക്കുന്നത്. സർക്കാരിനെതിരായ പ്രതിഷേധങ്ങളെ മർദിച്ച് ഒതുക്കാമെന്ന് കരുതേണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.   അഴിമതി ആരോപണങ്ങളിൽ ഒന്നും പറയാനാകാതെ വന്നപ്പോൾ സർക്കാരും ഇടതുമുന്നണിയുമാണ് ഖുർആൻ വിവാദം ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഹംസ, കൊണ്ടോട്ടി, ടി. പി. ഇബ്രാഹിം, ബീമാപള്ളി റഷീദ്, കേരള കോൺഗ്രസ് (ജോസഫ്)    നേതാവ് ജോയി ഏബ്രഹാം , യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ് എംഎൽഎ, ആർഎസ്പി നേതാവ് ബാബു ദിവാകരൻ, ഫോർവേഡ് ബ്ലോക്ക് പ്രസിഡന്റ് റാം മോഹൻ, എം. വിൻസന്റ് എംഎൽഎ , സിഎംപി നേതാവ് എം. പി. ഷാജു, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com