ADVERTISEMENT

പാലോട് ∙ ഹൃദയാഘാതം മൂലം മരിച്ച നന്ദിയോട് മീൻമുട്ടി ആറ്റരികത്തു വീട്ടിൽ വിജയന്റെ (45) കോവിഡ് പരിശോധനയിൽ ആദ്യടെസ്റ്റിൽ പോസിറ്റീവും പിറ്റേദിവസം നടത്തിയ ടെസ്റ്റിൽ നെഗറ്റീവും. എന്നാൽ ഇന്നലെ പോസ്റ്റുമോർട്ടത്തിനു ശേഷവും മൃതദേഹം വിട്ടുനൽകാൻ തയ്യാറാകാത്തതിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. 

സംസ്കാരത്തിനുള്ള കുഴിയെടുപ്പ് വരെ വീട്ടുവളപ്പിൽ നടത്തിയിരുന്നു. മൃതദേഹം ഇന്ന് പാലോട് സിഎച്ച്സി ഏറ്റുവാങ്ങി നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിക്കുമെന്നും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സംസ്കരിക്കാനാണ് തനിക്ക് ലഭിച്ച നിർദേശമെന്നും പാലോട് സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. ശ്രീജിത് പറഞ്ഞു. 

ഫലം സംബന്ധിച്ചു വ്യക്തത ഇല്ലാത്തത് മൂലമാണ് മൃതദേഹം വിട്ടുകൊടുക്കാത്തതെന്നും രണ്ടു ഫലത്തിൽ ഏത് വിശ്വസിക്കണമെന്നും നാട്ടുകാരും ബന്ധുക്കളും ചോദിക്കുന്നു.  തിങ്കളാഴ്ച ഉച്ചയോടെയാണ് നെഞ്ചുവേദനയെ തുടർന്ന് പട്ടികജാതിക്കാരനായ വിജയനെ പാലോട് സിഎച്ച്സിയിൽ പ്രവേശിപ്പിച്ചത്. അവിടെ പ്രാഥമിക ചികിത്സ നൽകി പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് വിട്ടെങ്കിലും വഴിമധ്യേ മരിച്ചു. 

അവിടെ നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന് രാത്രിയോടെ ഫലം വരുകയും അത് ബന്ധുക്കളെ അറിയിക്കുകയും മൃതദേഹം മോർച്ചറിയിലാക്കുകയും ചെയ്തു. എന്നാൽ ഇന്നലെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ടെസ്റ്റിലാണ് നെഗറ്റീവ് ആണെന്നു കണ്ടെത്തിയതും വിവരം രാവിലെ പാലോട് സിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു ബന്ധുക്കളെ വിളിപ്പിച്ചതും. 

വിജയന് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ പ്രദേശമാകെ പരിഭ്രാന്തിയിലായിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലമാണ് ആരോഗ്യ വകുപ്പ് അന്തിമമായ പരിഗണിക്കുന്നത്.  ഫലത്തെ സംബന്ധിച്ചു ആരോഗ്യ വകുപ്പ് വ്യക്തത വരുത്തി മൃതദേഹം വിട്ടുകിട്ടണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.  കൂലിവേലക്കാരനാണ് വിജയൻ. ഭാര്യ: ദേവി. മക്കൾ: വിജേഷ്, ചിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com