ADVERTISEMENT

തിരുവനന്തപുരം ∙ ‘‘അണ്ണാ, സ്വപ്നയുടെ പടമുണ്ടോ അണ്ണാ?’’ മൂന്നര മാസമായി ജില്ലയിലെ ഫ്ലെക്സ്, പോസ്റ്റർ ഡിസൈനർമാർ കേൾക്കുന്ന ചോദ്യമാണ്. ഇനി ഇൗ ചോദ്യത്തിന്റെ എണ്ണം കുറയുകയല്ല, കൂടുകയേ ഉള്ളൂ. കാരണം തദ്ദേശ തിരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. പോസ്റ്ററുകളും ഫ്ലെക്സും നിരന്നു തുടങ്ങി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സോളർ കേസിലെ തട്ടിപ്പുകാരായിരുന്നു പോസ്റ്ററിലും ഫ്ലെക്സിലും  ചിരിതൂകിയതെങ്കിൽ ഇത്തവണ സീൻ കോൺട്രായാണ്. സ്വപ്നയും സരിത്തും സന്ദീപും ശിവശങ്കരനും ആണ് ഇപ്പോൾ താരങ്ങൾ. ഇവരുടെ ചിത്രത്തിനൊപ്പം മുഖ്യമന്തിയുടെയും മന്ത്രി കെ.ടി. ജലീലിന്റെയും പടങ്ങൾ ചേർത്തുള്ള ഫ്ലെക്സുകളാണ് പലരും തിരയുന്നത്.

കേരളത്തിൽ, തിരഞ്ഞെടുപ്പിൽ വിൽക്കാൻ പറ്റിയ ഏറ്റവും വലിയ മുതലാണല്ലോ വിവാദം. കോൺഗ്രസുകാരും ബിജെപിക്കാരും സ്വപ്നയുടെ ചിത്രം മുക്കിലും മൂലയിലും അച്ചടിച്ചു പതിച്ച് സ്വർണക്കടത്തു കേസിനെപ്പറ്റി ഇടയ്ക്കിടെ ജനങ്ങളെ ഓർമിപ്പിക്കുമ്പോൾ  അതേ നാണയത്തിൽ തിരിച്ചടിക്കാൻ പറ്റാത്ത വിഷമം എൽഡിഎഫിനുണ്ട്. സോളർ കേസിലെ കക്ഷികളെ പണ്ടു പേരെടുത്തു പറഞ്ഞിരുന്നതു പോലെയും പടം അച്ചടിച്ചതു പോലെയും ഇപ്പോൾ പറ്റില്ല. അങ്ങനെ ചെയ്താൽ നിയമം നിയമത്തിന്റെ വഴിക്കു പോകും. സ്ഥാനാർഥി ആ വഴിക്കു തന്നെ പോകേണ്ടി വരും. 

മൂന്നര മാസം മുൻപ് സ്വപ്നയെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തപ്പോൾ തുടങ്ങിയതാണ് അവരുടെ ചിത്രം ചേർത്തുള്ള ഫ്ലെക്സ് വയ്പ്. നാലാൾ കൂടുന്ന എല്ലായിടത്തും സ്വപ്നയും ശിവശങ്കറും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ഫ്ലെക്സുകൾ കോൺഗ്രസും ബിജെപിയും മത്സരിച്ചു വച്ചു. എന്നാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതത്തെ തുടർന്ന് ജില്ലയിൽ സിപിഎം സംഘടിപ്പിച്ച വ്യാപക പ്രതിഷേധ പ്രകടനത്തിൽ അവർ സ്വപ്ന ഫ്ലെക്സുകൾ നാട്ടിൽ നിന്നു തുടച്ചു നീക്കി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനമായതോടെയാണ ് ഇപ്പോൾ ആ ഫ്ലെക്സുകളും പോസ്റ്ററുകളും തിരിച്ചു വരുന്നത്. ഡിസൈനർമാരായ അണ്ണൻമാർ സ്വപ്നയുടെയും സംഘത്തിന്റെയും ഫോട്ടോ വെട്ടിയെടുത്ത് ഫോട്ടോഷോപ്പിൽ റെഡിയാക്കി വച്ചിരിക്കുകയാണ്. നാടുനീളെ ഇങ്ങനെ പോസ്റ്ററിൽ കയറിയിരിക്കാനും വേണേ ഒരു യോഗം. എന്നാൽ, ഇതിനൊരു നിയമവശം കൂടിയുണ്ട്.

ഒരു വ്യക്തിയുടെയും ഫോട്ടോ ആ വ്യക്തിയുടെ അനുമതി ഇല്ലാതെ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, ഒരു തിരഞ്ഞെടുപ്പിലും ഒരു പാർട്ടിയും അതു പാലിക്കാത്തതു കൊണ്ട് ആരെയും പോസ്റ്ററിൽ  എടുത്തിട്ട് അലക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ചുമരെഴുതാൻ ചുമരിന്റെ ഉടമയുടെ അനുവാദം വേണമെന്ന വ്യവസ്ഥ വന്നതു പോലെ പോസ്റ്ററിലും ഫ്ലെക്സിലും ഫോട്ടോ ഉൾപ്പെടുത്താൻ‌ ഫോട്ടോയുടെ ഉടമയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയുമായി എന്നെങ്കിലും കമ്മിഷൻ വരുമായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com