ADVERTISEMENT

പാറശാല ∙ സംസ്ഥാന അതിർത്തിയിലെ കോവിഡ് കാല താരമായിരുന്ന സ്ക്രീനിങ് സെന്റർ പൂട്ടി. ലോക്ഡൗണിൽ അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് തിരിച്ചെത്താൻ മേയ് 3 മുതൽ ആണ് അഞ്ച് അതിർത്തികളിൽ സെന്ററുകൾ ആരംഭിച്ചത്. കളിയിക്കാവിളയ്ക്ക് സമീപം ദേശീയപാതയിലെ ഇഞ്ചിവിളയിൽ ആണ് പെ‍ാലീസ് ചെക്പോസ്റ്റ് സ്ക്രീനിങ് സെന്റർ എന്നിവ പ്രവർത്തിച്ചിരുന്നത്. ഒ‍ാൺലൈനിൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാക്രമത്തിൽ പാസ് നൽകി ആയിരുന്നു പ്രവേശനം.

സംസ്ഥാനത്തേക്ക് കടക്കുന്ന ഇടറോഡുകളിൽ തമിഴ്നാട് പെ‍ാലീസ് ഏർപ്പെടുത്തിയിരുന്ന തടസ്സങ്ങൾ മാസങ്ങൾക്ക് മുൻപ് മാറ്റിയതോടെ ഇഞ്ചിവിളയിൽ തിരക്ക് ഇല്ലാതായി ക്വാറന്റീനും, റജിസ്ട്രേഷനും ഒഴിവാക്കാൻ ഇടവഴികളിലൂടെ അതിർത്തി കടക്കാൻ ആയിരുന്നു താൽപര്യക്കാർ കൂടുതൽ. റജിസ്റ്റർ ചെയ്ത് വരുന്നവരുടെ എണ്ണം കുറഞ്ഞതോടെ സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒന്നര മാസം മുൻപേ റവന്യുവകുപ്പ് ആവശ്യപ്പെട്ടിരുന്നു. റവന്യു, പെ‍ാലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, എക്സൈസ്,

മോട്ടർവാഹന വകുപ്പുകളിൽ നിന്നായി 160 ഒ‍ാളം പേർ ആദ്യഘട്ടത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. രാവിലെ എട്ട് മുതൽ രാത്രി 7.00 വരെ ആയിരുന്നു പ്രവർത്തന സമയം. ആദ്യത്തെ ഒന്നര മാസത്തിനു ശേഷം തിരക്ക് കുറഞ്ഞതോടെ ജീവനക്കാർ പകുതിയോളം തിരിച്ച് പോയി. അവസാനഘട്ടത്തിൽ റവന്യു, പെ‍ാലീസ്, ആരോഗ്യവകുപ്പ് ജീവനക്കാർ മാത്രം ആയിരുന്നു. സംസ്ഥാനത്തേക്ക് മടങ്ങി എത്തുന്നവർക്ക് കർശന ക്വാറന്റീൻ ഉൾപ്പെടെയുള്ള നിർദേശം നൽകിയിരുന്നത് സെന്ററിൽ നിന്നായിരുന്നു.

ആദ്യഘട്ടത്തിൽ പാസ് ഇല്ലാത്ത ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതുവരെ വിവിധ ജില്ലകളിൽ നിന്നായി 27.475 പേർ സെന്റർ വഴി തിരിച്ച് എത്തിയിട്ടുണ്ട്. ആറര മാസത്തെ പ്രവർത്തനത്തിനായി കോടികൾ ചെലവിട്ടത് സംബന്ധിച്ച് ഏറെ പരാതികൾ ഉയർന്ന് കഴിഞ്ഞു. സ്ക്രീനിങ് സെന്റർ പൂട്ടിയെങ്കിലും പെ‍ാലീസ് ചെക്പോസ്റ്റ് തുടർന്നേക്കും. ലോക്ഡൗൺ മുതൽ നിലച്ച അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ ആറര മാസത്തിന് ശേഷം പുനരാരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള ബസുകൾ ദിവസങ്ങൾക്ക് മുൻപ് ഒ‍ാടിത്തുടങ്ങി. കോവിഡ് വ്യാപനം തുടരുന്നതിനാൽ കെഎസ്ആർടിസി, തമിഴ്നാട് ബസുകൾ തുടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ല. സ്ഥിരം യാത്രക്കാരുടെ സൗകര്യാർഥം തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും രാവിലെയും വൈകിട്ട് തിരിച്ചും ബോൺഡ് ട്രിപ്പ് എന്ന പേരിൽ സർവീസ് നടത്താൻ നേരത്തെ കെഎസ്‍ആർടിസി തീരുമാനിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com