ADVERTISEMENT

തിരുവനന്തപുരം ∙ നഗരഹൃദയത്തിൽ റോഡരികിലെ സ്വകാര്യ ഭൂമിയിൽ ബസ് കാത്തിരിപ്പ്  കേന്ദ്രം പണിയാൻ കോർപറേഷൻ ചെലവിട്ടത് 40 ലക്ഷത്തോളം രൂപ. നിർമാണച്ചെലവിലും ഉടമസ്ഥതയിലും  ദുരൂഹത! പുറമ്പോക്ക് ഭൂമിയെന്ന് പ്രചരിപ്പിച്ചാണ്   ബേക്കറി ജംക്‌ഷനു സമീപം വഴുതക്കാട് ജംക്‌ഷനിലേക്കുള്ള റോഡിന്റെ തുടക്കത്തിലാണ് ‘വനിതാ വിശ്രമ കേന്ദ്രം’ എന്ന പേരിൽ കൊട്ടിഘോഷിച്ച് അടുത്തിടെ ബസ് കാത്തിരിപ്പു കേന്ദ്രം  പണിതത്. മുൻ എംപിയായ സിപിഎം നേതാവിന്റെ  സഹോദരന്റെ  ഉടമസ്ഥതയിൽ ഉള്ളതാണത്രെ വസ്തു.

സ്വകാര്യഭൂമിയിൽ അനധികൃത നിർമാണത്തിന് ബസ് കാത്തിരിപ്പു കേന്ദ്രനിർമാണവും കോർപറേഷനുമായുള്ള പാട്ടക്കരാറും മറയാക്കുന്നുവെന്നാണ് വിവാദം ഉയർത്തുന്നവരുടെ ആരോപണം. ബേക്കറി ജംക്‌ഷനിലെ ഒന്നരസെന്റ്  15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ്  തനത് ഫണ്ട് വിനിയോഗിച്ച് നിർമാണം. ബേക്കറി ജംക‌്‌ഷനിൽ നിന്ന് റിസർവ് ബാങ്കിന്റെ പിന്നിലേക്കുള്ള  റോഡിന്റെ വശത്ത് പില്ലറുകൾ നിർമിച്ചാണ് കേന്ദ്രം പണിതത്. ഈ ഭാഗം അടച്ചെടുത്ത് കടമുറികൾ നിർമിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.നാലു കടമുറികൾക്കുള്ള സ്ഥലമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

ബേക്കറി ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പിന്നിലെ കാഴ്ച.റിസർവ് ബാങ്കിന്റെ പിന്നിലൂടെയുള്ള റോഡിലേക്ക് കടമുറികൾ തുറക്കാൻ പഴുതിട്ടാണ് കെട്ടിട നിർമാണമെന്നാണ് ആരോപണം.

ദശലക്ഷങ്ങൾ മൂല്യമുള്ളതും വൻ വാടക ലഭിക്കുന്നതുമായ കടമുറികളാകും ഭാവിയിൽ ഇവ. 15 വർഷത്തിനു ശേഷം കെട്ടിടം ആരുടെ ഉടമസ്ഥതയിലാകുമെന്ന വ്യവസ്ഥ ഉൾപ്പെടുത്താത്തതും കാര്യങ്ങൾ ദുരൂഹമാക്കുന്നത്. സാധാരണ ഗതിയിൽ കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാത്ത ഭൂമിയിൽ കോർപറേഷനു നൽകുന്ന പാട്ടക്കരാറിന്റെ മറവിൽ നിർമാണം നടത്തി സ്വകാര്യ ഉടമസ്ഥതയിലാക്കാനുള്ള ഗൂഢനീക്കമെന്നാണ് ആരോപണം. വലിയ പ്രചാരത്തോടെ പ്രവർത്തനം തുടങ്ങിയെങ്കിലും ടിസി നമ്പർ ലഭിക്കാത്തതിനാൽ വൈദ്യുതി, വെള്ളം കണക്ഷനുകൾ കിട്ടാതെ രാത്രി  കേന്ദ്രം പ്രേതാലയമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്ന ലിംഗക്കാർക്കും പ്രത്യേക ശുചിമുറികൾ, മുലയൂട്ടൽ മുറി, മൊബൈൽ ചാർജിങ് യൂണിറ്റ്, 24 മണിക്കൂറും സൗജന്യ വൈഫൈ, മിനി കഫറ്റേരിയ, എഫ്എം റേഡിയോ തുടങ്ങിയവയാണ് അത്യാധുനീക വിശ്രമ കേന്ദ്രത്തിന്റെ പ്രത്യേകത. വൈദ്യുതി, വെള്ളം കണക്ഷനുകൾ ലഭിക്കാത്തതിനാൽ ഇവയൊന്നും പ്രവർത്തിപ്പിക്കാനായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടു മുൻപ് കഴിഞ്ഞ മാസം രണ്ടിനായിരുന്നു ഉദ്ഘാടനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com