ADVERTISEMENT

വിതുര ∙ വീടിനുള്ളിലെ കിടപ്പു മുറിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.  മേമല പട്ടൻകുളിച്ചപാറ വേമ്പുര തടത്തരികത്ത് വീട്ടിൽ താജുദ്ദീൻ(65) ആണു അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തായ ആര്യനാട് മീനാങ്കൽ തണ്ണിക്കുളത്ത് മാധവ(50)ന്റെ മൃതദേഹം ശനിയാഴ്ച വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. താജുദ്ദീനു വീട്ടിൽ ചാരായം വാറ്റുണ്ടായിരുന്നു. ഇതു കുടിക്കാനായെത്തിയ മാധവൻ വീട്ടുടമയായ താജുദ്ദീനുമായി വാക്ക് തർക്കത്തിലായി.

ഇതിനിടെ റബർ വിറക് എടുത്ത് മാധവന്റെ തലയിൽ താജുദ്ദീൻ അടിച്ചു. തുടർന്നു കരഞ്ഞു ബഹളമുണ്ടാക്കിയ മാധവന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ താജുദ്ദീൻ വാ പൊത്തിപ്പിടിച്ചപ്പോൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നു താജുദ്ദീൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മാധവന്റെ മൃതദേഹം വെള്ളിയാഴ്ച വരെ തൽസ്ഥാനത്തു കിടന്നു. മൃതദേഹം വീട്ടിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും സമീപത്ത് ആളുകളുണ്ടായിരുന്നതിനാൽ നടന്നില്ല.

ഇക്കാരണത്താൽ കിടപ്പു മുറിയിൽ കുഴിച്ചിടുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി പട്ടൻകുളിച്ചപാറ വനത്തിനുള്ളിൽ കയറി ഒളിച്ചിരുന്നു.  നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പൊലീസ് പോയ ശേഷം പ്രതി വനത്തിൽ നിന്നും പുറത്തിറങ്ങി. ഈ വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളിൽ നിന്നു വെള്ളിയാഴ്ച ദുർഗന്ധം ഉയരുന്നതു സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. താജുദ്ദീന് പന്നിയെ പിടിക്കുന്ന പതിവുള്ളതിനാൽ പന്നി ചത്തു കിടക്കുകയാണെന്നു കരുതി യാണ് തൊഴിലാളികൾ പൊലീസിനെ വിളിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com