ADVERTISEMENT

തിരുവനന്തപുരം∙ കടലിലെ 'ശാന്തനായ ഭീമ'നെന്ന് അറിയപ്പെടുന്ന തിമിംഗല സ്രാവിന് രക്ഷകരായി ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികൾ. വംശനാശഭീഷണി നേരിടുന്നതാണെന്ന് തിരിച്ചറിഞ്ഞ തൊഴിലാളികൾ അതിനെ കടലിലേക്ക് തിരികെ വിട്ടു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവ് അഥവാ വെയ്‍ൽ ഷാർക്ക്. നീലത്തിമിംഗലമുണ്ടെങ്കിലും അത് സസ്തനി വിഭാഗത്തിലാണ് പെടുന്നത്. വെള്ളുടുമ്പ്, ആന എന്നീ പേരുകളിലും വെയ്‍ൽ ഷാർക്ക് അറിയപ്പെടുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 1 പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് തിമിംഗല സ്രാവുള്ളത്. ഒരു മത്സ്യത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ആദ്യമായിരുന്നു. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവയെ പിടികൂടുന്നത് ഗുരുതരമായ കുറ്റമാണ്. ഇന്നലെ രാവിലെയോടെയാണ് ശംഖുമുഖം സ്വദേശിയായ ജോൺ മാത്യുവിന്റെ വലയിൽ തിമിംഗല സ്രാവ് കുടുങ്ങിയത്. 

മത്സ്യത്തൊഴിലാളികൾ ചേർന്ന് ഉടൻ തന്നെ വലയഴിച്ച് മീനിനെ തിരികെ അയച്ചു.രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് വൈൽഡ് ലൈഫ് ‌ട്രസ്റ്റ് ഓഫ് ഇന്ത്യ 10000 രൂപ പാരിതോഷികമായി നൽകുമെന്ന് സിഇഒ വിവേക് മേനോൻ അറിയിച്ചു.  തിമിംഗല സ്രാവ് സംരക്ഷണത്തിൽ ശ്രദ്ധയൂന്നുന്ന വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുന്ന മൂന്നാമത്തെ ഭീമനാണിത്. 2018ൽ മലപ്പുറത്തും 2020ൽ കോഴിക്കോടും സമാനസംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടത്തിപ്പുകാരിൽ ഒരാളായ ജി.സന്ദീപ് പറഞ്ഞു. 

ഏറ്റവും കൂടുതൽ കാണുന്നതു ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ്. സ്രാവുകളുടെ ഗണത്തിൽ പെടുമെങ്കിലും സസ്യഭുക്കാണ്. പൂർണവളർച്ചയെത്തിയ തിമിംഗല സ്രാവുകൾക്കു 40 അടി വരെ നീളവും 40 ടൺ തൂക്കവും വരാം. നൂറു വർഷത്തിൽ കൂടുതൽ ജീവിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. പക്ഷേ, പ്രത്യുൽപാദനം വളരെ കുറവും. 25 വയസ്സിനു ശേഷമേ പ്രത്യുൽപാദനം ആരംഭിക്കൂ.

ഇറച്ചി ഭക്ഷ്യയോഗ്യമല്ലെങ്കിലും ഇതിന്റെ വാൽ, ചിറക് എന്നിവ സൂപ്പ് തയാറാക്കാൻ ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു വൻതോതിൽ കയറ്റുമതി ചെയ്യുന്നതായാണു വിവരം. വേട്ടയും കാലാവസ്ഥാ വ്യതിയാനവും മൂലമാണ് ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽപ്പെടുത്തിയത്. ഗുജറാത്ത് തീരത്തു തിമിംഗല സ്രാവുകളെ വ്യാപകമായി വേട്ടയാടിയിരുന്നെങ്കിലും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെത്തുടർന്ന് നിലച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com