സരിതയെ ഓർമയില്ലേ? ഇതുവരെ നൽകിയില്ല ജോലി, ‘കൈപ്പിഴ’യെക്കാൾ വലിയ പിഴ

സരിത അന്നും ഇന്നും
SHARE

തിരുവനന്തപുരം∙ എസ്‌എടി ആശുപത്രിയിൽ ചികിത്സാ പിഴവിനു ബലിയാടായി കൈപ്പത്തി നഷ്ടപ്പെട്ട സരിതയെ ഓർമയില്ലേ. നഴ്സിനു പറ്റിയ കൈപ്പിഴ കാരണം ഇടതു കൈപ്പത്തി മുറിച്ചുമാറ്റാൻ വിധിക്കപ്പെട്ട രണ്ടര വയസ്സുകാരി. നാടിന്റെ ഉള്ളുലച്ച സംഭവത്തിൽ രക്ഷിതാക്കൾക്ക് അന്നു സർക്കാർ നൽകിയ ഉറപ്പുണ്ട്– മകൾക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ സർക്കാർ സർവീസിൽ സ്ഥിരം ജോലി നൽകുമെന്ന്. ചികിത്സാ പിഴവിന് ഇരയായ ആ രണ്ടര വയസ്സുകാരിക്ക് ഇന്ന് 32 വയസ്സായി. സ്ഥിരം ജോലിക്കായി സരിതയുടെ കാത്തിരിപ്പിന് 14 വയസ്സും. മാറിവന്ന സർക്കാരുകൾ സരിതയുടെ ഹൃദയ വേദനയ്ക്കു മുൻപിൽ കണ്ണു തുറന്നില്ല.   

പകരം നൽകിയത് എസ്എടിയിലെ എച്ച്ഡിസി എക്കോ യൂണിറ്റിൽ താൽക്കാലിക ഹെൽപർ ജോലിയും.സെക്രട്ടേറിയറ്റിൽ പലകുറി കയറിയിറങ്ങിയെങ്കിലും അവഗണനയായിരുന്നു ഫലം.1989 മേയ് 10നായിരുന്നു കടുത്ത പനിയെ തുടർന്നു സരിതയെ എസ്എടിയിൽ പ്രവേശിപ്പിച്ചത്. 12നു മരുന്നു മാറി കുത്തിവച്ചു. പെട്ടെന്നുതന്നെ കൈത്തണ്ട കറുത്തു മരവിച്ചു. 20 ദിവസം കഴിഞ്ഞപ്പോഴേക്കും പഴുപ്പു പടർന്നു. മുറിച്ചുകളയുകയല്ലാതെ നിവൃത്തിയില്ലെന്നായി. ജൂൺ 12നു കൈപ്പത്തിക്കു താഴവച്ച് മുറിച്ചു. കൂലിപ്പണിക്കാരനായ അച്ഛൻ പ്രഭാകരനും അമ്മ ചന്ദ്രികയും പരാതിയുമായി ഓഫീസുകൾ കയറി ഇറങ്ങി.

ആരോഗ്യമന്ത്രി, സ്പീക്കർ തുടങ്ങി പലർക്കും പരാതി നൽകി. മുറിച്ച കൈയുമായയി നിൽക്കുന്ന സരിതയുടെ ചിരി മാഞ്ഞ മുഖം പത്രങ്ങളിൽ നിറഞ്ഞു. 18 വയസ്സ് കഴിയുമ്പോൾ സരിതയ്ക്ക് ജോലി  നൽകുമെന്ന ഉറപ്പിൽ പ്രതിഷേധങ്ങൾ അണഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന്റെ തണലിൽ വൈകല്യത്തെ അതിജീവിച്ച് സരിത പത്താംക്ലാസ് വരെ പഠിച്ചു. സർക്കാർ ജോലി ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു ജീവിതം.

ഭർത്താവ് ഉപേക്ഷിച്ച സരിത പറക്കമുറ്റാത്ത രണ്ട് ആൺകുട്ടികളുമായി ബാലരാമപുരം തലയിൽ ആലുവിള ചിറയിൽ വീട്ടിൽ വാടകയ്ക്കാണു താമസം. അച്ഛൻ മരിച്ചതോടെ അമ്മയുടെ സംരക്ഷണയും സരിതയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. സർക്കാർ ആയുർവേദ ഡിസ്പൻസറിയിലെ പാർട്ട് ടൈം സ്വീപ്പർ ഒഴിവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അഭിമുഖത്തിലും പങ്കെടുത്തു. ഈ ജോലി ലഭിക്കാൻ ഇനി ആരോഗ്യവകുപ്പ് കനിയണം. അല്ലെങ്കിൽ നിലവിലുള്ള ജോലി സ്ഥിരപ്പെടുത്തണം– ഇതാണ് സരിതയുടെ അഭ്യർഥന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA