ADVERTISEMENT

തിരുവനന്തപുരം ∙ ആറ്റുകാലമ്മയ്ക്കായി വീടുകളിൽ പൊങ്കാലയർപ്പിക്കാനുള്ള ഒരുക്കുകളിലേക്ക് ഭക്തർ. ഇനി ഒരു പകലിരവിന്റെ കാത്തിരിപ്പ് മാത്രം. നാളെ രാവിലെ 10.50 നാണ് അടുപ്പുവെട്ട്. വൈകിട്ട് 3.40 ന് നിവേദ്യം. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർ നഗരത്തിന്റെ പല ഭാഗങ്ങളിലായി അടുപ്പുകൂട്ടുന്ന പതിവ് കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറിയില്ല.

പകരം വീടുകളിൽ പൊങ്കാലയർപ്പിക്കാനാണ് നിർദേശം. പണ്ടാര അടുപ്പിലേക്ക് തീ പകരുന്ന സമയം വിവിധ മാധ്യമങ്ങളിലൂടെ പൊങ്കാല വിളംബരം ഉണ്ടാകും. ഈ മുഹൂർത്തത്തിലാണ് വീടുകളിലെ അടുപ്പുകളിലേക്കും തീ പകരേണ്ടത്. പതിവു പോലെ പൊങ്കാല തയാറാക്കിയ ശേഷം നിവേദ്യത്തിനായുള്ള കാത്തിരിപ്പ്. ഉച്ചയ്ക്ക് 3.40 നാണ് പൊങ്കാല നിവേദ്യത്തിനുള്ള മുഹൂർത്തം. ഈ സമയത്ത് ഭക്തർ സ്വയം പൊങ്കാല നിവേദ്യം നടത്തണം.. ഇന്ന് വൈകിട്ട് 5 ന് തുറക്കുന്ന ക്ഷേത്രനട ഭക്തരുടെ സൗകര്യാർഥം ശനിയാഴ്ച പുലർച്ചെ 2 വരെ ദർശനത്തിനായി തുറന്നിരിക്കും.

ആചാരങ്ങൾ പാലിച്ച് ഇക്കുറി വീട്ടുമുറ്റത്ത് 

∙ കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ മൂലം ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി ചുരുക്കിയിരിക്കുകയാണല്ലോ.  സ്വന്തം വീടുകളിൽ അടുപ്പുകൂട്ടി അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാം. ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് വീടുകളിൽ എങ്ങനെ പൊങ്കാല സമർപ്പണം നടത്താമെന്ന് ആറ്റുകാൽ ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി

∙ ശുദ്ധമായ സ്ഥലമാണ് അടുപ്പൊരുക്കാനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യം ചാണകം വട്ടത്തിൽ മെഴുകി ഗണപതിക്ക് വിളക്കു വയ്ക്കണം. കിഴക്ക് വശത്തേക്ക് തിരിച്ച് ഇലയിട്ട് അതിൽ നിലവിളക്ക്, സാമ്പ്രാണിത്തിരി, അവിൽ, പൊരി, പഴം, ശർക്കര, തേങ്ങ, വെറ്റ, പാക്ക് എന്നിവ ഉപയോഗിച്ചാണ് ഗണപതിക്ക് വയ്ക്കേണ്ടത്. കിണ്ടിയിലെ ശുദ്ധമായ പാത്രത്തിലോ വെള്ളമെടുത്ത് അതിനുള്ളിൽ തുളസിയിലയോ തെച്ചിപ്പൂവോ ഇടണം. വിളക്കു കത്തിച്ച് പ്രാർഥിച്ച ശേഷം അടുപ്പൊരുക്കണം.

കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകൾക്ക് അഭിമുഖമായി വേണം അടുപ്പുകൂട്ടാൻ. ഗണപതിക്കു വച്ചതിന്റെ ഇടതു വശത്തായിരിക്കണം ഇത്. ശനിയാഴ്ച രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഈ സമയത്ത് ഗണപതിക്കു വച്ച വിളക്കിൽ നിന്ന് അഗ്നി പകർന്ന് ഭക്തർ വീടുകളിലൊരുക്കുന്ന അടുപ്പു കത്തിക്കണം.സാധാരണ ദേവിക്ക് നിവേദിക്കുന്ന എല്ലാ വിഭവങ്ങളും വീടുകളിലും തയാറാക്കാം. വൈകിട്ട് 3.40 ന് പണ്ടാര അടുപ്പിൽ തയാറാക്കുന്ന പൊങ്കാല നിവേദിക്കും. ഈ സമയം കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് ഭക്തർ തയാറാക്കിയ പൊങ്കാല വിഭവങ്ങൾ സ്വയം നിവേദിക്കാം.

ആറ്റുകാലിൽ ഇന്ന്

ദീപാരാധന 6.05
ഉഷപൂജ, ദീപാരാധന 6.40
ഉഷ ശ്രീബലി 6.50
കളകാഭിഷേകം 7.15
ഉച്ചപൂജ 11.30
ദീപാരാധന 12.00
ഉച്ച ശ്രീബലി 12.30
നട അടയ്ക്കൽ 1.00
നട തുറക്കൽ വൈകിട്ട് 5.00
ദീപാരാധന 6.45
ഭഗവതിസേവ 7.15
അത്താഴപൂജ 9.00
ദീപാരാധന 9.15
അത്താഴ ശ്രീബലി 9.30
ദീപാരാധന 12.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com