ADVERTISEMENT

തിരുവനന്തപുരം∙ സ്പ്രിൻക്ലർ മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെയുള്ള കരാറുകളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം,  ഇഎംസിസി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൂന്തുറയിൽ നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുഖ്യമന്ത്രിയുമായി വിവാദ കമ്പനി 2 തവണ ചർച്ച നടത്തിയിട്ടും ഒന്നും അറിയില്ലെന്നാണ് പറയുന്നത്.

ഒരു എംഡി മാത്രമറിഞ്ഞ് 2,500 കോടി രൂപയുടെ ഒരു കരാർ ഒപ്പിടാൻ കഴിയുമോ.  തനിക്കു രേഖകൾ കിട്ടിയത് ദുരൂഹമാണെന്നാണു മുഖ്യമന്ത്രിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസിൽ 4 താഴിട്ടു പൂട്ടി സൂക്ഷിച്ചാലും രേഖകൾ ഞാൻ പുറത്തുകൊണ്ടുവരും – ചെന്നിത്തല പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം തന്നെ വേണം. സ്ഥലം അനുവദിച്ച നടപടി പിൻവലിക്കാത്തതു ദുരൂഹമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ.പ്രശാന്ത് എന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയാണെങ്കിലും അദ്ദേഹവുമായി സംസാരിച്ചിട്ടു വർഷങ്ങളായി. മുഖ്യമന്ത്രിയായ വ്യക്തി പറയുന്നതിനു പകരം പ്രതിപക്ഷ നേതാവ് പറയുന്നത് ഒരു ഉദ്യോഗസ്ഥൻ കേൾക്കുന്നു എന്നാണു സർക്കാരിന്റെ വാദമെങ്കിൽ അതിൽ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള  എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.വി. തോമസ്, എംപിമാരായ കെ.സുധാകരൻ, ശശി തരൂർ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എംഎൽഎമാരായ വി.എസ്. ശിവകുമാർ, എം.വിൻസെന്റ്,  കെ.സി. ജോസഫ്, കെ.ശബരീനാഥൻ,   രഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പ്രസംഗിച്ചു.

മീനിനൊപ്പം തീരത്തെയും ‌കയ്യിലെടുത്ത് ചെന്നിത്തല...

തിരുവനന്തപുരം ∙ പൂന്തുറ തീരത്തെ സത്യഗ്രഹ വേദിയിൽ മത്സ്യത്തൊഴിലാളികൾ രമേശ് ചെന്നിത്തലയ്ക്കു സമ്മാനിച്ചത് വലിയ ഒന്നാന്തരമൊരു  മീൻ.  അതു കയ്യിലെടുത്തുയർത്തിയപ്പോൾ സദസ്സിൽ നിർത്താത്ത കരഘോഷം. 'കടലിൻ മക്കളിൻ പോരാളിക്ക് കടലിൻ മക്കളുടെ അഭിവാദ്യങ്ങൾ'–‌ഒരേ സ്വരത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. പൂന്തുറയിലെ മിനി ഫിഷിങ് ഹാർബർ എന്ന നീണ്ട കാലത്തെ ആവശ്യം മത്സ്യത്തൊഴിലാളികൾ ചെന്നിത്തലയ്ക്കു മുന്നിൽ ആവർത്തിച്ചപ്പോൾ ചെന്നിത്തലയുടെ ഉറപ്പ്:  'യുഡിഎഫ് സർ‌ക്കാരിന്റെ കാലത്ത് മിനി ഫിഷിങ് ഹാർബറിന് 5 കോടി രൂപ അനുവദിച്ചിരുന്നു.

എൽഡിഎഫ് സർക്കാർ ആ പദ്ധതി ഇല്ലാതാക്കി. ഞാനുറപ്പു പറയുന്നു, ഞങ്ങൾ അധികാരത്തിലെത്തിയാലുടൻ പൂന്തുറയിലെ ഫിഷിങ് ഹാർബർ യാഥാർഥ്യമാക്കും.' കയ്യടികളോടെയാണു നാട്ടുകാർ  മറുപടിയെ വരവേറ്റത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും കടലും മീനും മത്സ്യത്തൊഴിലാളികളും തലസ്ഥാനത്തെ ചൂടേറിയ വിഷയമായിരുന്നു. മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവെന്ന ഇടതുപക്ഷ ആരോപണത്തിന് അന്നു  മീൻ കൊണ്ടാണു ശശി തരൂർ മറുപടി നൽകിയത്. പുതിയതുറയിൽ പോയി മത്സ്യത്തൊഴിലാളി സ്ത്രീകളിൽ നിന്നു തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം സ്വീകരിച്ച തരൂർ തൊട്ടടുത്തു മീൻ വിറ്റിരുന്നയാളുടെ പക്കൽ നിന്ന് ഏറ്റവും വലിയ മീനും കയ്യിലുയർത്തി മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു ഇന്നലെ ചെന്നിത്തലയുടെ സത്യഗ്രഹം. ആയിരക്കണക്കിനു പ്രവർത്തകരാണു പിന്തുണയുമായി സത്യഗ്രഹപ്പന്തലിലെത്തിയത്. ഉദ്ഘാടനത്തിനു മുൻപ് തന്നെ ചാനൽ മൈക്കുകൾക്കു മുന്നിൽ ചെന്നിത്തല സർക്കാരിനെ കടന്നാക്രമിച്ചു–'ഇഎംസിസി കമ്പനി തട്ടിപ്പാണെന്ന് അറിയാമായിരുന്നെങ്കിൽ പിന്നെന്തിനാണു സർക്കാർ കരാറിനു പോയത്?'.മുഖ്യമന്ത്രി കടൽത്തീരങ്ങൾ വിൽക്കുകയാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവർത്തിച്ചു.കേരള യാത്രകൾ കഴിഞ്ഞാൽ കുറച്ചു ദിവസം വിശ്രമിക്കുന്ന പതിവു തെറ്റിച്ചാണ് ചെന്നിത്തലയുടെ സത്യഗ്രഹമെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ചൂണ്ടിക്കാട്ടി. 

ഉച്ചയ്ക്കു കെ.സുധാകരൻ എംപിയുടെ തീപ്പൊരി പ്രസംഗത്തോടെ ആവേശം ഇരട്ടിയായി. 'സ്പ്രിൻക്ലർ മുതൽ പ്രതിപക്ഷ നേതാവ് പൊട്ടിച്ച ബോംബുകളിൽ ഏറ്റവും അവസാനത്തേത് ഒരു ആറ്റം ബോംബായിരുന്നു. എന്റെ നാട്ടുകാരനായ പിണറായിക്ക് ഇതെന്തു പറ്റി. ഇയാളെന്തിനാണിങ്ങനെ കളവു പറയുന്നത്?'– സുധാകരൻ ചോദിച്ചു. ശശി തരൂർ, കെ.എസ്.ശബരീനാഥൻ, ടി.എൻ. പ്രതാപൻ തുടങ്ങിയ നേതാക്കളും എത്തിയതോടെ ആവേശം അണപൊട്ടി. ഇഎംസിസി ഇടപാടിൽ വൻ ഗൂഢാലോചന നടന്നുവെന്ന ആരോപണമാണു സമാപനയോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള  എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉയർത്തിയത്. രാവിലെ 9ന് തുടങ്ങിയ സത്യഗ്രഹം അഞ്ചോടെ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com