ADVERTISEMENT

ആറ്റിങ്ങൽ∙ കൊലപാതകങ്ങളടക്കം ഒട്ടേറെ കേസുകളിലെ പ്രതിയായ തമിഴ്നാട് തക്കല തൃക്കാൽവട്ടം സ്വദേശിയും ആറ്റിങ്ങൽ ബി ടി എസ് റോഡിൽ സുബ്രഹ്മണ്യ വിലാസത്തിൽ (പാലസ് റോഡ്, ശബരി വീട്ടിൽ) ആറ്റിങ്ങൽ അയ്യപ്പൻ എന്നറിയപ്പെടുന്ന ബിജു (50) ഇരുപത് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ.

കടയ്ക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടനേയും തിരുവല്ല അമ്പലത്തറ കല്ലുമൂട്ടിൽ വച്ച് അബ്ദുൽ ജബ്ബാറിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്. വധശ്രമം, കവർച്ച എന്നിവയടക്കം ഒട്ടേറെ കേസുകളിലെ പ്രതിയായ അയ്യപ്പനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 

ആറ്റിങ്ങൽ ,കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല , മെഡിക്കൽ കോളജ് മ്യൂസിയം, പൂജപ്പുര, തിരുവല്ലം സ്റ്റേഷനുകളിൽ ഏറെ കേസുകളുണ്ട്. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കേസുകളിലും അയ്യപ്പൻ പ്രതിയാണ്.

തമിഴ്നാട് മേൽവിലാസം ഉപയോഗിച്ച് പാസ്പോർട്ട് കരസ്ഥമാക്കിയ ശേഷം വർഷങ്ങൾക്ക് മുൻപ് വിദേശത്തേക്ക് കടന്നു. നേപ്പാൾ , ന്യൂഡൽഹി, മുംബൈ എയർപോർട്ടുകൾ വഴി പലതവണ നാട്ടിലെത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബെംഗളുരുവിലും തമിഴ്നാട്ടിലുമായി വസ്തുവും വീടും വാങ്ങി മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.

ഒടുവിൽ കോട്ടയം പൊൻകുന്നം പൈഗയിൽ വാടകയ്ക്ക് വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. തിരുവന്തപുരം റൂറൽ എസ്. പി ബി,മധുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ രഹസ്യ നീക്കത്തിലൂടെ സാഹിസികമായാണ് പ്രതിയെ പിടികൂടിയത്. ഏഴു പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി അയ്യപ്പന്റെ വാടക വീടിന് സമീപം രഹസ്യമായി താമസിച്ച് നീക്കങ്ങൾ നീരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.ഗോപകുമാർ, സി. ഐ. ടി. രാജേഷ്കുമാർ, എസ് ഐ ജ്യോതിഷ് ചിറവൂർ പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ മാരായ എം. ഫിറോസ്ഖാൻ, എ.എച്ച് .ബിജു, എ.എസ്.ഐ മാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ സുധീർ,സുനിൽരാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com