ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിൽ ആവേശം പടർത്തി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തലസ്ഥാനത്ത്. തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ് ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത അദ്ദേഹം സർക്കാരിനെ കടന്നാക്രമിച്ചു.ശബരിമല വിഷയത്തിൽ തിരിച്ചടി നേരിട്ടപ്പോൾ സർക്കാരിപ്പോൾ മിണ്ടാതിരിക്കുകയാണ്.

എന്തുവിലകൊടുത്തും കോടതിവിധി നടപ്പാക്കുമെന്നു പറഞ്ഞ സർക്കാർ എന്തുകൊണ്ടാണ് ഇപ്പോൾ വിധി നടപ്പാക്കത്തത്? കോടതി വിധിയിൽ ഒരു മാറ്റവും വന്നിട്ടില്ല, ആകെ മാറിയത് സർക്കാരിന്റെ നിലപാടുകളാണ്. പ്രായോഗിക സമീപനം എന്തെന്ന് സർക്കാർ വിശ്വാസികൾ പഠിപ്പിച്ചു. സർക്കാരിപ്പോൾ ഒന്നും മിണ്ടുന്നില്ലെങ്കിലും യുവതീപ്രവേശ വിഷയത്തിൽ ഇരട്ടത്താപ്പ് തുടരുകയാണ്. കോടതിയിൽ നൽകിയ സത്യവാങ്മൂലം സംബന്ധിച്ച് ഒന്നും പറയുന്നില്ല.

വിശ്വാസികൾക്കൊപ്പം നിൽ‌ക്കുകയെന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 5 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാൽ സർക്കാരിന് പറയാൻ എന്തു പ്ലസ് പോയിന്റ് ആണുള്ളത്? ഒരു പ്രശ്നത്തിനും പരിഹാരമുണ്ടാക്കിയില്ലെന്നു മാത്രമല്ല, അതിനുള്ള ശ്രമം പോലുമുണ്ടായില്ല. പ്രശ്നങ്ങളുണ്ടാക്കുന്നതിൽ മാത്രമാണ് സർക്കാർ 'വിജയിച്ചത്'. 2018ലെ പ്രളയത്തിൽ കേരളത്തെ മുക്കിക്കൊന്ന സർക്കാരാണ് തുടർഭരണത്തിന് അവസരം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബൈക്ക് റാലി; സിപിഎം പരാതി നൽകി

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബൈക്ക് റാലികൾ സംഘടിപ്പിക്കാൻ പാടില്ലെന്ന ഉത്തരവ് നിലനിൽക്കെ നെയ്യാറ്റിൻകരയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും കലക്ടർക്കും പരാതി നൽകി.  നെയ്യാറ്റിൻകരയിലെ മാമ്പഴക്കരയിൽ നിന്ന് ഉദിയൻകുളങ്ങര വരെ ബൈക്ക് റാലി നടത്തിയെന്നാണ് പരാതിയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com