ADVERTISEMENT

കാട്ടാക്കട ∙ തിരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്തുകളിലും അനുബന്ധ ഓഫിസുകളിലും ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കി കുടുംബശ്രീ നേടിയത് അരക്കോടി രൂപ. ജില്ലയിലെ 4200 ബൂത്തുകളിലും ഇലക്‌ഷൻ സാമഗ്രികളുടെ 14 വിതരണ കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ 22,000 ഉദ്യോഗസ്ഥർക്കാണ് ഭക്ഷണം നൽകിയത്. ലാഭം നോക്കാതെ കുറഞ്ഞ നിരക്കിൽ സുഭിക്ഷമായി ഭക്ഷണം നൽകി. വിദൂര സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവർക്ക് കുടുംബശ്രീ വലിയ സഹായമായി. 

ജില്ലയിലെ 73 പഞ്ചായത്തിലും നാലു മുൻസിപ്പാലിറ്റികളിലെയും  സിഡിഎസ്സുൾക്ക് കീഴിലുള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങളും കേറ്ററിങ് യൂണിറ്റുകളുമാണ് പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കിയത്. പോളിങ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് അയൽക്കൂട്ടങ്ങൾ ഭക്ഷണം വിളമ്പിയപ്പോൾ വിതരണ കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടൽ വഴിയും കുടുംബശ്രീ കേറ്ററിങ് യൂണിറ്റുകൾ വഴിയും ഭക്ഷണം നൽകി. രണ്ടു ദിവസത്തെ ഭക്ഷണത്തിനു 210 രൂപ. ഇത്രയും കുറഞ്ഞ തുകയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണം ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

ചില സ്ഥലങ്ങളിൽ നിശ്ചയിച്ച നിരക്കിലും അധികം നൽകി അന്നദാതാക്കളോട് സ്നേഹം പ്രകടിപ്പിക്കാൻ പോളിങ് ഉദ്യോഗസ്ഥർ മടിച്ചില്ല. പോളിങ് സ്റ്റേഷനുകളിൽ ഭക്ഷണം ഉറപ്പുവരുത്തേണ്ട ചുമതല അതാത് സിഡിഎസുകൾക്കായിരുന്നു. ചില സ്ഥലങ്ങളിൽ അവസാന നിമിഷം ചില യൂണിറ്റുകൾ ഭക്ഷണ വിതരണത്തിൽ നിന്ന് പിൻമാറിയെങ്കിലും സിഡിഎസ് ഇടപെട്ട് പകരം സംവിധാനമൊരുക്കി.  ചില പോളിങ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരെത്താൻ വൈകിയതോടെ ഭക്ഷണം എത്തിക്കാനും വൈകി. 

എന്നാൽ ആറ്റിങ്ങലിൽ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ ഒരു ഡപ്യൂട്ടി തഹസിൽദാർ സ്വകാര്യ കേറ്ററിങ് യൂണിറ്റിനെ ഭക്ഷണ വിതരണം ഏൽപിച്ചത് ജില്ലാ മിഷൻ നിർദേശ പ്രകാരം ഭക്ഷണവുമായെത്തിയ കുടുംബശ്രീ പ്രവർത്തകരെ വിഷമത്തിലാക്കി.  500 പേർക്ക് ഭക്ഷണം തയാറാക്കിയാണ് ഇവർ എത്തിയത്. കേറ്ററിങ് യൂണിറ്റ് ഭക്ഷണ വിതരണത്തിന് വന്നതോടെ കുടുംബശ്രീ ഭക്ഷണം ബാക്കിയായി. ഇത് സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകുമെന്ന് ജില്ലാ മിഷൻ അധികൃതർ വ്യക്തമാക്കി. ലാഭം നോക്കാതെ കോവിഡ്–ഹരിത ചട്ടങ്ങൾ പാലിച്ചാണ് കുടുംബശീ പ്രവർത്തകർ പോളിങ് ദിനത്തിലെ ഭക്ഷണ വിതരണം ഏറ്റെടുത്ത് മാതൃകയായത്.ശുചീകരണവും മറ്റ് ജോലികളും കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com