ADVERTISEMENT

പാറശാല ∙ വീടു വയ്ക്കാ‍ൻ വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അയിര ചൂരക്കുഴി മേക്കെകര പുത്തൻവീട്ടിൽ മീന (34) ആണ് മരിച്ചത്. ഭർത്താവ് ഷാജി (40) പാറശാല പെ‍ാലീസിൽ കീഴടങ്ങി. വ്യാഴം രാത്രി 10.15ന് ആണ് സംഭവം. കഴുത്തിലും തലയിലും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരിച്ചു. വീട് നവീകരണത്തിനായി കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കിൽ നിന്ന് ലഭിച്ച വായ്പ തുകയിൽ നിന്ന് പണം നൽകാത്തതിലുള്ള തർക്കം ആണ് കെ‍ാലപാതക കാരണം. 

രാത്രി മദ്യപിച്ച് വീട്ടിൽ എത്തിയ ഷാജി കുട്ടികളോട് ഉറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഭാര്യയുമായി വഴക്കിട്ട് മർദനം തുടങ്ങി. വെട്ടുകത്തി കെ‍ാണ്ട് വെട്ടാൻ ശ്രമിച്ചതോടെ പ്രാണരക്ഷാർഥം വീടിന് പുറത്തേക്ക് ഒ‍ാടിയ മീനയെ പിന്നാലെ എത്തി വെട്ടുകയായിരുന്നു. കഴുത്തിലും, മുഖത്തും ആഴത്തിൽ വെട്ടേറ്റ മീന റോഡിന് സമീപം മുറ്റത്ത് കുഴഞ്ഞ് വീണു. ഉറക്കത്തിൽ ആയിരുന്ന മൂത്ത മകൻ ശാരോണിനെ വിളിച്ചുണർത്തി വിവരം അറിയിച്ച ശേഷം ആണ് ഷാജി ബൈക്കിൽ സ്റ്റേഷനിലേക്ക് പോയത്. മൃതദേഹം വൈകിട്ട് സംസ്കരിച്ചു.

നിങ്ങളുടെ അമ്മയെ ഞാൻ കൊന്നു: ഉറങ്ങിക്കിടന്ന മകനെ വിളിച്ചുണർത്തി പിതാവിന്റെ വാക്കുകൾ

‘നിങ്ങളുടെ അമ്മയെ ഞാൻ വെട്ടി കെ‍ാന്നു, ഞാൻ ജയിലിൽ പോകുന്നു.’ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപിച്ചു പിതാവ് പറഞ്ഞ വാക്കുകൾ മൂത്ത മകൻ പതിനഞ്ചുകാരൻ ശാരോണിന് ആദ്യം മനസ്സിലായില്ല ഞെട്ടിത്തരിച്ചു നിൽക്കവേ കൈയിൽ ഉണ്ടായിരുന്ന മെ‍ാബൈൽ ഫോൺ തറയിലേക്ക് എറിഞ്ഞ് ഷാജി ബൈക്ക് സ്റ്റാർട്ടാക്കി പോയതോടെ എഴുന്നേറ്റ ഷാരോൺ കാണുന്നത് വീട്ടു മുറ്റത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ ആണ്.

  ഷാജി
ഷാജി

സഹോദരൻ ശ്യാമിനെ ഉണർത്തി മാതാവിന് അരികിൽ എത്തിച്ച ശേഷം സമീപവീട്ടിൽ‌ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിൽ എത്തി വിവരം അറിയിച്ചു. കീഴടങ്ങാൻ സ്റ്റേഷനിലെത്തിയ ഷാജി പറഞ്ഞ വിവരത്തെ തുടർന്ന് ഇതിനിടെ പെ‍ാലീസും വീട്ടിൽ എത്തി. മെഡിക്കൽ കോളജ് വെന്റിലേറ്ററിലേക്ക് മാറ്റിയ മീന രാത്രി രണ്ട് മണിയോടെ മരിച്ചു. കെട്ടിട നിർമാണ തെ‍ാഴിലാളിയായ ഷാജിക്ക് ദിവസവും ജോലി ഉണ്ടെങ്കിലും വീട്ടിൽ പണം നൽകാറില്ല. തെ‍‌ാഴിലുറപ്പ് അടക്കമുള്ള തെ‍ാഴിലുകളിൽ നിന്ന് മീനയ്ക്കു ലഭിക്കുന്ന വരുമാനം കെ‍ാണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. 

ലഹരിയുടെ പിടിയിൽ  ഒരു കുടുംബം കൂടി

അമ്മയുടെ മരണം. അച്ഛൻ ജയിലിൽ, ശാരോണിന്റെയും, ശ്യാമിന്റെയും അനാഥത്വം വിരൽ ചൂണ്ടുന്നത് ലഹരിയുടെ ആഴങ്ങളിലേക്ക്. വർഷങ്ങൾക്ക് മുൻപ് വീട് നിർമാണത്തിന് പഞ്ചായത്തിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപയിൽ ഭൂരിഭാഗവും  ഭാര്യയെ വിരട്ടി ഷാജി മദ്യപിക്കാൻ പിടിച്ചുവാങ്ങിയതോടെ ആണ് വാതി‍ൽ പോലും വയ്ക്കാനാകാതെ വീടുപണി നിലച്ചത്. ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ച 47000 രൂപയിൽ നിന്നും ആയിരം രൂപ ഷാജി വാങ്ങി. കൂടുതൽ പണം ആവശ്യപ്പെട്ടാണ് കെ‍ാല നടന്ന ദിവസം രാത്രി വഴക്ക് ആരംഭിച്ചത്. 

മദ്യപിക്കാൻ പണം നൽകാത്തതിലുള്ള കലഹം മൂലം മുൻപ് മീനയുടെ കൈ തല്ലിയെ‍ാടിച്ചിരുന്നു. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയ മീനയെ  ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ആണ് തിരികെ കെ‍ാണ്ടു വന്നത്. ഇതിന് ശേഷം ഇസ്തിരിപ്പെട്ടി, ചട്ടുകം എന്നിവ ചൂടാക്കി പെ‍ാള്ളൽ ഏൽപിച്ചിട്ടുണ്ട്. മർദനം സഹിക്കവയ്യാതെ പെ‍ാലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഷാജിക്ക് പെ‍ാലീസ് താക്കീത് നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com