ആഴങ്ങളിലേക്ക് നീന്തിപ്പോകാനായില്ല, തീരത്ത് ചത്തടിഞ്ഞ് തിമിംഗല സ്രാവ്; കുടുങ്ങിയത് രണ്ടു തവണ

trivandrum-shark
ചെറിയതുറയിൽ കരയ്ക്കടിഞ്ഞ സ്രാവിന്റെ ജഡം
SHARE

തിരുവനന്തപുരം∙ രണ്ടാം തവണയും കമ്പവല കുരുക്കഴിച്ച് മീൻപിടുത്തക്കാർ മോചിപ്പിച്ച തിമിംഗല സ്രാവ് (വെള്ളുടുമ്പൻ സ്രാവ്) നീന്താൻ കഴിയാതെ തീരത്ത് ചത്തടിഞ്ഞു. ശനിയാഴ്ച കോവളത്തും ഞായറാഴ്ച ചെറിയ തുറയിലും കമ്പവലകളിൽ കുടുങ്ങിയ സ്രാവാണ് ചത്തത്. ചെറിയതുറയിൽ വല മുറിച്ച് കടലിലേക്ക് തള്ളിവിടാനുള്ള ശ്രമം പരാജയപ്പെട്ടു.

കരയ്ക്കെത്തിച്ച ശേഷം കടലിലേക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും സ്രാവിന് നീന്തി പോകാനായില്ല. തീരത്തടിഞ്ഞ് ഏറെനേരം കഴിഞ്ഞതോടെ സ്രാവ് ചത്തു. പാറക്കല്ലുകളിൽ തട്ടി തലയ്ക്കു പരുക്കേറ്റതു കാരണം നീന്തി പോകാനാകാതെ ശ്വാസം മുട്ടി മരിച്ചെന്നാണ് വിദഗ്ധ പരിശോധനയിലെ കണ്ടെത്തൽ.

പോസ്റ്റുമോർട്ടത്തിനു ശേഷം ജഡം തീരത്തു കുഴിച്ചിട്ടു. ജെസിബി ഉപയോഗിച്ചു സ്രാവിനെ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഒടുവിൽ മുപ്പതോളം മത്സ്യത്തൊഴിലാളികൾ ചേർന്നു വടം ഉപയോഗിച്ചാണ് കരയിലേക്ക് മാറ്റിയത്. തുടർന്നു വെറ്ററിനറി സർജൻമാരായ എ.കെ അഭിലാഷ്, ഡോ.സൈറ കുറുപ്പ് എന്നിവർ ചേർന്നു പോസ്റ്റുമോർട്ടം നടത്തിയ ശേഷം മുറിച്ചു കഷണങ്ങളാക്കി കുഴിച്ചിട്ടു.

തലയ്ക്കു പരുക്കേറ്റ സ്രാവിന് നീർക്കെട്ട് ഉണ്ടായിരുന്നു. ചെകിളകളിൽ മണ്ണ് അടിഞ്ഞതു ശ്വാസതടസ്സം ഉണ്ടാക്കി. കരയ്ക്കടിഞ്ഞതോടെ ബുദ്ധിമുട്ട് ഇരട്ടിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA