ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ലോക്ഡൗൺ ഡ്യൂട്ടി‍ ചെയ്യുന്ന പൊലീസ് സേനയിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. നിലവിൽ 1200 പേരാണു കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആയിരത്തോളം പേർ നിരീക്ഷണത്തിലും.അതോടെ പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് ആൾക്ഷാമമായി. ആകെ 25,000 പൊലീസുകാരെയാണു ലോക്ഡൗൺ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

കോവിഡ് മുന്നണിപ്പോരാളികളായ ഇവരുടെ സുരക്ഷയുടെ കാര്യം പരിഗണിക്കുന്നില്ലെന്ന പരാതി സേനയിൽ വ്യാപകമാണ്. കോവിഡിന്റെ ഒന്നാം വരവു മുതൽ വിശ്രമമില്ലാത്ത ഡ്യൂട്ടിയാണ് പൊലീസുകാർക്ക്. രണ്ടാം തരംഗത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ രാപകൽ റോഡിൽ ഡ്യൂട്ടി ചെയ്യുകയാണു പലരും. കോവിഡ് സ്ഥിരീകരിച്ചവരിൽ 940 പേരും സ്റ്റേഷൻ ഡ്യൂട്ടി‍യുള്ളവരാണ്. നിരീക്ഷണത്തിലും കോവിഡനന്തര ചികിത്സയിലുമുള്ളവരെക്കൂടി കണക്കാക്കുമ്പോൾ ആകെ രണ്ടായിരത്തിൽപരം പൊലീസുകാർ ജോലിക്കു വരാൻ കഴിയാത്ത സ്ഥിതിയാണ്. ബറ്റാലിയനുകളിൽ നിന്നു കൂടുതൽ പേരെ ലോക്ഡൗൺ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാനാകാതെ ജോലി ചെയ്യുന്നതിനാൽ രോഗവ്യാപനം ഇനിയും കൂടുമെന്ന ആശങ്ക പൊലീസുകാർ‍ക്കുണ്ട്. രോഗബാധിതരുമായി ഇടപഴകിയ‍വർക്കു ക്വാറന്റീൻ അനുവദിക്കുക, മാ‍സ്കും ‍ഫെയ്സ് ഷീൽഡും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പൊലീസ് അസോസിയേഷൻ ഡിജിപി‍ക്കു നിവേദനം നൽകി. ലോക്ഡൗൺ ഡ്യൂട്ടി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇന്നു മുതൽ ഷിഫ്റ്റ് 

ലോക്ഡൗൺ ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്നു മുതൽ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി ഡിജിപിയുടെ ഉത്തരവ്. പ്രാദേശിക സാഹചര്യങ്ങളും ആവശ്യകതയും കൂടി കണക്കിലെടുത്താണു ഷിഫ്റ്റ് സംവിധാനം നടപ്പാക്കുക. പൊലീസുകാർക്ക് സാനിറ്റൈസർ, മാസ്ക് എന്നിവ ആരോഗ്യ വകുപ്പിൽ നിന്ന് അനുവദിക്കും. ലോക്ഡൗൺ ഡ്യൂട്ടിയിലുള്ളവർ നിയോഗിച്ച സ്ഥലങ്ങളിൽ നേരിട്ട് എത്തണം, പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യരുത്. ഇവർക്കു കഴിവതും വീടിനടുത്തുള്ള സ്റ്റേഷനുകളിൽ ഡ്യൂട്ടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com