ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് അതിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടിയാണ് നർത്തകി മേതിൽ ദേവികയെ പിടികൂടിയത്. പക്ഷേ ശാരീരികമായ ബുദ്ധിമുട്ടുകൾക്കുമപ്പുറം കോവിഡിന്റെ യാതനാപൂർണമായ ഭാവം ഏകാന്തതയാണെന്നു ദേവിക പറയും. മനസ്സിൽ ഒരു നൃത്ത ശിൽപത്തിന്റെ വിത്തു പാകുന്നതായിരുന്നു ആ അനുഭവം. യുഗങ്ങൾ ഏകാന്തതയുടെ  ശാപം പേറിയ രാമായണത്തിലെ  അഹല്യയെ ആവിഷ്കരിക്കാൻ തീരുമാനിച്ച ദേവിക വാത്മീകിയുടെ ആദികാവ്യം തേടിപ്പിടിച്ച് വായിച്ചപ്പോൾ‌ തെളിഞ്ഞത് പറഞ്ഞു കേട്ട ആഖ്യാനമായിരുന്നില്ല.

യഥാർഥ അഹല്യ ചരിതത്തിന്റെ പുനർവായനയായി ദേവിക ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം –അഹല്യ– ഇന്ന് പുലർച്ചെ 5ന് ഓൺലൈനായി ലോകത്തിനു മുന്നിൽ അവതരിക്കപ്പെടും. കാനഡയിലെ വിഖ്യാതമായ സമ്പദ്രായ ഡാൻസ് ക്രിയേഷൻസ് ആദ്യമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ ഫെസ്റ്റിലാണു പ്രശസ്തരായ മറ്റു മൂന്ന് ഇന്ത്യൻ നർത്തകരുടെ സൃഷ്ടിക്കൊപ്പം ദേവികയുടെ അഹല്യയും റീലീസ് ചെയ്യുന്നത്. കലാപ്രകടനങ്ങൾക്കായുള്ള രാജ്യാന്തര വെബ്സൈറ്റായ shaale.comൽ രണ്ടു ദിവസം മാത്രമാണ് കാണാൻ അവസരം. രമ വൈദ്യനാഥൻ(ഭരതനാട്യം), അതിഥി മംഗൾദാസ്(കഥക്), ബിജയിനി സത്പതി(ഒഡീസി) എന്നിവരാണ് ഫെസ്റ്റിവലിലെ മറ്റു മൂന്നു പേർ. സമ്പ്രദായയുടെ രാജ്യാന്തര ഫെസ്റ്റിൽ ആദ്യമായാണ് മോഹിനിയാട്ടത്തിന് ഇടം ലഭിക്കുന്നത്.

‘അഹല്യ’ എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുക മാത്രമല്ല, അതിനായി സംഗീതം ഒരുക്കുകയും ഒരു ഭാഗം പാടുകയും ചെയ്തു ദേവിക. ‘‘ആധ്യാത്മ രാമായണത്തിലുൾപ്പടെ അഹല്യയുടെ ജീവിതം ഒരു പുരുഷ കോണിലൂടെയാണ് വ്യഖ്യാനിച്ചിട്ടുള്ളത്. അഹല്യയെ ഇന്ദ്രൻ ആൾമാറാട്ടത്തിലൂടെ പ്രാപിച്ചെന്നും ഇതറിഞ്ഞ ഭർത്താവ് ഗൗതമ മുനിയുടെ ശാപം മൂലം ശിലയായ് തീർന്ന അഹല്യക്ക് യുഗങ്ങൾക്കു ശേഷം ശ്രീരാമൻ പാദസ്പർശത്തിലൂടെ മോക്ഷം നൽകിയെന്നുമാണ് ഇതിലെല്ലാം പറയുന്നത്. എന്നാൽ വാത്മീകിയുടെ ആദികാവ്യത്തിൽ ശാപംമൂലം ശിലയായി എന്നു പറയുന്നില്ല; പത്മലീനം എന്നാണ് പ്രയോഗം.  വികാരങ്ങളെല്ലാം മരവിച്ച് കല്ലുപോലെയായി എന്നാവാം ശരിക്കുള്ള അർഥവ്യാഖ്യാനം.

ആ തിരിച്ചറിവിൽ നിന്നുള്ള പുനരാഖ്യാനമാണ് നൃത്തത്തിൽ. അവിടെ ഇന്ദ്രനെ ആളറിയാതെയല്ല, അറിഞ്ഞ് പ്രണയിക്കുകയാണ് അഹല്യ.  ഇത് എഴുതിത്തുടങ്ങിയ ശേഷമാണ് സമ്പ്രദായയിൽ നിന്ന് ഫെസ്റ്റിവലിനായി ബന്ധപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏകാന്തതയെ അടിസ്ഥാനപ്പെടുത്തിയ സൃഷ്ടികളാണ് അവരും ആവശ്യപ്പെട്ടത്.  യാദൃച്ഛികമായിരുന്നു അത്. അതോടെ നിർമാണം അവർക്ക് വേണ്ടിയായി. ഇതിനിടെ ജനുവരിയിൽ എനിക്കും കോവിഡ് പിടിപെട്ടു. എന്നാൽ മാർച്ചിൽ വിഡിയോ തയാറാക്കി കൊടുക്കേണ്ടതിനാൽ കോവിഡിന്റെ ക്വാറന്റീൻ സമയത്തും പാട്ട് ചിട്ടപ്പെടുത്തലടക്കം ചെയ്തു.

വാത്മീകി രാമായണത്തിലെ വരികൾ തന്നെയാണ് ഏറെ. ഒരു ഭാഗം സംസ്കൃതത്തിൽ ഞാൻ തന്നെ എഴുതി. അവസാനത്തെ അഹല്യ സ്തുതി അധ്യാത്മ രാമായത്തിൽ നിന്നാണ്. നൃത്തത്തിനായി പാട്ട് മുൻപും ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും പാടുന്നത് ആദ്യമായാണ്. വാദ്യോപകരണമായ മിഴാവ് മോഹിനിയാട്ടത്തിൽ ആദ്യമായി ഉപയോഗിച്ചു എന്ന പ്രത്യേകതയും ഉണ്ട്’‘- ദേവിക വ്യക്തമാക്കുന്നു. 30 മിനിട്ടുള്ള നൃത്തശിൽപം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫ്ലോറിൽ ഷൂട്ട് ചെയ്തത് പ്രമുഖ ഛായഗ്രഹകനായ മധു അമ്പാട്ടാണ്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട  ‘സർപതത്വ’ എന്ന ദേവികയുടെ മോഹിനിയാട്ട ഡോക്യുമെന്ററി കണ്ടാണ് സമ്പ്രദായയുടെ ക്ഷണമെത്തിയത്. കോവിഡ് വ്യാപനത്തിന്റെ ആരംഭകാലത്ത് മുത്തുസ്വാമി ദീക്ഷിതരുടെ കൃതിയെ ആസ്പദമാക്കി ദേവിക ചിട്ടപ്പെടുത്തിയ ബോധവൽക്കരണ നൃത്ത രൂപവും ഏറെ ശ്രദ്ധ നേടിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com